
റിയാദ്: കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇന്ത്യാ സര്‍ക്കാര്‍ വിതരണം ചെയ്യുന്ന കൊവിഡ് സര്‍ട്ടിഫിക്കേറ്റിലെ സെക്യുര്‍ ക്യൂ ആര്‍ കോഡ് പ്രവാസികള്‍ക്ക് തിരിച്ചടി യാകുന്നു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ക്യൂ ആര്‍ കോഡ് പരിശോധിക്കണം. സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇന്ത്യ വിതരണം ചെയ്യുന്ന സര്‍ട്ടിഫിക്കേറ്റില്‍ സെക്യുര്‍ ക്യൂ ആര്‍ കോഡ് രേഖപ്പെടുത്തുന്നത്. ക്യൂ ആര്‍ കോഡ് റീഡ് ചെയ്യാന്‍ അധിക പ്രയത്‌നം ആവശ്യമായി വന്നതോടെ സൗദി, കുവൈത്ത് ആരോഗ്യ മന്ത്രാലയങ്ങളില്‍ ഇന്ത്യക്കാര്‍ സമര്‍പ്പിക്കുന്ന സര്‍ട്ടിഫിക്കേറ്റുകള്‍ അംഗീകരിക്കുന്നില്ല.

വിദേശ രാജ്യങ്ങളില്‍ നിന്ന് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ ഇ-സര്‍വീസ് പോര്‍ട്ടലില്‍ സര്‍ട്ടിഫിക്കേറ്റ് സമര്‍പ്പിക്കണം എന്നാണ് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. സര്‍ട്ടിഫിക്കേറ്റ് അംഗീകരിക്കുന്നവര്‍ക്ക് തവക്കല്‍നാ ആപില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ലഭ്യമാകും. എന്നാല്‍ ഇന്ത്യക്കാര്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കേറ്റുകള്‍ നിരസിക്കുന്നതായി വ്യാപക പരാതിയാണ് ഉയരുന്നത്. വേഗത്തില്‍ ഡാറ്റാ ശേഖരിക്കുന്നതിനുളള വെബ് ആപ്ലിക്കേഷനാണ് ക്യൂ ആര്‍ കോഡുകള്‍. ഇന്ത്യ വിതരണം ചെയ്യുന്ന സര്‍ട്ടിഫിക്കേറ്റില്‍ കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സെക്യുര്‍ ക്യൂ ആര്‍ കോഡാണ് രേഖപ്പെടുത്തിയിട്ടുളളത്. ഇത് വേഗം റീഡ് ചെയ്ത് സര്‍ട്ടിഫിക്കേറ്റിന്റെ ആധികാരികത ഉറപ്പു വരുത്താന്‍ കഴിയില്ല. ഇന്ത്യ നിര്‍ദേശിച്ചിട്ടുളള verify.cowin.gov.in വെബ്‌സൈറ്റ് സന്ദര്‍ശിച്ച് മാത്രമേ ഇന്ത്യക്കാര്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കേറ്റിന്റെ ആധികാരികത പരിശോധിക്കാന്‍ കഴിയുകയുളളൂ. വിദേശ രാജ്യങ്ങളിലെ ഔദ്യോഗിക ഏജന്‍സികള്‍ ഇതിന് തയ്യാറല്ല. ലക്ഷക്കണക്കിന് വിദേശികള്‍ ജോലി ചെയ്യുന്ന സൗദി അറേബ്യ, കുവൈത് തുടങ്ങിയ രാജ്യങ്ങളില്‍ ജനറിക് ക്യൂ ആര്‍ കോഡ് സ്‌കാനര്‍ ആട്ടോമാറ്റിക് ആയി റീഡ് ചെയ്ത് സര്‍ട്ടിഫിക്കേറ്റിന്റെ ആധികാരികത ഉറപ്പു വരുത്തുകയാണ് ചെയ്യുന്നത്.
കേരള സര്‍ക്കാര്‍ വിതരണണ ചെയ്ത കൊവിഡ് സര്‍ട്ടിഫിക്കേറ്റാണിത്. ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ക്യൂ ആര്‍ കോഡ് സ്‌കാനര്‍ ആപ് ഉപയോഗിച്ച് ഇത് വളരെ വേഗം സ്‌കാന്‍ ചെയ്യാന്‍ കഴിയും. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്ത സര്‍ട്ടിഫിക്കേറ്റിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഇത്തരത്തില്‍ അവ്യക്തമായ ചിഹ്‌നങ്ങളാണ് ലഭിക്കുക. ഇന്ത്യക്കാരുടെ വിവരങ്ങള്‍ സുരക്ഷിതമായിരിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുളള പോളിസിയാണ് പ്രവാസികള്‍ക്ക് തിരിച്ചടിയായി മാറിയിട്ടുളളത്.
ഇന്ത്യാ ഗവണ്‍മെന്റ് വിതരണം ചെയ്യുന്ന സര്‍ട്ടിഫിക്കേറ്റില്‍ ജനറിക് ക്യൂ ആര്‍ കോഡ് ഉള്‍പ്പെടുത്തുകയാണ് പരിഹാരം. അല്ലെങ്കില്‍ റിയാദ് ഇന്ത്യന്‍ എംബസി സൗദി ആരോഗ്യ മന്ത്രാലയത്തെ സെക്യൂര്‍ ക്യൂ ആര്‍ കോഡ് സംബന്ധിച്ച് വിവരം ധരിപ്പിക്കുകയും പരിഹാരം കണ്ടെത്തുകയും വേണം.
ഇന്ത്യക്കാര്‍ സമര്‍പ്പിക്കുന്ന സര്‍ട്ടിഫിക്കേറ്റിലെ ക്യൂ ആര്‍ കോഡ് റീഡ് ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇന്ത്യയിലെ സൗദി എംബസി അറ്റസ്റ്റ് ചെയ്യണമെന്ന സന്ദേശം പലര്‍ക്കും ലഭിച്ചത്. ഇത് പ്രോത്സാഹിപ്പിക്കുന്നതിന് പകരം സര്‍ട്ടിഫിക്കേറ്റിലെ ക്യൂ ആര്‍ കോഡ് ആരോഗ്യ മന്ത്രാലയം നിര്‍ദേശിക്കുന്ന വിധം പരിഷ്‌കരിക്കുന്നതാണ് ഉത്തമം. ഇതിന് പ്രവാസി കൂട്ടായ്മകള്‍ ഇന്ത്യന്‍ എംബസിയിലും കേന്ദ്ര സര്‍ക്കാരിലും സമ്മര്‍ദ്ധം ചെലുത്തുകയാണ് വേണ്ടത്. സൗദി പ്രവാസികളില്‍ നല്ലൊരു വിഭാഗം മലയാളികളും സര്‍ട്ടിഫിക്കേറ്റ് വെരിഫിക്കേഷന്റെ പേരില്‍ പ്രതിസന്ധി നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേരള സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നാണ് പ്രവാസികള്‍ക്ക് ആവശ്യപ്പെടാനുളളത്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






