Sauditimesonline

UDF
സതീശനും കുഞ്ഞാലിക്കുട്ടിയും അഭിസംബോധന ചെയ്യും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍

കെഎംസിസി സുരക്ഷ പദ്ധതി; കാമ്പയിന്‍ സമാപനം ഇന്ന്

റിയാദ്: സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ അംഗത്വ പ്രചാരണ കാമ്പയിന്‍ ഡിസംബര്‍ 15ന് അവസാനിക്കും. കാമ്പയിന്‍ സമാപിക്കുന്നതിന്റെ അവസാന മണിക്കൂറുകളില്‍ പ്രവാസികള്‍ കൂട്ടമായി ചേരുന്നുണ്ടെന്നും പൊതുസ്വീകാര്യത കൈവന്ന പദ്ധതിയില്‍ അംഗത്വമെടുക്കാന്‍ സൗദിയിലെ മുഴുവന്‍ പ്രവാസികള്‍ക്കും അവസരം ലഭിക്കുമെന്നും നാഷനല്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. പദ്ധതിയുടെ നിബന്ധനകള്‍ പ്രകാരം അംഗത്വമെടുക്കുന്ന മുന്‍ പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വഴി പദ്ധതിയില്‍ ചേരാനുള്ള അവസരവും ഇന്ന് അവസാനിക്കും. പദ്ധതിയില്‍ ചേര്‍ന്നവരും സൗദിയില്‍ തുടരുന്നവരുമായ പ്രവാസികള്‍ക്ക് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഡിസംബര്‍ 31 വരെ സമയമുണ്ടാകും.
കോഴിക്കോട് ആസ്ഥാനമായുള്ള കെഎംസിസി കേരള ട്രസ്റ്റ് ആണ് പ്രവാസ ലോകത്തെ ഏറ്റവും വലിയ

പരസ്പര സഹായ പദ്ധതിയായ സുരക്ഷാ പദ്ധതി നടത്തി വരുന്നത്. കഴിഞ്ഞ 12 വര്‍ഷ കാലയളവില്‍ പദ്ധതിയില്‍ അംഗങ്ങളായിരുന്ന എഴുനൂറോളം പേരാണ് മരണപ്പെട്ടത്. കുടുംബ നാഥന്റെ അപ്രതീക്ഷിത വിയോഗത്തെ തുടര്‍ന്ന് നിരാലംബരാകുന്ന കുടുംബത്തിന് കരുത്തും തണലുമാവുകയാണ് ഈ പദ്ധതി. മരണാനന്തര ആനുകൂല്യങ്ങള്‍ക്ക് പുറമെ അംഗമായവര്‍ക്ക് നിയമാവലിയില്‍ രേഖപെടുത്തിയ രോഗങ്ങള്‍ ബാധിച്ചാല്‍ തുടര്‍ചികിത്സക്ക് ആവശ്യമായ സഹായവും പദ്ധതി വഴി നല്‍കി വരുന്നുണ്ട്. നിബന്ധനകള്‍ക്ക് വിധേയമായി നേരത്ത പദ്ധതിയില്‍ അംഗമായിരുന്ന 60 വയസ്സ് പിന്നിട്ട മുന്‍പ്രവാസികള്‍ക്ക് മാസാന്തം രണ്ടായിരം രൂപ ഹദിയ്യത്തു റഹ്!മ പേരില്‍ ഇതോടനുബന്ധിച്ച് നല്‍കുന്നുണ്ട് .

പ്രാരാബ്ധങ്ങളും പ്രതിസന്ധികളും നിറഞ്ഞ ജീവിത സാഹചര്യത്തില്‍, യാതൊരു വിധ നീക്കിയിരിപ്പുമില്ലാതെ കടക്കെണിയില്‍പെട്ട് ഉലയുന്ന പ്രവാസികളില്‍ പലരും അകാലത്തില്‍ മരണപ്പെടുമ്പോള്‍, അവരുടെ ആശ്രിതര്‍ അനുഭവിക്കുന്ന വേദനയുടെ ആഴം മനസ്സിലാക്കിയാണ് സഊദി കെഎംസിസി ഇത്തരമൊരു പദ്ധതിക്ക് രൂപം നല്‍കിയത്. നിയമ വിധേയമായ ട്രസ്റ്റിന്റെ കീഴില്‍ വ്യവസ്ഥാപിതവും സുതാര്യവുമായി നടപ്പാക്കി വരുന്ന പദ്ധതിയില്‍ കാമ്പയിന്‍ കാലയളവില്‍ ഓണ്‍ലൈന്‍ വഴിയും നേരിട്ടും അംഗത്വമെടുക്കാനും പുതുക്കുവാനും അവസരം നല്‍കിയിരുന്നു. mykmcc.org എന്ന വെബ്‌സൈറ്റ് വഴിയാണ് അംഗത്വത്തിലുള്ള അപേക്ഷ സ്വീകരിച്ചിരുന്നത്.

വിവിധ സെന്‍ട്രല്‍ കമ്മിറ്റികളുടെ മേല്‍നോട്ടത്തില്‍, കീഴ്ഘടകങ്ങള്‍ വഴി നേരിട്ടും ഓണ്‍ലൈന്‍ വഴിയുമായി ഇതിനകം ആയിരങ്ങളാണ് പദ്ധതിയില്‍ അംഗത്വമെടുത്തിട്ടുള്ളത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പേര്‍ ഇത്തവണ പദ്ധതിയില്‍ അംഗങ്ങളാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. പ്രവാസികള്‍ ഈയവസരം ഉപയോഗപ്പെടുത്തണമെന്നും പരസ്പര സഹായ നിധിയില്‍ കൈകോര്‍ക്കണമെന്നും സഊദി കെഎംസിസി നാഷണല്‍ കമ്മിറ്റി മുഖ്യ രക്ഷധികാരി കെ പി മുഹമ്മദ്കുട്ടി, പ്രസിഡണ്ട് കുഞ്ഞിമോന്‍ കാക്കിയ, ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട്, ട്രഷറര്‍ അഹമ്മദ് പാളയാട്ട്, ചെയര്‍മാന്‍ ഖാദര്‍ ചെങ്കള, സുരക്ഷാ പദ്ധതി ചെയര്‍മാന്‍ അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി, കോ ഓര്‍ഡിനേറ്റര്‍ റഫീഖ് പാറക്കല്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top