
റിയാദ്: പ്രവാസി വെല്‍ഫെയര്‍ റിയാദിനു കീഴില്‍ കരിയര്‍ സ്‌ക്വയര്‍ വിങ് പ്രവര്‍ത്തനമാരംഭിച്ചു. പ്രവാസി മലയാളികളുടെ കരിയര്‍ സംബന്ധമായ വികാസത്തിനാവശ്യമായ പരിപാടികള്‍ സംഘടിപ്പിക്കുക, ജോലി വിവരങ്ങള്‍ പരസ്പരം അറിയിക്കുന്നതിന് സംവിധാനങ്ങള്‍ ഒരുക്കുക, ശാരീരിക മാനസിക ആരോഗ്യത്തിനായുള്ള ബോധവത്കരണങ്ങള്‍ നടത്തുക, സാമ്പത്തിക അച്ചടക്കവും നിക്ഷേപ സംസ്‌കാരവും വളര്‍ത്തുക, ജോലിയോടൊപ്പം പഠന തുടര്‍ച്ചയും ജോലിയിലെ ഉയര്‍ച്ചക്കും വൈദഗ്ധ്യം വര്‍ധിപ്പിക്കന്നതിനും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് കരിയര്‍ സ്‌ക്വയര്‍ വിങ് നിലവില്‍ വന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി ‘മാസ്റ്റര്‍ യുവര്‍ കരിയര്‍ ഗ്രോത്: ടൂള്‍സ്, ടിപ്‌സ് ആന്റ് സ്ട്രാറ്റജീസ്’ എന്ന വിഷയത്തില്‍ ശില്പശാല സംഘടിപ്പിച്ചു. ഇന്‍ന്റര്‍നാഷണല്‍ ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍ റിയാദ് മുന്‍ ചെയര്‍മാന്‍ നവാസ് റഷീദ് നേതൃത്വം നല്‍കി. കരിയര്‍ സ്‌ക്വയര്‍ വിങ്ങിന്റെ ലോഗോ പ്രവാസി വെല്‍ഫെയര്‍ സെന്‍ട്രല്‍ പ്രൊവിന്‍സ് പ്രസിഡന്റ് ഖലീല്‍ പാലോട്, ജനറല്‍ സെക്രട്ടറി ബാരിഷ് ചെമ്പകശ്ശേരി, കരിയര്‍ സ്‌ക്വയര്‍ കോര്‍കമ്മിറ്റി അംഗങ്ങളായ ആദില്‍ മൊയ്ദീന്‍കുട്ടി, ഫാദില്‍ മൊയ്ദീന്‍കുട്ടി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ഫജ്‌ന കോട്ടപ്പറമ്പില്‍, റന്‍സില ഷറഫിന്‍, ജമാല്‍, അഹ്ഫാന്‍, അഷ്‌റഫ് ബിനു, എം പി ഷഹ്ദാന്‍, അസ്‌ലം കെ കെ എന്നിവര്‍ നേതൃത്വം നല്‍കി.






