Sauditimesonline

pmf
പിഎംഎഫ് ഈദ് ആഘോഷവും കുടുംബ സംഗമവും

കൊവിഡ് കാലത്ത് കേരളത്തിലെത്തിയ പ്രവാസികള്‍ 15 ലക്ഷം; മടങ്ങിയത് 27 ലക്ഷമെന്ന് സര്‍ക്കാര്‍

ഒരു വര്‍ഷത്തിനിടെ കേരളത്തിലെത്തിയ വിദേശ മലയാളികളുടെ എണ്ണം 15 ലക്ഷമാണ്. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി കനത്ത തിരിച്ചടിയാണ് പ്രവാസി മലയാളികളില്‍ സൃഷ്ടിച്ചിട്ടുളളത്. വിമാന യാത്ര മുടങ്ങിയതോടെ പലര്‍ക്കും തൊഴിലിടങ്ങളിലേക്ക് മടങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഇന്ത-സൗദി നേരിട്ടു വിമാന സര്‍വീസ് നിശ്ചലമായിട്ട് 15 മാസത്തിലധികമായി. സൗദിയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയവരില്‍ 10 ശതമാനം പോലും ഇതുവരെ സൗദിയില്‍ മടങ്ങിയെത്തിയിട്ടില്ല.

ജിസിസി രാജ്യങ്ങളില്‍ 14 ദിവസം ക്വാറന്റൈന്‍ ചിലവഴിച്ച് സൗദിയിലെത്താന്‍ നേരത്തെ സൗകര്യം ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ നിലച്ചിരിക്കുകയാണ്. ഇന്ത്യയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് സൗദിയിലേക്ക് വരുന്നവര്‍ക്ക് സര്‍ട്ടിഫിക്കേറ്റിലെ അവ്യക്തത മൂലം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധവുമാണ്. രണ്ടുമാസത്തിലേറെയായി ഇതുസംബന്ധിച്ച മുറവിളി പ്രവാസികള്‍ ഉന്നയിക്കുന്നുണ്ട്. എന്തുകൊണ്ടെന്നാണെന്നറിയില്ല, ഭരണകൂടത്തിന്റെ നിസംഗത തുടരുകയീമാണ്.

ഇന്ത്യയില്‍ നിന്നു വരുന്നവര്‍ക്ക് വിതരണം ചെയ്യുന്ന കൊവിഡ് സര്‍ട്ടിഫിക്കേറ്റ് അംഗീകരിക്കാത്തത് സൗദി അറേബ്യ ഉള്‍പ്പെടെയുളള ഗള്‍ഫ് നാടുകളിലേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് ഇരുട്ടടിയായി മാറിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ആവര്‍ത്തിച്ച് പ്രവാസികള്‍ മുറവിളി കൂട്ടിയിട്ടും ഫലം കണ്ടിട്ടില്ല.

സൗദിയില്‍ തവക്കല്‍നാ ആപ്ലിക്കേഷനില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ലഭിക്കണമെങ്കില്‍ ആരോഗ്യമന്ത്രാലയത്തിന്റെ വെബ് പോര്‍ട്ടലില്‍ കൊവിഡ് സര്‍ട്ടിഫിക്കേറ്റ് അപ്‌ലോഡ് ചെയ്യണം. ഇന്ത്യയില്‍ നിന്നുളളവര്‍ അപ്‌ലോഡ് ചെയ്യുന്നുണ്ടെങ്കിലും അംഗീകരിക്കപ്പെടുന്നില്ല. മന്ത്രാലയം നിര്‍ദേശിച്ച മാര്‍ഗരേഖയിലെ ഉളളടക്കം പൂര്‍ണമായി ഉള്‍പ്പെടുത്താത്ത സര്‍ട്ടിഫിക്കേറ്റ് വിതരണമാണ് പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നത്. പ്രശ്‌നം പരിഹരിക്കുമെന്ന് കേരള മുഖ്യമന്ത്രി പ്രഖ്യാപനം നടത്തി. എന്നാല്‍ ഇതുവരെ പരിഹാരം ഉണ്ടായിട്ടില്ല. പ്രവാസികളുടെ കാര്യം എപ്പോഴും ഇങ്ങനെയൊക്കെ തന്നെയാണ്.

ഇതിനിടെയാണ്, കേരളത്തില്‍ കുടുങ്ങിയ പ്രവാസികളുടെ ദുരിതം. ഒന്നര വര്‍ഷത്തിനിടെ കേരളത്തില്‍ മടങ്ങിയെത്തിയത് 15 ലക്ഷം പ്രവാസികളാണെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം 18ന് സര്‍ക്കാര്‍ പുറത്തിറക്കിയ സ്ഥിതി വിവര കണക്കുകള്‍ പ്രകാരം 10 ലക്ഷം പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടവും സംഭവിച്ചിട്ടുണ്ട്.

2.90 ലക്ഷം പേര്‍ വിസ കാലാവധി കഴിഞ്ഞതിനാല്‍ തൊഴിലിടങ്ങളിലേക്ക് മടങ്ങാന്‍ കഴിഞ്ഞില്ല എന്നാണ് നോര്‍ക്കയുടെ കണക്ക്. യു.എ.ഇ, ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മടങ്ങിയെത്തിയവരില്‍ 96 ശതമാനവും. ഇതില്‍ യു.എ.ഇയില്‍ നിന്നു 8.67 ലക്ഷം മലയാളികളാണ് കേരളത്തിലെത്തിയത്. മറ്റു ലോക രാജ്യങ്ങളില്‍ നിന്നായി 55,960 പേര്‍ മാത്രമാണ് കേരളത്തിലെത്തിയത്. ബ്‌ളൂകോളര്‍ ജോലിചെയ്യുന്ന സാധാരണക്കാരാണ് ഗള്‍ഫ് രാജ്യങ്ങളിലുളള മലയാളികള്‍. അവരാണ് കേരളത്തിലെത്തിയവരില്‍ മഹാ ഭൂരിപക്ഷം എന്നര്‍ത്ഥം.

നാട്ടിലെത്തിയവര്‍ എത്രയെന്ന് സര്‍ക്കാരിനറിയാം. എന്നാല്‍ തൊഴിലിടങ്ങളിലേക്ക് മടങ്ങിയ പ്രവാസി മലയാളികള്‍ എത്രയെന്ന് സര്‍ക്കാരിനറിയില്ല. ഒന്നര വര്‍ഷത്തിനിടെ 27 ലക്ഷം പേര്‍ കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി വിദേശ രാജ്യങ്ങളിലേക്ക് പോയിട്ടുണ്ട്. കേരളത്തിലെത്തിയതിനേക്കാള്‍ മടങ്ങിയവരുടെ എണ്ണം കൂടിയത് ഒരു പക്ഷേ കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് കേരളത്തിലെത്തിയവരാകാം എന്നാണ് വിലയിരുത്തപ്പെടുന്നത്. ഏതായാലും 10 ലക്ഷത്തിലധിം പേര്‍ തൊഴില്‍ നഷ്ടപ്പെട്ട് കേരളത്തിലുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്.

തൊഴില്‍ നഷ്ടമായ 10.45 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ 1.70 ലക്ഷം പേര്‍ അടിയന്തര ധനസഹായത്തിന് അപേക്ഷ നല്‍കി. 5000 രൂപ ലഭിക്കാനാണ് ഇവര്‍ അപേക്ഷസമര്‍പ്പിച്ചത്. ഇതില്‍ 40,000 അപേക്ഷകര്‍ക്ക് ഇനിയും സഹായ വിതരണം പൂര്‍ത്തിയായിട്ടില്ല.

പ്രവാസികളുടെ തൊഴിലിടങ്ങളിലേക്കുളള മടക്കയാത്ര വൈകുന്നത് പ്രവാസി കുടുംബങ്ങളെ മാത്രമല്ല ബാധിക്കുന്നത്. കൂലിത്തൊഴിലാളി മുതല്‍ ഓട്ടോ ഡ്രൈവര്‍ വരെയുളള തൊഴിലാളികളുടെ അന്നം ഗള്‍ഫ് പ്രവാസി കേരളത്തിലേക്കയക്കുന്ന പണമാണ്. ഈ ബോധം സര്‍ക്കാരിനുണ്ടെങ്കില്‍ വികലമായ വാക്‌സിന്‍ സര്‍ട്ടിഫിക്കേറ്റ് വിതരണം ചെയ്ത് പ്രവാസികള്‍ക്ക് ദുരിതം സമ്മാനിക്കുമായിരുന്നില്ല. മാത്രമല്ല വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കെങ്കിലും തൊഴിലിടങ്ങളിലെത്താന്‍ യാത്രാ സൗകര്യം ഒരുക്കാനെങ്കിലും സര്‍ക്കാര്‍ ശ്രമം നടത്തുമായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top