
റിയാദ്: പ്രകടന പത്രികയില്‍ പ്രവാസി ക്ഷേമം ഉറപ്പുവരുത്തണമെന്ന് പ്രവാസി ലീഗല്‍ സെല്‍. ഇതിന്റെ ഭാഗമായി പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തേണ്ട വിവിധ ആവശ്യങ്ങള്‍ ഉള്‍പ്പെട്ട നിവേദനം യുഡിഎഫ് പ്രകടന പത്രിക സമിതിയ്ക്ക് സമര്‍പ്പിച്ചു. മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് നിലവിലെ പെന്‍ഷന്‍ തുക പര്യാപ്തമല്ല. ഈ സാഹചര്യത്തിന്‍ പെന്‍ഷന്‍ അടിയന്തരമായി വര്‍ധിപ്പിക്കുകയും ജീവിത ചെലവിന്റെ അടിസ്ഥാനത്തില്‍ കാലാനുസൃതമായി പരിഷ്‌കരിക്കണമെന്നു നിവേദനം ആവശ്യപ്പെട്ടു. 60 വയസ്സ് കഴിഞ്ഞവര്‍ക്ക് ഒരുതവണ പണമടച്ച് പദ്ധതിയില്‍ ചേര്‍ന്നു പെന്‍ഷന്‍ ആനുകൂല്യം ലഭ്യമാക്കാനുള്ള സൗകര്യവും ഒരുക്കണം എന്നതാണ് മറ്റൊരു പ്രധാന ആവശ്യം.

ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് കുറഞ്ഞ ചെലവില്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കണം. എന്‍ഡിപിആര്‍ഇഎം വായ്പ പരിധി 30 ലക്ഷത്തില്‍ നിന്ന് 50 ലക്ഷമായി ഉയര്‍ത്തി സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കണം. മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി ‘റീഇന്റഗ്രേഷന്‍ മിഷന്‍’ രൂപീകരിച്ച് തൊഴില്‍ സൗകര്യവും നൈപുണ്യ അംഗീകാരവും ഉറപ്പാക്കണം. പരാതികള്‍ക്ക് സമയബന്ധിത പരിഹാരം ഉറപ്പാക്കാന്‍ പ്രവാസി ഒംബുഡ്‌സ്മാന്‍ സംവിധാനവും പരാതിപരിഹാര സംവിധാനവും വേണം.

നോര്‍ക്ക റൂട്ട്‌സിന്റെയും പ്രവാസി ക്ഷേമ പദ്ധതികളുടെയും വരുമാന പരിധി 1.5 ലക്ഷത്തില്‍ നിന്ന് കുറഞ്ഞത് 5 ലക്ഷമായി ഉയര്‍ത്തണം. പെന്‍ഷന്‍ വിതരണം നിശ്ചിത തീയതിയില്‍ വിതരണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ വിഹിതം വര്‍ധിപ്പിക്കണം. പ്രവാസി ഭവനങ്ങളും പ്രവാസി ആശുപത്രികളും എല്ലാ ജില്ലകളിലും പി.പി.പി മാതൃകയില്‍ സ്ഥാപിക്കുക, പ്രവാസി വികസന കോര്‍പറേഷന്‍ രൂപീകരിക്കുക, പ്രവാസി നിക്ഷേപങ്ങള്‍ക്കായി പ്രത്യേക സാമ്പത്തിക മേഖലകള്‍ സൃഷ്ടിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

യുഡിഎഫ് പ്രകടന പത്രിക സമിതി ചെയര്‍മാന്‍ ബെന്നി ബഹന്നാന്‍ എംപി, ജെബി മേത്തര്‍ എംപി എന്നിവര്‍ക്കാണ് നിവേദനം സമര്‍പ്പിച്ചത്. പ്രവാസി പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും ആവശ്യമെങ്കില്‍ പ്രവാസി ലീഗല്‍ സെല്ലുമായി കൂടുതല്‍ ചര്‍ച്ച നടത്തുമെന്നും യുഡിഎഫ് നേതൃത്വം അറിയിച്ചു. പ്രവാസി ലീഗല്‍ സെല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ആര്‍ മുരളീധരന്‍, വൈസ് പ്രസിഡന്റ് ജഹാംഗീര്‍, പ്രവര്‍ത്തക സമിതി അംഗങ്ങളായ ഷീബാ രാമചന്ദ്രന്‍, നിയാസ് പൂജപ്പുര എന്നിവര്‍ സന്നിഹിതരായിരുന്നു. എല്‍ഡിഎഫ് നേതൃത്വത്തിനും നിവേദനം സമര്‍പ്പിക്കുമെന്ന് പ്രവാസി ലീഗല്‍ സെല്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






