Sauditimesonline

raheem and mother
റഹീമിന്റെ മോചനം വൈകും: ജാമ്യാപേക്ഷ തളളി; പത്താം തവണയും കേസ് മാറ്റി

റഹീം മോചനത്തിന് പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് കോടതിയലെത്തണം; വിധിപ്പകര്‍പ്പ് പുറത്തുവിടുന്നത് ചട്ട ലംഘനം: സിദ്ദീഖ് തുവ്വൂര്‍

റിയാദ്: കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കിയ റിയാദ് ക്രിമിനല്‍ കോടതി ഉത്തരവ് അന്തിമ നടപടികള്‍ക്കായി പ്രോസിക്യൂഷന്‍ അടുത്ത ആഴ്ച കോടതിയ്ക്കു കൈമാറും. നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ പലതവണ പപബ്‌ളിക് പ്രോസിക്യൂഷന്‍ ഓഫീസില്‍ സന്ദര്‍ശനം നടത്തിയതായി റഹീമിന്റെ കുടുംബം ചുമതലപ്പെടുത്തിയ പവര്‍ ഓഫ് അറ്റോര്‍ണി സിദ്ദീഖ് തുവ്വൂര്‍ പറഞ്ഞു.

വന്‍തുക ദിയാ ധനം നല്‍കി മാപ്പ് നേടിയ കേസ് എന്ന നിലയിലും 18 വര്‍ഷമായി തടവില്‍ കഴിയുന്ന ആളെന്ന നിലയിലും പ്രോസിക്യൂഷന്‍ ഉദ്യോഗസ്ഥര്‍ അനുകമ്പയോടെയാണ് സമീപിക്കുന്നത്. അതേസമയം, വധശിക്ഷ റദ്ദാക്കിയ കോടതി ഉത്തരവിന്റെ പകര്‍പ്പ് പുറത്തുവിടുന്നതിന് തടസ്സമുണ്ട്. വാദിഭാഗം ഉന്നയിച്ച വിശദമായ മൊഴികളും അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിലെ കണ്ടെത്തലും വിധിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മാത്രമല്ല മരിച്ച സൗദി ബാലന്റെ കുടുംബാംഗങ്ങളുടെ നാഷണല്‍ ഐഡി ഉള്‍പ്പെടെ വ്യക്തി വിവരങ്ങളും ഉത്തരവിന്റെ ഭാഗമാണ്.

വാദി, പ്രതി എന്നിവരുടെ സ്വകാര്യത സംരക്ഷിക്കണമെന്ന് സൗദി നീതിന്യായ മന്ത്രാലത്തിന്റെ അഭിഭാഷകരുടെ പെരുമാറ്റ ചട്ടം വ്യക്തമാക്കുന്നുണ്ട്. ചാപ്റ്റര്‍ 3 ചട്ടം 21-ല്‍ രഹസ്യസ്വഭാവം ലംഘിക്കരുതെന്ന് വ്യക്തമാക്കുന്നു. ചാപ്റ്റര്‍ ആറില്‍ ചട്ടം 7-ല്‍ മാധ്യമങ്ങളുമായി ഇടപെടല്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. എട്ട് ചട്ടങ്ങളിലായി സാമൂഹിക മാധ്യമങ്ങള്‍, ബ്രോഡ്കാസ്റ്റിംഗ് ഉള്‍പ്പെടെ കേസിന്റെ സ്വകാര്യത സംരക്ഷിക്കേണ്ടത് വിശദീകരിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കോടതി ഉത്തരവിന്റെ പകര്‍പ്പ് ഉത്തരവാദപ്പെട്ടവര്‍ക്ക് മാത്രമേ ലഭ്യമാക്കാന്‍ കഴിയൂ എന്ന് സിദ്ദീഖ് തുവ്വൂര്‍ പറഞ്ഞു.

ദിയാ ധനം സ്വീകരിച്ച് മാപ്പ് നല്‍കാമെന്ന് മരിച്ച ബാലന്റെ കുടുംബം നേരത്തെ റിയാദ് ഗവര്‍ണറേറ്റിന് കീഴിലുളള അനുരജ്ഞന സമിതിയെ അറിയിച്ചിരുന്നു. ഇതു കോടതിയെ അറിയിച്ചതിനെ തുര്‍ന്നാണ് വധശിക്ഷ റദ്ദാക്കിയത്. പ്രസ്തുത ഉത്തരവ് ഗവര്‍ണറേറ്റ് വഴി ആഗസ്ത് 15ന് പബഌക് പ്രോസിക്യൂഷന് കൈമാറി. പ്രൈവറ്റ് റൈറ്റ് പ്രകാരമുളള വധിശിക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ പബഌക് റൈറ്റ് പ്രകാരമുളള ശിക്ഷ ഒഴിവാക്കി മോചനം സാധ്യമാക്കുന്നതിന് പ്രോസിക്യൂഷന്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അതിനുളള നടപടിക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി കോടതിയിലെത്തിയ്ക്കാനാണ് സിദ്ദീഖ് തുവ്വൂര്‍ ശ്രമിക്കുന്നത്.

റഹീമിന്റെ മോചനത്തിന് ഒന്നരകോടി റിയാലാണ് ദിയാധനമായി റഹിം നിയമ സഹായ സമിതി കൈമാറിയത്. നിയമസഹായ സമിതി ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ച തുക വിദേശകാര്യമന്ത്രാലയം വഴി റിയാദിലെ ഇന്ത്യന്‍ എംബസിക്ക് കൈമാറി. എംബസിയാണ് ജൂണ്‍ രണ്ടന് റിയാദ് ഗവര്‍ണററ്റ് വഴി തുക കോടതിയില്‍ കെട്ടിവച്ചു. പ്രസ്തുത തുകയുടെ ചെക്ക് മരിച്ച അനസിന്റെ പവര്‍ ഓഫ് അറ്റോര്‍ണിക്ക് കോടതി നേരത്തെ കൈമാറിയിരുന്നു. തുടര്‍ന്നാണ് വധശിക്ഷ റദ്ദാക്കിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി റഹീമിന്റെ മോചനം എത്രയും വേഗം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് റിയാദിലെ പ്രവാസി സമൂഹം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top