
ദല്‍ഹി: ഇന്ത്യ വിമാന വിലക്ക് വീണ്ടും നീട്ടി. ഒക്‌ടോബര്‍ 31 വരെ അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിമാന വിലക്ക് നവംബര്‍ 30 വരെയാണ് നീട്ടിയതെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് അറിയിച്ചു. കൊവിഡ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 2020 മാര്‍ച്ച് 23 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിമാന വിലക്കാണ് തുടര്‍ച്ചയായി നീട്ടിവെച്ചത്. ഇതോടെ മുപ്പതിലധികം രാജ്യങ്ങളുമായി ഇന്ത്യ എയര്‍ ബബിള്‍ കരാര്‍ ഒപ്പുവെച്ചു. എന്നാല്‍ സൗദി അറേബ്യയുമായി കരാര്‍ ഒപ്പുവെക്കാത്തത് നേരിട്ടുളള യാത്രക്ക് തിരിച്ചടിയാണ്. ഇന്ത്യയുടെ കൊവാക്‌സിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കാത്തതും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. അതേസമയം, സൗദി ഒഴികെയുളള ഗള്‍ഫ് രാജ്യങ്ങളുമായി ഇന്ത്യ എയര്‍ ബബിള്‍ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. ഒമാന്‍ ഇന്ത്യയുടെ കൊവാക്‌സിന്‍ അംഗീകരിക്കുകയും ചെയ്തു. സൗദി ഒഴികെയുളള ഗള്‍ഫ് രാജ്യങ്ങളിലുളള പ്രവാസികള്‍ക്ക് യാത്രാ സൗകര്യം നിലവിലുണ്ടെങ്കിലും സൗദി പ്രവാസികളുടെ യാത്രാ പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യ വിമാന വിലക്ക് ദീര്‍ഘിപ്പിച്ചതോടെ ഈ ആഴ്ച നേരിട്ടുളള വിമാന സര്‍വീസ് ഉണ്ടാകുമെന്ന പ്രതീക്ഷയും ഇല്ലാതായി.

സൗദി വിദേശകാര്യ മന്ത്രിയുടെ ഇന്ത്യ സന്ദര്‍ശന വേളയില്‍ നേരിട്ടുളള വിമാന യാത്ര ചര്‍ച്ച ചെയ്തിരുന്നു. സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി, ആരോഗ്യ മന്ത്രാലയം എന്നിവയുമായി പലതവണ ചര്‍ച്ച നടത്തിയെങ്കിലും എയര്‍ ബബിള്‍ കരാര്‍ സാധ്യമായില്ല. ഇന്ത്യയില്‍ കൊവിഡ് ബാധ ഗണ്യമായി ഉയര്‍ന്ന സാഹചര്യത്തിലാണ് എയര്‍ ബബിള്‍ കരാര്‍ ലക്ഷ്യം കാണാതെ പോയത്.
ഇന്ത്യയില്‍ നൂറുകോടി ഡോസ് വാക്‌സിന്‍ വിതരണം നേടിയെന്നും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വന്‍ നേട്ടം ഉണ്ടായെന്ന് പ്രഖ്യാപിക്കുമ്പോഴും അന്താരാഷ്ട്ര വ്യോമ ഗതാഗതം വീണ്ടും നീട്ടിയത് അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ അവകാശ വാദം ചോദ്യം ചെയ്യപ്പെടുമെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു. അതേസമയം, സൗദിയക്കും തിരിച്ചും വന്ദേഭാരത് മിഷന്‍ സര്‍വീസും ചാര്‍ട്ടേഡ് വിമാനങ്ങളും സര്‍വീസ് തുടരും. എന്നാല്‍ സൗദി അറേബ്യ അംഗീകരിച്ച കോവി ഷീല്‍ഡ് വാക്‌സിന്‍ ഇന്ത്യയില്‍ നിന്ന് സ്വീകരിച്ചവര്‍ക്ക് എപ്പോള്‍ സൗദിയിലേക്ക് നേരിട്ട് വിമാന യാത്ര സാധ്യമാകും എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






