Sauditimesonline

gmf calender
ജിഎംഎഫ് പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം

ബാക് സ്ട്രാപ്

സോന ഡേവിസ് ചാക്കോര്യ

മനുഷ്യജീവിതത്തില്‍ നിസ്സാരമെന്ന് തോന്നുന്നവയാണ് ചിലപ്പോള്‍ ആഴമുള്ള ഓര്‍മ്മകളായി മനസ്സില്‍ കുടിയേറുന്നത്. അങ്ങനെയൊരു ഓര്‍മ്മയാണ് എന്റെ ചാരനിറത്തിലുള്ള സ്റ്റീല്‍ ബക്കിളുള്ള ബാക് സ്ട്രാപ് ചെരുപ്പ്. ഇന്ന് ഒരാള്‍ക്ക് എത്ര ജോഡി ചെരുപ്പ് ഉണ്ടെന്ന ചോദ്യത്തിന് പ്രസക്തിയില്ല. തമിഴ്‌നാട് മുന്‍ മുഖ്യന്‍ ജയലളിതയ്ക്കു 750 ജോഡി ചെരുപ്പുകളുണ്ടായിരുന്നു. അഴിമതി വിരുദ്ധ വിഭാഗം ഇതു രേഖപ്പെടുത്തിയിട്ടുണ്ട്. 10,500 സാരികള്‍ ഉടുത്തിരുന്ന ജലളിതയെ മാതൃകയാക്കിയതാവണം ഓരോ ഔട്ഫിറ്റിനും യോജിക്കുന്ന രീതിയിലാണ് ഇക്കാലത്ത് ചെരുപ്പുകളുടെ ഉപയോഗം!

റിയാദില്‍ പ്രവാസം തുടങ്ങിയ ഞാന്‍ അവധിക്കു നാട്ടില്‍ പോയപ്പോള്‍ ചേച്ചിയുടെ ആറാം ക്ലാസ്സില്‍ പഠിക്കുന്ന മകള്‍ മറിയാമ്മയുടെ ചെരുപ്പ് കളക്ഷന്‍ കണ്ടു കണ്ണുതളളി! ഞാനും ചെരുപ്പുമായി പ്രത്യേകിച്ച് ബന്ധമൊന്നും ഇല്ല. എങ്കിലും കെട്ടിയോന്റെ അനിയന്‍ ഇന്ത്യയിലെ പ്രമുഖ ചെരുപ്പ് നിര്‍മാണ കമ്പനിയായ പാരഗണിലാണ് ജോലി; അങ്ങനെയൊരു ബന്ധം വേണമെങ്കില്‍ പറയാം. ഇതൊഴിച്ചാല്‍ ചെരുപ്പുകളോട് വല്ലാത്തൊരു അഭിനിവേശം എനിക്കില്ല.

ഞാന്‍ ആറിലോ ഏഴിലോ പഠിക്കുന്ന സമയം. അന്നൊക്കെ ഒരേ കാലയളവില്‍ പരമാവധി മൂന്ന് ചെരുപ്പുകളാണ് ഉണ്ടാവുക. സ്‌കൂളിലും ഞായറാഴ്ച വേദേശത്തിനും പോകാന്‍ ഒന്ന്. മാമ്മോദിസാ, കുര്‍ബാന കൈകൊള്ളപ്പാട്, കല്യാണം, പെരതാമസം, മരണം, പെരുനാള്‍ തുടങ്ങി നാലാള്‍ കൂടുന്നിടത്ത് പോകാന്‍ മറ്റൊന്ന്. വീട്ടിലും പറമ്പിലും റേഷന്‍കടയിലും വറീത് ചേട്ടത്തിന്റെ കടയില്‍ ഉണക്കമീന്‍ വാങ്ങാനും പോകുമ്പോള്‍ ഒരു ഒടംകൊല്ലി ചെരുപ്പ്. ആദ്യ രണ്ട് സ്ഥാനക്കാര്‍ ഒട്ടും മോശക്കാരാവാതിരിക്കാന്‍ അമ്മ ശ്രദ്ധാലുവായിരുന്നു. പക്ഷേ മൂന്നും ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ എക്‌സ്‌ചേഞ്ച് ചെയ്യുക എന്നത് അപ്രാപ്യമാണ്. വളരെ അടുക്കും ചിട്ടയും ഉള്ള ടിടി ആനി എന്ന എന്റെ സ്വന്തം അമ്മ ഒരിക്കലും അനുവദിക്കുമായിരുന്നില്ല.

അങ്ങനെയിരിക്കെ ഞാന്‍ രണ്ടാമത് പറഞ്ഞ ഗണത്തിലേക് ഒരു ചെരുപ്പ് വാങ്ങി. ചാര നിറം. സ്റ്റീല്‍ ബക്കിള്‍. ക്യൂട്ട് ആയ ബാക് സ്ട്രാപ് ചെരുപ്പ്. അത് വരെ ഞാന്‍ ഉപയോഗിച്ചിട്ടുള്ളത്തില്‍ ഏറ്റവും ബെസ്റ്റ്. എനിക്കും ചേച്ചിക്കും ഒരേ പോലെ രണ്ടു ചെരുപ്പുകള്‍. ഒരുപോലെ ഡ്രസ്സുകള്‍ ഇട്ടിട്ടുണ്ടെങ്കിലും അന്നാദ്യമാണ് ഞങ്ങളുടെ ചെരുപ്പുകളില്‍ സാമ്യം ഉണ്ടാകുന്നത്. ഏതായാലും സംഗതി കളറായി. ഇഷ്ടപ്പെട്ട സാധനം കൈയില്‍ കിട്ടുമ്പോള്‍ ഉണ്ടാകുന്ന ആത്മനിര്‍വൃതി ഞാനന്ന് അനുഭവിച്ചു. ഇതെവിടെ പ്രദര്‍ശിപ്പിക്കും എന്നായി അടുത്ത ചിന്ത. സ്‌കൂളിലേക്ക് ഇട്ടുകൊണ്ട് പോകാന്‍ അമ്മ സമ്മതിക്കില്ല. അതുകൊണ്ടുതന്നെ ചോദിച്ചുമില്ല. നാലാള്‍ കൂടുന്ന ഒരു പരിപാടി വരണം. കാത്തിരിക്കാന്‍ ക്ഷമയുമില്ല. അമ്മയ്ക്ക് ഡ്യൂട്ടി ഉള്ള ഞായറാഴ്ച അമ്മയറിയാതെ പള്ളിയില്‍ പോയപ്പോള്‍ പുത്തന്‍ ചെരുപ്പിട്ടു. അമ്മ വരുന്നതിന് മുമ്പേ വെള്ളം മുക്കി തുടച്ചു ചെരുപ്പ് യഥാസ്ഥാനത്ത് തിരികെ സ്ഥാപിച്ചു. എങ്കിലും മനസ്സിനൊരു സംതൃപ്തി ലഭിച്ചില്ല, അത് ലഭിക്കണമെങ്കില്‍ മിനിമം ഒരു പെരുന്നാളിനെങ്കിലും പോകണം. എന്റെ ചെരുപ്പിനെപ്പറ്റി നാലാള്‍ ചോദിക്കണം. അങ്ങനെ ആഗ്രഹിച്ചു മോഹിച്ചിരിക്കുമ്പോഴാണ് ബിജച്ചന്റെ (അമ്മയുടെ കസിന്‍) കല്യാണം. പെരുന്നാള്‍ മോഹിച്ചിരിന്ന എനിക്ക് അതൊരു ഓണം ബംബര്‍ ആയി. കല്യാണ ദിവസം ആകാന്‍ ബിജച്ചനേക്കാള്‍ കാത്തിരുന്നത് ഞാനായിരുന്നു. എന്റെ മനസുമുഴുവന്‍ എന്റെ ചെരുപ്പായിരുന്നു. അതുമിട്ട് കല്യാണത്തിന് വിലസുന്നത് സ്വപ്‌നം കണ്ടു.

കല്യാണത്തലേന്ന് ചെരുപ്പൊക്കെ ഇട്ടുനോക്കി തുടച്ച് വൃത്തിയാക്കി വാതിലിന് പുറത്ത് സ്ഥാപിച്ചു. ചേച്ചിയുടെയും എന്റെയും ചെരുപ്പുകള്‍ അങ്ങനെ ആ രാത്രി ഞങ്ങളുടെ സുന്ദരമായ കാലുകളും സ്വപ്‌നം കണ്ട് നിലാവിനെ നോക്കി കിടന്നു. രാവിലെ കുളിച്ചു ഡ്രസ്സ് ഒക്കെ സെറ്റ് ആക്കി മുഖം മിനുക്കി ചെരുപ്പ് അന്വേഷിച്ചു വാതിലിനു പുറത്തിറങ്ങി. എന്റെ ഇടതുകാല്‍ കാത്തിരുന്ന ചെരുപ്പ് മാത്രം അപ്രത്യക്ഷമായിരിക്കുന്നു. ചേച്ചിയുടെ ചെരുപ്പും എന്റെ വലതുകാലിലെ ചെരുപ്പും യഥാസ്ഥാനത്തു ഉണ്ട്. ഇത് കണ്ടപാടെ ഞാന്‍ അലറി വിളിച്ചു. തേങ്ങലടിച്ചു കരഞ്ഞു. അതിനിടയില്‍ ഞാന്‍ മുറ്റം മുഴുവന്‍ പരതി. അവിടെയെങ്ങും എന്റെ ചെരുപ്പില്ല. ഞാന്‍ നിമിഷ നേരം കൊണ്ട് പറമ്പുമുഴുവന്‍ ഓടി നടന്ന് അന്വേഷിച്ചു. ചെരുപ്പിന്റെ പൊടിപോലും കണ്ടില്ല. ഒടുവില്‍ ഒരു ഭ്രാന്തിയെപ്പോലെ ഞാന്‍ തൊട്ടടുത്ത ജോയിച്ചേട്ടന്റെ പറമ്പിലേക്കോടി. അവിടെ ഞാന്‍ എന്റെ ചെരുപ്പ് കണ്ടു. കമന്ന് കിടക്കുകയായിരുന്ന അവനെ ഞാന്‍ തിരിച്ചിട്ടു. അവന്റെ കോലം കണ്ട് എന്റെ കരച്ചില്‍ നിയന്ത്രണാതീതമായി. അവനെ ആരോ അതി ക്രൂരമായി പിച്ചിച്ചീന്തിയിരിക്കുന്നു. അമ്മയും ചേച്ചിയും എന്നെ സമാധാനിപ്പിച്ചു. എന്റെ മനസിന്റെ വേദന അവര്‍ക്കറിയില്ലല്ലോ? അപ്പോള്‍ തന്നെ പ്രതിയുടെ മുഖം എന്റെ മനസ്സില്‍ തെളിഞ്ഞു. ദേസുട്ട്യേട്ടന്റെ വീട്ടിലെ പട്ടി റിക്കി.
ഞാന്‍ രണ്ടും കല്പിച്ച് ദേസുട്ട്യേട്ടന്റെ വീട്ടിലേക്കോടി. വളരെ സ്‌നേഹത്തോടെ കഴിയുന്ന അയല്‍ക്കാരാണ് ഞങ്ങള്‍. റിക്കിയെ കൈയില്‍ കിട്ടിയാല്‍ കൊല്ലാനുള്ള ദേഷ്യത്തോടെയാണ് എന്റെ ഓട്ടം. വീടിന്റെ ഗേറ്റ് കടന്നപ്പോഴേ എന്റെ ഓട്ടത്തിന്റെ വേഗത കുറഞ്ഞു. കൂട്ടിനുള്ളിലെ പല്ലും കാണിച്ചുള്ള അവന്റെ നില്‍പ്പ് കണ്ടപ്പോഴേ എന്റെ ദേഷ്യം തണുത്തു. വേറെ ഒന്നുമല്ല എനിക്കവനോട് പെട്ടന്ന് തോന്നിയ സ്‌നേഹവുമല്ല, വാത്‌സല്യവുമല്ല…പേടി! പണ്ടേ മൃഗങ്ങളെ ഭയമാണ്. പ്രത്യേകിച്ച് പട്ടികളെ. നിവൃത്തിയില്ലാതെ ഞാന്‍ തിരിഞ്ഞു നടന്നു. അതിനിടയില്‍ ദേസുട്ട്യേട്ടന്റെ ഒരേ ഒരു പുത്രന്‍ ബിട്ടു ചേട്ടനോട് ഞാന്‍ എന്റെ സങ്കടം പറഞ്ഞു. ‘അത് പോട്ടെടി മിണ്ടാപ്രാണിയല്ലേ, അതിനെന്തറിയാം.’ എന്ന മറുപടി. ഇതുകൂടെ കേട്ടപ്പോള്‍ ഒന്നും പറയാതെ ഞാന്‍ തിരികെ വീട്ടിലേക്കോടി. വീട്ടിലെത്തിയപ്പോഴേക്കും അമ്മയും ചേച്ചിയും കല്യാണത്തിന് പോകാന്‍ റെഡിയായി നില്കുന്നു. ചേച്ചിയുടെ കാലിലെ ചെരുപ്പിന്റെ ഭംഗി എന്നെ കൂടുതല്‍ വിഷമിപ്പിച്ചു. ഒടുവില്‍ സ്‌കൂളിലേക്ക് ഇടുന്ന ചെരുപ്പ് എനിയ്ക്ക് രക്ഷകനായി. അതും ധരിച്ച് ഞാന്‍ ബിജച്ചന്റെ കല്യാണത്തിന് പോയി. കല്യാണത്തിന് മുഴുവന്‍ ഞാന്‍ മുഖം വീര്‍പ്പിച്ചു നടന്നു. ദിവസങ്ങള്‍ കടന്ന് പോയി. എന്റെ വിഷമം കണ്ട് അധികം വൈകാതെ അമ്മ മറ്റൊരു ചെരുപ്പ് വാങ്ങി. അതിനും എന്നെ പൂര്‍ണമായി സന്തോഷിക്കാന്‍ സാധിച്ചില്ല.

അങ്ങനെയിരിക്കെ ഒരു ദിവസം ദേസുട്ട്യേട്ടന്റെ വീട്ടില്‍ ഭയങ്കര ബഹളം. റിക്കിയുടെ കരച്ചില്‍ കേള്‍ക്കാം. ഞങ്ങള്‍ ഓടി ചെല്ലുമ്പോള്‍ ബിട്ടു ചേട്ടന്‍ നിന്ന് വിറക്കുന്നുണ്ട്. ചേട്ടന്റെ വില കൂടിയ ഷൂ റിക്കി കടിച്ചു കീറി. പെട്ടന്ന് എനിക്ക് ചിരി വന്നു. എന്റെ മനസ്സില്‍ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല! ‘അത് പോട്ടെ ചേട്ടാ… മിണ്ടാപ്രാണിയല്ലേ, അതിനെന്തറിയാം.’ എന്ന് ബിട്ടു ചേട്ടനോട് പറയണം എന്നെനിയ്ക്കുണ്ടായിരുന്നെങ്കിലും ഞാന്‍ ആ ഡയലോഗ് മനഃപൂര്‍വം വിഴുങ്ങി. മനസ്സില്‍ അട്ടഹസിച്ചു കൊണ്ട് ഞാന്‍ വീട്ടിലേക്ക് തിരിഞ്ഞു നടന്നു.

കാലം കടന്നുപോയി. അനവധി ചെരുപ്പുകള്‍ എന്റെ കാലുകളില്‍ കയറി ഇറങ്ങി. ചിലത് വില കൂടിയത്. മറ്റു ചിലത് സൗകര്യപ്രദമായത്. പക്ഷേ ഒന്നിനും ആ ചാരനിറത്തിലുള്ള സ്റ്റീല്‍ ബക്കിളുള്ള ബാക് സ്ട്രാപ് ചെരുപ്പിന്റെ സ്ഥാനമില്ല. അത് ഒരു പാദരക്ഷ മാത്രമല്ല, എന്റെ ബാല്യത്തിന്റെ ഭാഗമായിരുന്നു. ഇന്നും മനസ്സിന്റെ ഏതോ കോണില്‍ അതൊരു വിങ്ങലായി നിലനില്‍ക്കുന്നു!

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top