
റിയാദ്: മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് റിയാദ് ഐസിഎഫ് എഡ്യൂക്കേഷന്‍ എക്‌സലന്‍സി അവാര്‍ഡ് സമ്മാനിച്ചു. സിബിഎസ്ഇ, കേരള സിലബസുകളില്‍ 10, 12 ക്ലാസുകളില്‍ വിജയം നേടിയ 48 വിദ്യാര്‍ഥികളെയാണ് ആദരിച്ചത്. ഐസിഎഫ് നാഷണല്‍ ക്ഷേമകാര്യ സെക്രട്ടറി ലുഖ്മാന്‍ പാഴൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസം നേടുന്നതില്‍ പുതുതലമുറ സ്വയം മുന്നോട്ട് വരുന്നത് സന്തോഷം പകരുന്നു. ഉന്നത വിദ്യാഭ്യാസം നല്‍കുന്നതില്‍ പ്രവാസി സമൂഹം കാണിക്കുന്ന ശ്രദ്ധയും കരുതലും അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ്കുട്ടി സഖാഫി ഒളമതില്‍ അധ്യക്ഷം വഹിച്ചു.

വിദ്യാര്‍ഥികളില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗങ്ങള്‍ അതീവ ജാഗ്രതയോടെ കാണണം. ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ധാര്‍മികമായും വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കാന്‍ പ്രവാസികള്‍ ശ്രദ്ധിക്കണമെന്നു നാഷണല്‍ ഗാര്‍ഡ് ആശുപത്രിയിലെ ഡോ. അബ്ദുല്‍ അസീസ് പറഞ്ഞു. അദ്ദേഹം തയ്യാറാക്കിയ ലഹരിക്കെതിരെയുള്ള ഡോക്യുമെന്ററിയും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. വിദ്യാര്‍ഥികളെയും യുവസമൂഹത്തെയും ലഹരി സ്വാധീനിക്കുന്നതിന്റെ വിവിധ ഘട്ടങ്ങളും ലഹരിയുടെ മാരക വിപത്തും സമൂഹത്തെ ബോധവല്‍ക്കരിക്കേണ്ടതിന്റെ ആവശ്യകതയും ഡോക്യുമെന്ററി വിശദീകരിച്ചു.

ഐസിഎഫ് അന്താരാഷ്ട്ര തലത്തില്‍ നടത്തുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് അവാര്‍ഡ് ദാനം. സൗദി ദേശശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും ഉപഹാരം സമ്മാനിക്കും. ഉന്നത വിജയം നേടുന്നവര്‍ക്ക് നൂറുല്‍ ഉലമ അവാര്‍ഡും ഐസിഎഫ് നല്‍കുന്നുണ്ട്. ഐസിഎഫ് നോളജ് ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിച്ച പരിപാടിയില്‍ സെക്രട്ടറി അസീസ് മാസ്റ്റര്‍ പാലൂര്‍ സ്വാഗതം പറഞ്ഞു. ഹസൈനാര്‍ ഹാറൂണി പ്രാര്‍ത്ഥന നിര്‍വഹിച്ചു, മനൗഫല്‍ പാലക്കോടന്‍, സിദ്ധീഖ് തുവ്വൂര്‍, അഷ്‌റഫ് ഓച്ചിറ, ഹുസൈന്‍ അലി കടലുണ്ടി, അബ്ദുസലാം പാമ്പുരുത്തി, ഷുക്കൂര്‍ മടക്കര, മജീദ് താനാളൂര്‍, അബ്ദുല്‍ ഖാദര്‍ പള്ളിപ്പറമ്പ്, അബ്ദുല്‍ ജബ്ബാര്‍ കുനിയില്‍, അബ്ദുല്‍ ലത്തീഫ് മിസ്ബാഹി, റസാഖ് വയല്‍ക്കര, ജാബിറലി പത്തനാപുരം, ലത്തീഫ് തിരുവമ്പാടി, മന്‍സൂര്‍ പാലത്ത്, ഷാക്കിര്‍ കൂടാളി എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

ഈസ്‌റ്റേണ്‍ ചാപ്റ്ററില്‍ നിന്നും മികച്ച വിജയം നേടിയ റിയാദിലെ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു. ഐസിഎഫ് റീജിയന്‍ ജനറല്‍ സെക്രട്ടറി ഇബ്രാഹിം കരീം വെന്നിയൂര്‍ ഉപസംഹാര പ്രസംഗം നടത്തി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.