
റിയാദ്: തെരുവില്‍ പുളളിപ്പുലി. സ്വദേശി ബാലികയാണ് പുളളിപ്പുലിയുമായി തെരുവിലിറങ്ങിയത്. കഴുത്തില്‍ കയറിട്ട് വളര്‍ത്തു മൃഗങ്ങളെ കൊണ്ടുപോകുന്നതുപോലെ പുളളിപ്പുലിയുമായി കാറിലാണ് ബാലിക എത്തിയത്. പുലിയെ കാറില്‍ നിന്നു പുറത്തിറക്കി റോഡിലൂടെ നീങ്ങുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. റോഡിലിറങ്ങിയ പുലിയെ കയറില്‍ പിടിച്ചു വലിച്ച് നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
വീഡിയോ ശ്രദ്ധയില്‍പെട്ടതോടെ ചിലര്‍ ദേശീയ വന്യമൃഗ കേന്ദ്രത്തില്‍ പരാതി അറിയിച്ചു. നിയമ ലംഘനം ഗൗരവമായി പരിഗണിച്ചിട്ടുണ്ടെന്നും നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. സൗദിയില്‍ വന്യജീവികളെ വളര്‍ത്തുന്നതിന് അനുമതിയില്ല. സ്വന്തം ഉടമസ്ഥതയില്‍ സൂക്ഷിക്കുന്നതും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നതും നിയമ ലംഘനമാണ്. 10 വര്‍ഷം വരെ തടവും മൂന്ന് കോടി റിയാല്‍ വരെ പിഴയുമാണ് വന്യജീവി സംരക്ഷണ നിയമം ലംഘിക്കുന്നവര്‍ക്ക് ലഭിക്കാവു0ന്ന ശിക്ഷ. പിതാവിനൊപ്പമാണ് ബാലിക പുളളിപ്പുലിയുമായി റോഡിലിറങ്ങിയതെന്നാണ് വിവരം. പിതാവ് പകര്‍ത്തിയ ദൃശ്യങ്ങളാണ് നിയമ നടപടികളിലേക്ക് നയിച്ചത്.
അടുത്തിടെ റിയാദിലെ വിശ്രമ കേന്ദ്രത്തില്‍ വളര്‍ത്തിയിരുന്ന സിംഹത്തിന്റെ അക്രമണത്തില്‍ സ്വദേശി യുവാവ് കൊല്ലപ്പെട്ടിരുന്നു. വന്യജീവികളെ വളര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും രഹസ്യമായി മൃഗങ്ങളെ വളര്‍ത്തുന്ന വിവരം അറിയിക്കണമെന്നും ദേശീയ വന്യമൃഗ കേന്ദ്രം അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
