Sauditimesonline

MAKKAH RAIN
മക്കയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ

സൗദിയിലെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ കനത്ത മഴ; വരും ദിവസങ്ങളിലും മഴ തുടരും

റിയാദ്: കടുത്ത വേനലിന് സൗദി അറേബ്യയില്‍ ആശ്വാസ മഴ. കഴിഞ്ഞ ദിവസം രാത്രി പടിഞ്ഞാറന്‍ പ്രവിശ്യയില്‍ വ്യാപക മഴ പെയ്തു. ശക്തമായ കാറ്റും ഇടിയോടുകൂടിയ മഴയാണ് അനുഭവപ്പെട്ടത്. ജിദ്ദ നഗരത്തിലെ എല്ലാ പ്രദേശങ്ങളിലും മഴ ലഭിച്ചു. മഴ കനത്തതോടെ റോഡുകളില്‍ വെള്ളം നിറഞ്ഞ് പലയിടങ്ങളിലും ഗതാഗതം താറുമാറയി. ഫലസ്തീന്‍ റോഡും പ്രിന്‍സ് മാജിദ് റോഡും സന്ധിക്കുന്ന അണ്ടര്‍ പാസേജില്‍ വെള്ളം നിറഞ്ഞതോടെ അടച്ചിട്ടു.

മറ്റ് പല റോഡുകളിലും വെള്ളം കയറിയതിനെത്തുടര്‍ന്ന് വാഹനങ്ങള്‍ തിരിച്ചുവിട്ടു. രാത്രി എട്ടോടെ അപ്രതീക്ഷിതമായെത്തിയ മഴയില്‍ നിരവധി പേര്‍ റോഡുകളില്‍ കുടുങ്ങി മണിക്കൂറുകള്‍ കഴിഞ്ഞാണ് ആളുകള്‍ തങ്ങളുടെ താമസസ്ഥലങ്ങളില്‍ എത്തിയത്. ഇടിമിന്നലിെന്റ പിണറുകള്‍ വലിയ പ്രകാശത്തോടെ ഭൂമിയില്‍ പതിക്കുന്നത് കാണാനും മഴ ആസ്വദിക്കാനുമായി നിരവധി സ്വദേശി കുടുംബങ്ങള്‍ റോഡുകളിലും മറ്റുമായി ഇറങ്ങിനിന്നിരുന്നു.

മക്കയിലും അതിശക്തമായ മഴയാണ് തിങ്കളാഴ്ച പെയ്തത്. ശക്തമായ മഴ വകവെക്കാതെ ഹറമില്‍ വിശ്വാസികള്‍ ഉംറ നിര്‍വഹിക്കുന്നതും നമസ്‌കരിക്കുന്നതുമായ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മക്കയിലെ ചില പ്രദേശങ്ങളില്‍ ഇടിയും ആലിപ്പഴവര്‍ഷവും ഉണ്ടായി.

ചിലയിടങ്ങളില്‍ മലവെള്ളപ്പാച്ചിലുമുണ്ടായി. ഖുന്‍ഫുദക്കടുത്തുള്ള ചില പ്രദേശങ്ങളില്‍ മഴ കാരണം വൈദ്യുതി വിതരണം തടസ്സപ്പെട്ടിരുന്നു. ജിദ്ദ, മക്ക, ബഹ്‌റ, അല്‍ കാമില്‍, ജുമൂം, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു. റോഡുകളിലെ വെള്ളക്കെട്ടുകള്‍ കാരണം വിവിധ കമ്പനികളില്‍ എത്തേണ്ട ജോലിക്കാര്‍ താമസിച്ചാണ് ജോലിക്ക് ഹാജരായത്. സൗദിയുടെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ ചില പ്രദേശങ്ങളില്‍ വരും ദിവസങ്ങളിലും മഴ മുന്നറിയിപ്പുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top