Sauditimesonline

SaudiTimes

റഹീമിന്റെ മോചനത്തിന് 33 കോടി: മാപ്പ് ഉത്തരവ് ലഭിച്ചാല്‍ ധനസമാഹരണം

റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് റിയാദ് ജയിലില്‍ കഴിയുന്ന മലയാളി യുവാവിനെ ദിയ ധനം നല്‍കി മോചിപ്പിക്കും. ഇതിനായി ഒറ്റക്കെട്ടായി രംഗത്തിറങ്ങാന്‍ പ്രവാസി കൂട്ടായ്മകളുടെ ആഹ്വാനം. ബത്ഹ അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന റഹിം നിയമ സഹായ സമിതി ആണ് 33 കോടി രൂപ സമാഹരിക്കാന്‍ ആഹ്വാനം ചെയ്തത്. കയ്യബദ്ധത്തില്‍ മരിച്ച സൗദി ബാലന്റെ അഭിഭാഷകന്‍ ദിയാ ധനം സ്വീകരിച്ച് മാപ്പ് നല്‍കാന്‍ സന്നദ്ധത അറിയിച്ച സാഹചര്യത്തിലാണ് ധന സമാഹരണം. ഇതിനായി കോടതിയുടെയും റിയാദ് ഗവര്‍ണറേറ്റിന്റെയും അനുമതിയോടെ റഹീമിന്റെ പേരില്‍ സൗദിയില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങും. ധന സമാഹരണം പണമായി സ്വീകരിക്കില്ലെന്നും സൗദിയിലെ നിയമ വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കുമെന്നും നിയമ സഹായ വേദി വ്യക്തമാക്കി.

സൗദി ബാലന്‍ കയ്യബദ്ധത്തില്‍ മരിച്ച കേസില്‍ 16 വര്‍ഷമായി ജയിലില്‍ കഴിയുകയാണ് കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീം. മാപ്പ് നല്‍കാന്‍ കുടുംബം ആവശ്യപ്പെട്ട 33 കോടി സമാഹരിക്കാനുള്ള പ്രചാരണം ശക്തമാക്കാന്‍ സംഘടനാ പ്രതിനിധികളുടെ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. പതിനഞ്ച് മില്യണ്‍ റിയാലാണ് (ഏകദേശം മുപ്പത്തിമൂന്ന് കോടി രൂപ) നഷ്ടപരിഹാരമായി മരിച്ച യുവാവിന്റെ കുടുംബം ആവശ്യപ്പെട്ടത്.

കോടതി വിധി മാത്രമേ അംഗീകരിക്കുകയുളളൂവെന്നാണ് സൗദി കുടുംബം ഇതുവരെ സ്വീകരിച്ച നിലപാട്. എന്നാല്‍ ഇന്ത്യന്‍ എംബസ്സിയും റിയാദിലെ റഹീം നിയമ സഹായ സമിതിയും നിരന്തരം നടത്തിയ ചര്‍ച്ചകളും അനുരഞ്ജന ശ്രമങ്ങളുമാണ് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് അഭിഭാഷകന്‍ മുഖേന അറിയിച്ചത്. കുടുംബവുമായി പല ഘട്ടങ്ങളിലും ഉന്നതതല ഇടപെടല്‍ നടന്നിരുന്നുവെങ്കിലും മാപ്പ് നല്‍കാന്‍ സന്നദ്ധമായിരുന്നില്ല. വിചാരണ കോടതി വിധിച്ച വധ ശിക്ഷ രണ്ട് അപ്പീല്‍ കോടതികളും ശരിവെച്ചു. അന്തിമ വിധിക്കായി സുപ്രീംകോടതിയുടെ പരിഗണനയിലാണ് കേസ്. നിയമ സഹായ സമിതിയുടെ നേതൃത്വത്തില്‍ മൂന്ന് അഭിഭാഷകരെയാണ് റഹീമിന്റെ മോചനത്തിന് നിയോഗിച്ചിരുന്നത്. സൗദി പൗരപ്രമുഖരെയും മധ്യസ്ഥ ശ്രമത്തിന് ഇടപെട്ടു. കൂടാതെ നോര്‍ക്ക വൈസ് ചെയര്‍മാനും പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് എം ഡി യുമായ എം എ യൂസഫലിയും സന്ധി സംഭാഷണങ്ങളില്‍ പല ഘട്ടങ്ങളില്‍ ഇടപെട്ടിരുന്നു.

മോചന ശ്രമത്തിന് ആഗോള തലത്തിലുള്ള മലയാളി സമൂഹത്തെയും സംഘടനകളെയും ചേര്‍ത്തുപിടിച്ച് 33 കോടി രൂപ കണ്ടെത്താനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമാണ് നിയമ സഹായ സമിതി യോഗം ചേര്‍ന്നത്. യോഗത്തില്‍ സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. എംബസ്സി ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കഞ്ചേരി കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിശദീകരിച്ചു. റഹീമിന് വേണ്ടി കോടതിയില്‍ പരിഭാഷകരായിരുന്ന മുഹമ്മദ്കുട്ടി കടന്നമണ്ണ, മുഹമ്മദ് നജാത്തി (ദമാം) എന്നിവരും പങ്കെടുത്തു. അഷ്‌റഫ് വേങ്ങാട്ട് സ്വാഗതവും അര്‍ഷാദ് ഫറോക്ക് നന്ദിയും പറഞ്ഞു.

ദിയാ ധനം നല്‍കി റഹീമിനെ മോചിപ്പിക്കാനുള്ള തീരുമാനം കോടതിയെ അറിയിച്ച് അനുമതി നേടും. ഇിന് മരിച്ച ബാലന്റെ കുടുംബ അഭിഭാഷകനുമായി പ്രാഥമിക ചര്‍ച്ച പൂര്‍ത്തിയാക്കി. കുടുംബത്തിന്റെ മാപ്പ് കോടതി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷം മാത്രമാകും ധന സമാഹരണം ആരംഭിക്കുക. സംഘടനകള്‍, വ്യവസായികള്‍, സോഷ്യല്‍ മീഡിയ, ജീവകാരുണ്യ പ്രവര്‍ത്തകര്‍, സ്‌കൂളുകള്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ഫണ്ട് ശേഖരണം നടത്താനാണ് ആലോചന. നിയമപരമായ അനുമതി ലഭിച്ചാലുടന്‍ നടപടികള്‍ നീക്കാന്‍ യോഗം നിയമ സഹായ സമിതിയെ ചുമതലപ്പെടുത്തി.

കോടതി അനുമതി ലഭിച്ചാലുടന്‍ നാട്ടില്‍ നേരത്തേ രൂപം നല്‍കിയ ജനകീയ സമിതിയുടെ മേല്‍നോട്ടത്തില്‍ കേരളത്തിലും ബാങ്ക് അക്കൗണ്ടിലേക്ക് ധനം സ്വരൂപിക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍, നോര്‍ക്ക, ലോക കേരള സഭ എന്നിവരുമായി ബന്ധപ്പെട്ട് സഹായം ആവശ്യപ്പെടും. ജനകീയ സമിതിയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും മുഖ്യ രക്ഷാധികാരികളാണ്. എം പി മാരായ എം കെ രാഘവന്‍, ഇ ടി മുഹമ്മദ് ബഷീര്‍, എം പി അബ്ദുല്‍ സമദ് സമദാനി, എളമരം കരീം, പി വി അബ്ദുല്‍ വഹാബ് , എം എല്‍ എ മാരായ പി കെ കുഞ്ഞാലികുട്ടി, ഡോ. എം. കെ. മുനീര്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, എം സി മായിന്‍ ഹാജി , ഉമ്മര്‍ പാണ്ടികശാല, വി കെ സി മമ്മദ് കോയ, ബുഷ്‌റ റഫീഖ്, അഡ്വ. പി എം നിയാസ്, ശശി നാരങ്ങായില്‍, ഹുസൈന്‍ മടവൂര്‍, പി സി അഹമ്മദ്കുട്ടി ഹാജി എന്നിവര്‍ രക്ഷാധികാരികളാണ്. കെ സുരേഷ് ചെയര്‍മാനും കെ കെ ആലിക്കുട്ടി മാസ്റ്റര്‍ ജനറല്‍ കണ്‍വീനറും എം ഗിരീഷ് ട്രഷററുമാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top