
റിയാദ്: ചരിത്ര ജയം നേടിയ സൗദി ടീമിന് അഭിനന്ദന പ്രവാഹം. നിശ്ചയദാര്‍ഢ്യത്തോടെ പൊരുതിയ ടീം രാജ്യത്തിന് അഭിമാനമാണെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു. റിയാദിലെ കൊട്ടാരത്തില്‍ ടെലിവിഷനിലാണ് കിരീടാവകാശി സൗദി-അര്‍ജന്റീന പോരാട്ടം വീക്ഷിച്ചത്. കളി തുടങ്ങി അവസാന നിമിഷം വരെ ആകാംഷയോടെ കളികണ്ട കിരീടാവകാശി സൗദി വിജയിച്ചതോടെ സ്രാഷ്ടാംഗം ചെയ്ത് ദൈവത്തോട് നന്ദി പറഞ്ഞു.

ഫൈനല്‍ മത്സരത്തിന് ദിവസങ്ങള്‍ ബാക്കിയുണ്ടെങ്കിലും ലോക കപ്പ് നേടിയ ആവേശത്തോടെയാണ് സൗദിയിലെ ഫുട്‌ബോള്‍ പ്രേമികള്‍ തെരുവിലിറങ്ങിയത്. ചരിത്ര വിജയം ആഘോഷമാക്കാന്‍ നാളെ പൊതു അവധിയും പ്രഖ്യാപിച്ചു.
സൗദി കായിക മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസലിന്റെ നേതൃത്വത്തിലുളള സംഘം ഖത്തറിലെ ലുസൈല്‍ സ്‌റ്റേഡിയത്തില്‍ ഹര്‍ഷാരവത്തോടെയാണ് സൗദി ടീമിന്റെ വിജയം എതിരേറ്റത്.
ഫുട്‌ബോള്‍ മത്സരം പ്രമാണിച്ച് ഇന്ന് ഉച്ചമുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വന്‍കിട പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിരുന്നു. ബിഗ് സ്‌ക്രീനുകളില്‍ ആയിരക്കണക്കിന് ആളുകളാണ് രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ കളികാണാന്‍ ഒത്തുകൂടിയത്. അര്‍ജന്റീനക്കെതിരെ അട്ടിമറി വിജയം നേടിയതോടെ സ്ത്രീകള്‍ ഉള്‍പ്പെടെയുളളവര്‍ ആഹ്‌ളാദ പ്രകടനവുമായി തെരുവിലിറങ്ങി. സര്‍ക്കാര്‍, സ്വകാര്യ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ നാളെ പൊതു അവധി പ്രഖ്യാപിച്ചു. ഫുട്‌ബോള്‍ ക്ലബുകള്‍ കേന്ദ്രീകരിച്ച് വിപുലമായ ആഘോഷ പരിപാടികളും അരങ്ങേറും. അതിനിടെ സൗദി ടീം വിജയിച്ചതില്‍ ആഹ്‌ളാദം പങ്കുവെച്ച് പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റുകളും റസ്റ്ററന്റ് ശൃംഖലകളും വിവിധ ഓഫറുകളും വിലക്കിഴിവും പ്രഖ്യാപിച്ചു്
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
