അഭിമുഖം | ഷഹനാസ് അബ്ദുല്‍ ജലീല്‍ <O> നസ്‌റുദ്ദീന്‍ വി ജെ
ഗള്‍ഫ് നാടുകളിലെ ഏറ്റവും വലിയ വിദ്യാലയങ്ങളിലൊന്നായ റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിനെ കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറുകളുടെ രൂപകല്‍പ്പനയില്‍ പ്രതിഭ തെളിയിച്ച ഷഹനാസ് അബ്ദുല്‍ ജലീല്‍ നയിക്കും. സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ പ്രവാസികള്‍ക്കിടയിലെ നേതൃസ്ഥാനം പകര്‍ന്ന അനുഭവ സമ്പത്തുമായാണ് റിയാദ് ഇന്ത്യന്‍ സ്‌കൂളിന്റെ പ്രഥമ വനിതാ ചെയര്‍പേഴ്‌സന്‍ സ്ഥാനം ഏറ്റെടുക്കുന്നത്. സ്‌കൂളിന്റെ ഭാവി, അക്കാദമിക് രംഗത്തെ മികവ്, പരിഷ്‌കാരങ്ങള്‍, പ്രതീക്ഷകള്‍ എന്നിവയെല്ലാം സൗദിടൈംസുമായി പങ്കുവെച്ചു. അതിലെ പ്രസക്ത ഭാഗങ്ങള്‍.
മാനേജിംഗ് കമ്മറ്റിയിലേയ്ക്കുളള തെരഞ്ഞെടുപ്പ് എങ്ങനെയായിരുന്നു?
2023 മാര്‍ച്ചിലാണ് മാനേജിംഗ് കമ്മറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ചത്. വിദേശകാര്യ മന്ത്രാലയം, ഇന്ത്യയിലെ സൗദി എംബസി എന്നിവ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കേറ്റ്, ചേംബര്‍ ഓഫ് കോമേഴ്‌സ് അറ്റസ്റ്റ് ചെയ്ത തൊഴിലുടമയുടെ എന്‍ഒസി, സാലറി സര്‍ട്ടിഫിക്കേറ്റ്, സിവി, ഇഖാമ, പാസ്‌പോര്‍ട്ട് കോപ്പികള്‍ എന്നിവ സഹിതം അപേക്ഷ സമര്‍പ്പിക്കണം എന്നായിരുന്നു നിര്‍ദേശം.
എംബസിയുടെ സ്‌കൂള്‍ നിരീക്ഷകന്‍, ഹയര്‍ബോര്‍ഡ് അംഗങ്ങള്‍ എന്നിവരടങ്ങിയ സംഘം നടത്തിയ അഭിമുഖത്തിലാണ് അംഗങ്ങളെ തെരഞ്ഞെടുത്തത്. ഇതിന്പുറമെ യോഗ്യത, ജോലി എന്നിവ ഉള്‍പ്പെടെ മുഴുവന്‍ കാര്യങ്ങളും സൂക്ഷ്മമായി വിലയിരുത്തിയാണ് തെരഞ്ഞെടുപ്പ് നടപടിക്രമം പൂര്‍ത്തിയാക്കിയത്.
മാനേജിംഗ് കമ്മറ്റി അംഗമാകാന്‍ അപേക്ഷ സമര്‍പ്പിക്കാനുളള പ്രചോദനം?
മക്കള്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലാണ് പഠിക്കുന്നത്. ഇടക്കാലത്ത് പഠന നിലവാരം ഉള്‍പ്പെടെ പലകാര്യങ്ങളിലും പിന്നോട്ട് പോകുന്നതായി തോന്നി. മാത്രമല്ല സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്ന ആളെന്ന നിലയില്‍ പല പരാതികളും ഉയര്‍ന്നുവരുന്നത് ശ്രദ്ധയില്‍പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഇത്തരം അവസരം കൈവന്നപ്പോള്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് തോന്നി. പങ്കാളിയും സഹപ്രവര്‍ത്തകരും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
അക്കാദമിക് രംഗത്ത് എന്തൊക്കെ മാറ്റം കൊണ്ടുവരാനാണ് ആലോചന?
ഏറ്റവും മികച്ച അധ്യാപകരാണ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലുളളത്. പൂര്‍ണമായും യോഗ്യത നേടിയവരും പരിചയ സമ്പന്നരുമാണ് അധ്യാപകര്‍. അതുകൊണ്ടുതന്നെ അക്കാദമിക് രംഗത്തെ മാറ്റത്തിന് വലിയ അധ്വാനം ആവശ്യമായി വരില്ല. വ്യക്തിത്വ വികസനവും മൂല്യാധിഷ്ടിത വിദ്യാഭ്യാസവും നല്‍കി ധാര്‍മിക ബോധമുളള പുതുതലമുറയെ സൃഷ്ടിക്കാന്‍ കഴിയും. നിലവിലുളളതിനേക്കാള്‍ മികച്ച പരിഷ്‌കാരമോ പദ്ധതികളോ ആവശ്യമെങ്കില്‍ സഹപ്രവര്‍ത്തകരായ മാനേജിംഗ് കമ്മറ്റി അംഗങ്ങളുമായി കൂടിയാലോചിച്ച് ആവശ്യമായ നടപടി സ്വീകരിക്കും.
മാനേജിംഗ് കമ്മറ്റി അംഗങ്ങളില്‍ ആറില്‍ നാലും വനിതകളാണല്ലോ?
ഇത്തവണ കൂടുതല്‍ വനിതകള്‍ അപേക്ഷകരായി ഉണ്ടായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. നേരത്തെ ജോലിയുളള വനിതകള്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത ഉണ്ടായിരുന്നത്. എന്നാല്‍ നിശ്ചിത യോഗ്യതയുളള വീട്ടമ്മമാര്‍ക്കും അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം നല്‍കിയിരുന്നു. അതുകൊണ്ടാകണം കൂടുതല്‍ അപേക്ഷകര്‍ വന്നത്. തെരഞ്ഞെടുത്ത വനിതകളില്‍ സാജിദ ഹുസ്‌ന, സുമയ്യ എസ് എന്നിവര്‍ ഡോക്ടര്‍മാരാണ്. വിവിധ മേഖലകളില്‍ പരിചയവും പ്രതിഭയുമുളളവരാണ് മാനേജിംഗ് കമ്മറ്റിയിലുളളത്. ഏറെ പരിചയ സമ്പത്തുളള സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീരാ റഹ്മാന്‍, എംബസി ഒബ്‌സര്‍വര്‍, ഹയര്‍ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങി എല്ലാവരുടെയും സംഭാവന ഉണ്ടാകും. അതുകൊണ്ടു മാനേജിംഗ് കമ്മറ്റിയ്ക്ക് വനിതകളെന്ന പരിമിതികളൊന്നും ഉണ്ടാവില്ല. മികച്ച നിലയില്‍തന്നെ നയിക്കാന്‍ കഴിയുമെന്നുന്നാണ് പ്രതീക്ഷിക്കുന്നത്.
യാത്ര സംബന്ധിച്ച് നിരവധി പരാതികളുണ്ടല്ലോ?
ഒരുപാട് രക്ഷിതാക്കളില്‍ നിന്ന് കേട്ടിട്ടുളള വിഷയമാണ് വിദ്യാര്‍ഥികളുടെ യാത്രാ പ്രശ്‌നം. കൊടും വേനലിലും എയര്‍ കണ്ടീഷനില്ലാത്ത വാഹനങ്ങളില്‍ കുട്ടികളെ കൊണ്ടുപോകുന്നു എന്ന പരാതിയുണ്ട്. അലഷ്യമായ ഡ്രൈവിംഗ്, അമിത വേഗം ഇതെല്ലാം ധാരാളം കേട്ടിട്ടുണ്ട്. യാഥാര്‍ത്യം പഠിക്കുകയും മനസ്സിലാക്കുകയും വേണം. നേരത്തെ സാപ്ത്‌കോ വിദ്യാര്‍ഥികളുടെ യാത്ര ഏറ്റെടുത്തിരുന്ന വേളയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ കുറവായിരുന്നു എന്നും കേട്ടിട്ടുണ്ട്. മുന്‍വിധിയോടെ ഒന്നും പറയാന്‍ കഴിയില്ല. തീര്‍ച്ചയായും പരാതികള്‍ മാനേജിംഗ് കമ്മറ്റി സമഗ്രമായി വിലയിരുത്തുകയും പഠിക്കുകയും പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരിഹരിക്കുകയും ചെയ്യും.
ഭാവി പരിപാടികള്‍?
ഭാവി പരിപാടികളൊന്നും തീരുമാനിച്ചിട്ടില്ല. മാനേജിംഗ് കമ്മറ്റി ചുമതല ഏറ്റെടുത്തതിന് ശേഷം അധ്യാപകര്‍, അനധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങി എല്ലാവരെയും പരമാവധി കാണാനും കേള്‍ക്കാനും ശ്രമിക്കും. ധൃതിപിടിച്ച് എന്തെങ്കിലും ചെയ്യുക എന്നതല്ല ലക്ഷ്യം. മൂന്നു വര്‍ഷമാണ് ഭരണ സമിതിയുടെ കാലാവധി. എങ്കില്‍കൂടി വിദ്യാര്‍ഥികളുടെ പഠന നിലവാരവും സര്‍ഗ ശേഷിയും പ്രോത്സാഹിപ്പിക്കുക എന്നതാകും പ്രഥമ പരിഗണന. 42 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുളള വലിയ സ്ഥാപനമാണ്. ഒരുപാട് പൂര്‍വ്വ വിദ്യാര്‍ഥികള്‍ ലോകത്തിന്റെ പലകോണുകളിലും ഉയര്‍ന്ന പദവി വഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സ്‌കൂളിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ കഴിയുന്ന പരിപാടികളാകും നടപ്പിലാക്കുക.
വിദ്യാഭ്യാസം, ഔദ്യോഗിക ജീവിതം?
മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയില്‍ നിന്ന് 2010-ല്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിടെക് ബിരുദം നേടി. വിപ്രോ, ടിസിഎസ് എന്നിവിടങ്ങളില്‍ സേവനം. എട്ടുവര്‍ഷത്തിലധികമായി സൗദിയില്‍ പ്രവാസിയാണ്. ആറു വര്‍ഷത്തിലധികമായി മെഷീന്‍സ്‌ടോക് ഐഒടി സൊലൂഷന്‍സ് കമ്പനിയില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സപ്പോര്‍ട്ട് ടീമില്‍ ലീഡ് എഞ്ചിനീയറാണ്.
സാമൂഹിക പ്രവര്‍ത്തനം?
പ്രവാസികള്‍ക്കിടയിലെ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, മത പ്രബോധന പ്രവര്‍ത്തനങ്ങളില്‍ വിവിധ കൂട്ടായ്മകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ദുരിതമനുഭവിക്കുന്ന പ്രവാസികളെ സഹായിക്കാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ജോലി കഴിഞ്ഞുളള സമയം ചെലവഴിക്കാനാണ് കൂടുതല്‍ ഇഷ്ടം. പുതുതായി ലഭിച്ച വലിയ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റാന്‍ റിയാദിലെ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ സഹായിക്കും എന്നാണ് കരുതുന്നത്. വിദ്യാര്‍ഥികളുടെ കഴിവുകളെ പരിപോഷിപ്പിക്കാനും അധ്യാപക-അനധ്യാപക ജീവനക്കാരുടെ ക്ഷേമത്തിനും കൂടുതല്‍ സമയം ചെലവഴിക്കും. അതുകൊണ്ടുതന്നെ ഇനിയുളള പ്രവര്‍ത്തനങ്ങള്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ കേന്ദ്രീകരിച്ചാകും.
കുടുംബം, കുട്ടികള്‍?
എറണാകുളം വടക്കന്‍ പറവൂര്‍ കൈതാരം കോട്ടുവളളി തലക്കാട്ട് ഹൗസില്‍ അബ്ദുല്‍ ജലീല്‍-റസിയ ദമ്പതികളുടെ മകളാണ്. മെഷീന്‍സ്‌ടോക് കമ്പനിയില്‍ സോഫ്ട്‌വെയര്‍ എഞ്ചിനീയറായ ആലപ്പുഴ ആരൂക്കുറ്റി വടുതല ജെട്ടി മര്‍ഫദ ഹൗസില്‍ സഹില്‍ കെഎം ആണ് ഭര്‍ത്താവ്. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളായ ഷിസ ഫാത്തിം (ആറാം ക്ലാസ്), സെഹ്റിഷ് ഫാത്തിം (രണ്ടാം ക്ലാസ്) എന്നിവര്‍ മക്കളാണ്.
2024 ആഗസ്ത് 25ന് പിതാവിന്റെ ആകസ്മിക നിര്യാണത്തെ തുടര്‍ന്ന് ഇപ്പോള്‍ നാട്ടിലാണ്. വ്യസനത്തില്‍ കഴിയുന്നതിനിടെയാണ് സ്‌കൂള്‍ ചെയര്‍പേഴ്‌സനായി തെരഞ്ഞെടുത്തത്. ജീവിതത്തിലെ അഭിമാന നിമിഷമാണ്. മരണം അനിവാര്യമാണെങ്കില്‍ കൂടി ഏറ്റവും കൂടുതല്‍ സന്തോഷിക്കുമായിരുന്ന പിതാവ് നഷ്ടപ്പെട്ടതിന്റെ വേദനയുണ്ട്.
വലിയ ഉത്തരവാദിത്തം അഭിമാനകരമായി നിര്‍വഹിക്കാന്‍ കഴിയട്ടെ. സൗദിടൈംസ് കുടുംബത്തിന്റെ ആശംസകള്‍! പ്രാര്‍ഥനകള്‍!!
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.