
ദമാം: ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉറ്റവരുടെ സ്‌നേഹവും ബാക്കിയാക്കി അപ്രതീക്ഷിതമായി കുവൈത്തിലെ എന്‍.ബി.ടി.സി ക്യാമ്പിലെ അഗ്‌നിബാധയില്‍ മരിച്ചവര്‍ക്ക് ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഫുട്‌ബോള്‍ പ്രേമികളുടെ ആദരാഞ്ജലികള്‍. പ്രവാസ ലോകത്തെ കണ്ണീര്‍മഴയായെത്തിയ ദുരന്തത്തില്‍ തീനാളങ്ങള്‍ കവര്‍ന്നെടുത്ത മലയാളികളടക്കം നിരവധി പേരുടെ ജീവനുകള്‍ക്ക് പ്രാര്‍ത്ഥനാ പ്രണാമങ്ങളര്‍പ്പിച്ചു ഡിഫ സൂപ്പര്‍ കപ്പ് മത്സരങ്ങള്‍ നടക്കുന്ന ദമ്മാമിലെ അല്‍ യമാമ യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ നൂറുകണക്കിന് ഫുട്‌ബോള്‍ പ്രേമികള്‍ അനുശോചനത്തില്‍ പങ്കാളികളായി.

ദുരന്തത്തില്‍ പൊലിഞ്ഞ് പോയവരുടെ സ്വപ്നങ്ങളും എരിഞ്ഞൊടുങ്ങിയ മോഹങ്ങളുമൊക്കെ പ്രവാസ ലോകത്തിന്റെ തീരാനഷ്ടങ്ങളാണെന്ന് ചടങ്ങ് ഒരേ സ്വരത്തില്‍ പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു. വിഷമതകള്‍ അനുഭവിക്കുന്ന ഉറ്റവരെ നഷ്ടപ്പെട്ട കുടുംബാംഗങ്ങള്‍ക്ക് തളര്‍ന്നുപോകാതെ ദൈവം ശക്തി നല്‍കട്ടെ എന്ന് ഏവരും ഒരു നിമിഷം മൗനമാചരിച്ച് പ്രാര്‍ത്ഥനയില്‍ മുഴുകി.

ടൂര്‍ണമെന്റ് കമ്മറ്റി ചെയര്‍മാന്‍ മുജീബ് കളത്തില്‍, കണ്‍വീനര്‍ റഫീഖ് കൂട്ടിലങ്ങാടി, രക്ഷാധികാരികളായ വില്‍ഫ്രഡ് ആന്‍ഡ്രൂസ്, സക്കീര്‍ വള്ളക്കടവ്, ആക്ടിങ്ങ് പ്രസിഡണ്ട് ഷഫീര്‍ മണലോടി, , ആക്ടിങ്ങ് ജന:സെക്രട്ടറി ആസിഫ് കൊണ്ടോട്ടി, ട്രഷറര്‍ ജുനൈദ് നീലേശ്വരം, മീഡിയാ കണ്‍വീനര്‍ സഹീര്‍ മജ്ദാല്‍, ലിയാഖത്തലി കാരങ്ങാടന്‍, റിയാസ് പറളി, റഷീദ് ചേന്ദമംഗല്ലൂര്‍, ഫസല്‍ ജിഫ്രി, ആശി നെല്ലിക്കുന്ന്, അന്‍ഷാദ്, ഫവാസ് കലിക്കറ്റ് തുടങ്ങിയവര്‍ സംബന്ധിച്ചു.






