Sauditimesonline

nesto
പതിനെട്ടിന്റെ നിറവില്‍ ഹെപ്പര്‍ നെസ്‌റ്റോ; സമ്മാനപ്പെരുമഴയൊരുക്കി പ്രൊമോഷന്‍

ദുരന്ത മുഖത്തും മുതലെടുപ്പ്; പ്രതിപക്ഷത്തെ ജനം ഒറ്റപ്പെടുത്തും: വി വസീഫ്

റിയാദ്: ഗവര്‍ണറെ ഉപയോഗിച്ച് ഉന്നത വിദ്യാഭ്യാസ മേഖല തകര്‍ക്കാനുള്ള ശ്രമം ചെറുക്കുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. റിയാദില്‍ ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹത്തിന് കേളി കലാ സാംസ്‌കാരിക വേദി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു. ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും പ്രൈമറി മുതല്‍ ഉന്നത വിദ്യാഭ്യാസം വരെ ചരിത്രങ്ങളെ വെട്ടിമാറ്റി മിത്തുകള്‍ കുത്തിനിറച്ചുള്ള വിദ്യാഭ്യാസ രീതി അവലംബിക്കുകയാണ്. എന്നാല്‍ കേരളത്തില്‍ മാത്രമാണ് സംഘപരിവാര്‍ അജണ്ട നടപ്പില്‍ വരുത്താന്‍ സാധിക്കാത്തത്. അതിനായി ഗവര്‍ണര്‍മാരെ ഉപയോഗിച്ച് ഉന്നത വിദ്യാഭ്യാസ മേഖല അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനെതിരെ എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും സമര രംഗത്താണ്.

കേരളം നേടിയെടുത്ത നേട്ടങ്ങളെ സങ്കുചിത രാഷ്ട്രീയത്തിന്റെ പേരില്‍ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കേണ്ട അവസരത്തില്‍ ദൗര്‍ഭാഗ്യവശാല്‍ പ്രതിപക്ഷം മൗനം പാലിക്കുകയാണ്. മാത്രമല്ല, വയനാട്ടിലെ മുണ്ടക്കൈ ദുരന്തത്തില്‍ പെട്ടവര്‍ക്ക് വീട് വെച്ച് നല്‍കാനെന്ന പേരില്‍ പിരിച്ചെടുത്ത കോടികളുടെ കണക്കിലെ അവ്യക്തത പ്രതിപക്ഷത്തെ ജനങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുത്തി. ഇത് ജനങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കാന്‍ നുണക്കഥകള്‍ നിരത്തി ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് ശ്രമങ്ങളാണ് നടത്തുന്നത്. എന്നാല്‍ ദുരന്ത മുഖത്തും മുതലെടുപ്പ് രാഷ്ട്രീയം കളിക്കുന്ന പ്രതിപക്ഷത്തെ ജനങ്ങള്‍ ഒറ്റപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണത്തില്‍ കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ പൂച്ചെണ്ട് സമ്മാനിച്ചു സ്വീകരിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ സീബാ കൂവോട്, ഷമീര്‍ കുന്നുമ്മല്‍, പ്രഭാകരന്‍ കണ്ടോന്താര്‍, സുരേന്ദ്രന്‍ കൂട്ടായി, ചന്ദ്രന്‍ തെരുവത്ത്, ഗീവര്‍ഗീസ് ഇടിച്ചാണ്ടി എന്നിവര്‍ സന്നിഹിതരായിരുന്നു. സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും രക്ഷാധികാരി സമിതി അംഗം ഫിറോസ് തയ്യില്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top