
മസ്‌കത്: ദ്വിദിന സന്ദര്‍ശനം പൂര്‍ത്തിയാക്കി ഒമാനില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങി. രണ്ട് ദിവസങ്ങളിലായി 24 മണിക്കൂറില്‍ താഴെയാണ് പ്രധാനമന്ത്രി ഒമാനില്‍ ചെലവഴിച്ചത്. ത്രിരാഷ്ട്ര സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് അദ്ദേഹം ദില്ലിയിലേക്ക് മടങ്ങിയത്. ബുധനാഴ്ച വൈകിട്ട് ഒമാനിലെത്തിയ മോദി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി ചര്‍ച്ച പൂര്‍ത്തിയാക്കി. വ്യാഴാഴ്ച ഉച്ചയോടെ അദ്ദേഹം മസ്‌കറ്റില്‍ നിന്ന് മടങ്ങി.

വ്യാഴാഴ്ച രാവിലെ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി കൂടിക്കാഴ്ച നടത്തിയ മോദി, ഇന്ത്യന്‍ പ്രവാസിസമൂഹവുമായും സംവദിച്ചു. ഉച്ചക്ക് ശേഷം ദില്ലിയിലേക്ക് മടങ്ങിയ പ്രധാനമന്ത്രിയെ യാത്രയാക്കാന്‍ ഒമാന്‍ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിന്‍ താരിഖ് അല്‍ സഈദ്, വിദേശകാര്യമന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി, മസ്‌കത്ത് ഗവര്‍ണര്‍ സയ്യിദ് സൗദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി, വാണിജ്യവ്യവസായനിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസഫ്, ഇന്ത്യയിലെ ഒമാന്‍ അംബാസഡര്‍ ഈസ ബിന്‍ സാലിഹ് അല്‍ ഷൈബാനി, വിദേശകാര്യ മന്ത്രാലയത്തിലെ അംബാസഡര്‍മാര്‍, സുല്‍ത്താന്റെ സായുധസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ എത്തിയിരുന്നു.

ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 70ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയത്. ഒമാനിലെത്തിയ മോദി മലയാളികളോട് ‘സുഖമാണോ ‘ എന്ന് കുശലം ചോദിക്കുകയും സംസാരിക്കുകയും ചെയ്തു. ഒമാനില്‍ ‘മിനി ഇന്ത്യ ‘ കാണാന്‍ കഴിഞ്ഞുവെന്ന് മോദി പ്രസംഗത്തില്‍ പറഞ്ഞു. ഒമാന്‍–ഇന്ത്യ സാമ്പത്തിക സഹകരണത്തിന് പുതിയ അധ്യായം തുറന്ന് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സാന്നിധ്യത്തില്‍ ഒപ്പുവെച്ചു. ഒമാനും ഇന്ത്യയും തമ്മിലുള്ള ബന്ധങ്ങളില്‍ ചരിത്രപ്രാധാന്യമുള്ള മുന്നേറ്റമാണിത്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





