
റിയാദ്: കേരളം ആര് ഭരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയില്‍ ഉറക്കമില്ലാത്ത രാത്രികള്‍ക്ക് ശേഷം പ്രവാസലോകം ഇന്ന് പുലര്‍ച്ചെ ഉണര്‍ന്നത് ആവേശത്തിന്റെ കൊടുമുടിയില്‍. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നിലായെന്ന അപ്രതീക്ഷിത വാര്‍ത്ത യുഡിഎഫ് ക്യാമ്പുകളില്‍ വലിയ ആരവമാണ് സൃഷ്ടിച്ചത്. നാലാം റൗണ്ട് എണ്ണിയപ്പോഴും ധര്‍മ്മടത്ത് ഇടതുപക്ഷം പിന്നിലായതോടെ വലിയ ആഹ്‌ളാദരവമാണ് ബിഗ് സ്‌ക്രീനുകള്‍ക്ക് മുന്നില്‍ അരങ്ങേറിയത്.

ഫുട്‌ബോള്‍ ലോകകപ്പിന്റെ ഫൈനല്‍ കാണുന്ന ആവേശത്തോടെയാണ് പ്രവാസികള്‍ ബിഗ് സ്‌ക്രീനുകള്‍ക്ക് മുന്നില്‍ തടിച്ചുകൂടിയത്. റിയാദ് ബത്ഹയില്‍ ഡി-പാലസ് ഓഡിറ്റോറിയത്തില്‍ കെഎംസിസിയും ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി ഓഫീസ് സബര്‍മതിയിലും ബിഗ് സ്‌ക്രീനില്‍ തെരഞ്ഞെടുപ്പ് ഫലം തത്സമയം പ്രദര്‍ശിപ്പിക്കുന്നുണ്ട്.

വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ റൗണ്ടുകളില്‍ മുഖ്യമന്ത്രി പിന്നിലായെന്ന ടിവി സ്‌ക്രോളിംഗുകള്‍ കണ്ടതോടെ യുഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം ആരംഭിച്ചു. യുഡിഎഫ് പ്രവര്‍ത്തകര്‍ കയ്യടികളും ചൂടുപിടിച്ച ചര്‍ച്ചകളുമായി കേരളത്തിന്റെ രാഷ്ട്രീയ ഗതിവിഗതികള്‍ ഇഴകീറി പരിശോധിക്കുന്നു. ജയപരാജയങ്ങള്‍ക്കപ്പുറം ജനാധിപത്യത്തിന്റെ വലിയ ഉത്സവത്തെ ഒരേ മനസ്സോടെയാണ് പ്രവാസികള്‍ സ്വീകരിക്കുന്നത്.

കേരളത്തിലെ ഓരോ മണ്ഡലത്തിലെയും ലീഡ് നില മാറിമറിയുമ്പോള്‍ പ്രവാസികള്‍ക്കിടയലും തര്‍ക്കങ്ങളും വിശകലനങ്ങളും കൊഴുക്കുകയാണ്. ജോലിക്ക് പോകേണ്ടവര്‍ പോലും ബിഗ് സ്‌ക്രീനിന് മുമ്പിലും മൊബൈല്‍ ഫോണിലൂടെയും ഫലം അറിയാനുള്ള തിരക്കിലാണ്

ധര്‍മ്മടത്തെ വോട്ടുയന്ത്രങ്ങള്‍ ഇനിയും തുറക്കാനുണ്ട്. ‘ക്യാപ്റ്റന്‍’ കരുത്തോടെ തിരിച്ചുവരുമോ അതോ അട്ടിമറിയുടെ ചരിത്രം ധര്‍മ്മടം തിരുത്തിക്കുറിക്കുമോ എന്നാണ് പ്രവാസികള്‍ ആകാംഷയോടെ കാത്തിരിക്കുന്നത്്. വരും മണിക്കൂറുകള്‍ പ്രവാസികള്‍ക്കും കേരളത്തിനും ഒരുപോലെ നെഞ്ചിടിപ്പിന്റേതാണ്. കേരളത്തിന്റെ രാഷ്ട്രീയ ഭൂപടം ആര് വരയ്ക്കുമെന്ന് അറിയാന്‍ പ്രവാസലോകം കണ്ണുചിമ്മാതെ കാത്തിരിക്കുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






