നസ്‌റുദ്ദീന്‍ വി ജെ

റിയാദ്: കൂടുതല്‍ രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ വിമാന സര്‍വീസുകള്‍ സംബന്ധിച്ച് അവ്യക്തത തുടരുന്നു. നിലവില്‍ റിയാദില്‍ നിന്നു കേരളത്തിലേക്കു സര്‍വീസ് നടത്തുന്നത് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഫ്‌ളൈ നാസ്, ശ്രീലങ്കന്‍ എയര്‍വേസ്, സൗദി എയര്‍ലൈന്‍സ് എന്നീ അഞ്ച് വിമാന കമ്പനികളാണ്. ഇവര്‍ സര്‍വീസ് നിര്‍ത്തിവെച്ചതായി അറിയിച്ചിട്ടില്ല. സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ നിര്‍ദേശം ലഭിക്കുന്നതുവരെ സര്‍വീസ് നടത്തുമെന്നാണ് അറിയുന്നത്. പതിനൊന്ന് വിമാന കമ്പനികള്‍ റിയാദില്‍ നിന്നു മാത്രം കേരളത്തിലേക്ക് ആഴ്ചയില്‍ 152 സര്‍വീസുകള്‍ നടത്തിയിരുന്നു. അതു 30 സര്‍വീസുകളായി കുറഞ്ഞു.
അതേസമയം, സ്വദേശി പൗരന്‍മാര്‍ക്കും സൗദിയില്‍ ഇഖാമ ഉളളവര്‍ക്കും മടങ്ങി വരാന്‍ മൂന്നു ദിവസം സാവകാശം അനുവദിച്ചിട്ടുണ്ട്. സമയ പരിധി കഴിയുമ്പോള്‍ വിമാന സര്‍വീസുകള്‍ സംബന്ധിച്ച് സിവില്‍ ഏവിയേഷന്‍ അതോറിറ്റി സര്‍ക്കുലര്‍ പുറപ്പെടുവിക്കുമെന്നാണ് കരുതുന്നത്.
സൗദിയില്‍ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യ, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളിലുളള നിരവധിയാളുകള്‍ റീ എന്‍ട്രി വിസയില്‍ രാജ്യത്തിനു പുറത്തുണ്ട്. ഇവര്‍ക്ക് മടങ്ങി വരുന്നതിന് കാലാവധി നിശ്ചയിച്ചിട്ടില്ല. എന്നാല്‍ മൂന്നു ദിവസം കഴിഞ്ഞ് യാത്രാ വിലക്കുളള രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് ഉണ്ടാകുമോ എന്നകാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ എങ്ങനെ മടങ്ങി വരുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
അതിനിടെ, മൂന്നു ദിവസത്തെ സമയ പരിധി പ്രഖ്യാപനം വന്നതോടെ കേരളത്തില്‍ നിന്നു സൗദിയിലേക്കു വിമാന ടിക്കറ്റ് നേടാന്‍ റീ എന്‍ട്രിയിലുളളവര്‍ നെട്ടോട്ടത്തിലാണ്. കേരളത്തില്‍ സൗദിയില്‍ വിസയുളള റീ എന്‍ട്രിയില്‍ കഴിയുന്നവര്‍ എത്രയുണ്ടെന്ന് കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. 15,000 മുതല്‍ 25,000 വരെ റീ എന്‍ട്രിയിലുളളവര്‍ കേരളത്തില്‍ ഉണ്ടാകുമെന്നാണ് നിഗമനം. മാര്‍ച്ച് 15നകം റീ എന്‍ട്രി കാലാവധി തീരുന്നവരുടെ എണ്ണവും ലഭ്യമല്ല. എങ്കിലും അടുത്ത മൂന്നു ദിവസത്തിനിടെ വിസ കാലാവധി കഴിയുന്ന നാലായിരത്തിനും ആറായിരത്തിനും ഇടയില്‍ ആളുകള്‍ കേരളത്തിലുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. നിലവില്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന അഞ്ചു വിമാന കമ്പനികള്‍ക്ക് നിശ്ചിത ദിവസത്തിനകം ഇവരെ സൗദിയിലെത്തിക്കാന്‍ കഴിയില്ല. ഇതും പ്രവാസികളെ ആശങ്കപ്പെടുത്തുന്നുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






