Sauditimesonline

saif karu
ആവേശപ്പോരില്‍ റിഫ അക്കാദമി ഡിവിഷന്‍ ലീഗ്

സൗദി കെ.എം.സി.സി ദേശീയ ഫുട്‌ബോള്‍; ദമാം ബദര്‍ എഫ് സിയ്ക്കു കിരീടം

റിയാദ്: പ്രഥമ സൗദി കെഎംസിസി ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ദമാം ബദര്‍ എഫ് സിക്ക് കിരീടം. മൂന്ന് മാസം സൗദിയുടെ വിവിധ പ്രവിശ്യകളില്‍ സംഘടിപ്പിച്ച ടൂര്‍ണ്ണമെന്റിന്റെ ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ജിദ്ദയിലെ സബീന്‍ എഫ് സി ക്ലബ്ബിനെ പരാജയപ്പെടുത്തി ബദര്‍ എഫ് സി സൗദിയിലെ മികച്ച പ്രവാസി ക്ലബ് പട്ടികയില്‍ ഇടം നേടി. റിയാദിലെ മലസ് റയല്‍ മാഡ്രിഡ് സ്‌റ്റേഡിയത്തില്‍ നടന്ന ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ മത്സരം കാണാന്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഫുട്ബാള്‍ പ്രേമികള്‍ ഒഴുകിയെത്തി. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, അഡ്വ. ഹാരിസ് ബീരാന്‍ എം.പി, കെ പി മുഹമ്മദ്കുട്ടി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

ഒന്നാം പകുതിയുടെ 29 ആം മിനുട്ടില്‍ മുഹമ്മദ് അജ്‌സല്‍ നേടിയ മനോഹരമായ ഗോളിലൂടെ ബദര്‍ എഫ് സിയാണ് അക്കൗണ്ട് തുറന്നത്.ഇരു പകുതികളിലുമായി ഗോള്‍ മടക്കാന്‍ പോരാടിയ സബീന്‍ എഫ് സിക്ക് മുമ്പില്‍ ഗോള്‍ മാത്രം പിറന്നില്ല. രണ്ടാം പകുതിയുടെ പതിനാലാം മിനുട്ടില്‍ അജ്‌സല്‍ നല്‍കിയ മനോഹരമായ പാസ് ഹാദിയുടെ ബൂട്ടിലൂടെ ജിദ്ദയുടെ ഗോളിയെയും മറികടന്ന് വലകുലുക്കിയപ്പോള്‍ ബദര്‍ എഫ് സി വിജയം ഉറപ്പാക്കി. കളിയിലുടനീളം മികച്ച മുന്നേറ്റങ്ങള്‍ നടത്തിയ ബദര്‍ എഫ് സിയുടെ മുഹമ്മദ് അജ്‌സലിനെ കളിയിലെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരത്തിനു തിരഞ്ഞെടുത്തു.ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ ആയി സബീന്‍ എഫ് സിയുടെ ഫസലുറഹ്മാനെയും ബെസ്റ്റ് ഗോള്‍ കീപ്പറായി ബദര്‍ എഫ് സിയുടെ മുഹമ്മദ് സാദിഖിനെയും മികച്ച ഡിഫെന്‍ഡറായി സബീന്‍ എഫ് സിയുടെ അന്‍സില്‍ റഹ്മാനെയും മികച്ച പ്ലയറായി ബദ്ര്‍ എഫ് സിയുടെ ഹസ്സനെയും തിരഞ്ഞെടുത്തു.

റയല്‍ മാഡ്രിഡ് അക്കാദമി മൈതാനിയെ പുളകം കൊള്ളിച്ച് വൈകീട്ട് അഞ്ചരക്ക് ആരംഭിച്ച വര്‍ണ്ണ ശബളമായ ഘോഷയാത്ര സ്‌റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ ജനങ്ങള്‍ക്ക് അവിസ്മരണീയമായ കാഴ്ച്ചകളാണ് സമ്മാനിച്ചത്. നാഷണല്‍ കമ്മിറ്റിക്ക് കീഴിലുള്ള നാല്‍പതോളം സെന്‍ട്രല്‍ കമ്മിറ്റികളുടെ വിവിധ കലാപരിപാടികള്‍ അടങ്ങിയ ഇനങ്ങള്‍ കാണികള്‍ക്ക് ഇമ്പമേകി. നേരത്തെ റിയാദ് , ജിദ്ദ , യാമ്പു , ദമാം തുടങ്ങിയ നഗരങ്ങളിലാണ് നാഷണല്‍ സോക്കര്‍ മല്‍സരങ്ങള്‍ അരങ്ങേറിയത്.

സോക്കറിനോടനുബന്ധിച്ച് മികച്ച ഫുട്‌ബോള്‍ സംഘാടകനുള്ള മര്‍ഹും എഞ്ചിനിയര്‍ സി.ഹാഷിം മെമ്മോറിയല്‍ അവാര്‍ഡിന് ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രസിഡന്റ് സമീര്‍ കൊടിയത്തൂരിനും 2024 ലെ ശിഹാബ് തങ്ങള്‍ ബിസിനസ് എ ക്‌സലന്‍സി അവാര്‍ഡിന് വിജയ് വര്‍ഗ്ഗീസ് മൂലനും പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പുരസ്‌കാരങ്ങള്‍ കൈമാറി. പ്രഥമ കെഎംസിസി ദേശീയ ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ അണിയറ ശില്പികളായ മുജീബ് ഉപ്പട, ഉസ്മാനലി പാലത്തിങ്ങല്‍ എന്നിവര്‍ക്കുള്ള ഉപഹാരവും തങ്ങള്‍ കൈമാറി. അലി ഖഹ്താനിയുടെ നേതൃത്വത്തിലുള്ള അമ്പയര്‍ പാനല്‍ മല്‍സരത്തിന് നേതൃത്വം നല്‍കി .

നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞുമോന്‍ കാക്കിയ അധ്യക്ഷതയില്‍ ചടങ്ങ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സി പി മുസ്തഫ ആമുഖഭാഷണം നടത്തി. ടൂര്‍ണ്ണമെന്റുമായി സഹകരിച്ച സ്ഥാപനങ്ങള്‍ക്കുള്ള ഉപഹാരങ്ങള്‍ അഡ്വ. ഹാരിസ് ബീരാന്‍ എം.പി കൈമാറി. ചടങ്ങില്‍ കെഎംസിസി നേതാക്കളായ കെ പി മുഹമ്മദ് കുട്ടി, ഖാദര്‍ ചെങ്കള, അഹമ്മദ് പാളയാട്ട്, ബഷീര്‍ മൂന്നിയൂര്‍, വി കെ മുഹമ്മദ്, കരീം താമരശ്ശേരി, സുലൈമാന്‍ മാളിയേക്കല്‍, മുഹമ്മദ് സാലി നാലകത്ത്, ഉസ്മാനലി പാലത്തിങ്ങല്‍, ആലിക്കുട്ടി ഒളവട്ടൂര്‍, ഹാരിസ് കല്ലായി, ഫൈസല്‍ ബാബു

നാസര്‍ എടവനക്കാട്, അബൂബക്കര്‍ അരിമ്പ്ര , മുഹമ്മദ് കുട്ടി കോഡൂര്‍, ബഷീര്‍ ചേലേമ്പ്ര, സമീര്‍ കൊടിയത്തൂര്‍, ഡല്‍ഹി കെഎംസിസി ജനറല്‍ സെക്രട്ടറി ഹലിം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട് സ്വാഗതവും സ്‌പോര്‍ട്‌സ് സമിതി കണ്‍വീനര്‍ മുജീബ് ഉപ്പട നന്ദിയും പറഞ്ഞു. ചടങ്ങിന് വിവിധ സെന്‍ട്രല്‍ കമ്മിറ്റി നേതാക്കള്‍, സെക്രട്ടറിയേറ്റ് അംഗങ്ങള്‍ , ജില്ലാ , മണ്ഡലം, ഏരിയ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്ത കലാശ പോരാട്ടത്തിന് മുജീബ് ഉപ്പടയുടെയും ഉസ്മാനലി പാലത്തിങ്ങലിന്റെയും റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളുടെയും നേതൃത്വത്തില്‍ മികച്ച ഒരുക്കങ്ങളാണ് നടത്തിയത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top