റിയാദ്: സൗദിയിലെ വിവിധ പ്രവിശ്യകളില്‍ നടന്ന റെയ്ഡില്‍ 16,243 നിയമ ലംഘകരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. സെപ്തംബര്‍ 6 മുതല്‍ 12 വരെ നടന്ന പരിശോധനകളിലാണ് ഇത്രയും നിയമ ലംഘകര്‍ അറസ്റ്റിലായത്. ഇവരില്‍ 9,402 ഇഖാമ നിയമ ലംഘകരും 2,616 തൊഴില്‍ നിയമ ലംഘകരും ഉള്‍പ്പെടും.
നുഴഞ്ഞുകയറാന്‍ ശ്രമിച്ച 301 പേരും അതിര്‍ത്തികള്‍ വഴി അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 16 പേരും അറസ്റ്റിലായി. നിയമ ലംഘകര്‍ക്ക് താമസം, യാത്രാ, അഭയം എന്നിവ നല്‍കിയ 18 പേരെയും പിടിയിലായി. രാജ്യത്തെ വിവിധ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന 3,716 വനിതകള്‍ ഉള്‍പ്പെടെ 50,132 നിയമ ലംഘകര്‍ക്കെതിരെ നിയമ നടപടി തുടരുകയാണ്. ഇവരെ മാതൃരാജ്യങ്ങളിലേക്ക് മടക്കി അയക്കും. ഒരാഴ്ചക്കിടെ 8,885 നിയമ ലംഘകരെ നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മാതൃരാജ്യങ്ങളിലേക്ക് മടങ്ങാന്‍ 2,871 പേര്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്തിട്ടുണ്ട്. എംബസികളുമായി സഹകരിച്ച് 39,571 പേര്‍ക്ക് ഔട്ട് പാസ് നേടാനുളള നടപടി തുടങ്ങിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.