Sauditimesonline

4 MEHANDI
മൈലാഞ്ചി മൊഞ്ചില്‍ പൊന്‍നാണയം; റിയാദില്‍ 'മിഅ' മെഹന്ദി ഫെസ്റ്റ്

മരുഭൂമിയിൽ പൂത്ത ഉമ്മ മനസ്സ്

റാഫി പാങ്ങോട്
2017 മെയ് മാസത്തിലെ ഒരു സാധാരണ പ്രഭാതം. റിയാദിലെ ജവാസാത്ത് ഓഫീസിലെ തിരക്കിനിടെ ബ്രിഗേഡിയര്‍ ജനറല്‍ ആദില്‍ ബക്കറിനെ കാണാനുള്ള നീണ്ട കാത്തിരിപ്പ്. അപ്രതീക്ഷിതമായി എന്നെ തേടിയെത്തിയ ഒരു സൗദി യുവാവിന്റെ മലയാളം വാക്കുകള്‍ എന്നെ അത്ഭുതപ്പെടുത്തി.

“കേരളത്തില്‍ എവിടെയാണ്?”
സലാം പറഞ്ഞ് ഷെയ്ക് ഹാന്റ് നല്‍കി പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ പേര് തലാല്‍ മുബാറക്. മരുഭൂമിയിലെ അറബ് മക്കള്‍ക്ക് അമ്മിഞ്ഞപ്പാല്‍ നല്‍കി വളര്‍ത്തിയ ഒരമ്മയുടെ കഥ അവന്‍ പറഞ്ഞു. കൗതുകത്തോടെ ഞാന്‍ കാതോര്‍ത്തു.

കൊല്ലം പള്ളിമുക്കിന്റെ സുഗന്ധമുളള അറബി വീട്ടില്‍ ഞാന്‍ പേയി. അവിടെ, സ്വര്‍ണ്ണവും പട്ടും അണിഞ്ഞ്, അറബി കുടുംബത്തിന്റെ രാജ്ഞിയായി വാഴുന്ന മലയാളിയായ ഖദീജ ഉമ്മയെ ഞാന്‍ കണ്ടു. വിധവയായി! ജീവിതം വഴിമുട്ടിയപ്പോള്‍ ഗള്‍ഫിലേക്ക് വണ്ടി കയറിയ സാധാരണക്കാരിയായ മലയാളി സ്ത്രീ. കൂലിപ്പണിക്ക് എത്തിയ അവള്‍, ആ വീട്ടിലെ മക്കള്‍ക്ക് ഉമ്മയായി മാറി. ഒരു രാത്രിയില്‍ പ്രസവത്തിനിടയില്‍ മരിച്ച അറബി സ്ത്രീയുടെ കുഞ്ഞിനെ സ്വന്തം നെഞ്ചോടു ചേര്‍ത്തപ്പോള്‍, ഖദീജ ഉമ്മ ജോലിക്കാരി എന്നതിലുപരി അവരുടെ ദൈവമായി ആ വീട്ടില്‍ പുനര്‍ജനിക്കുകയായിരുന്നു.

പക്ഷേ, കാലം മറ്റൊരു പരീക്ഷണമാണ് അവര്‍ക്ക് സമ്മാനിച്ചത്. സ്വന്തം മക്കളെ കാണാനുള്ള കൊതിയുമായി നാടണഞ്ഞ ഖദീജ ഉമ്മയ്ക്ക് അവിടെ കാത്തിരുന്നത് സ്‌നേഹത്തിന്റെ ഇളംകാറ്റായിരുന്നില്ല, പകരം അവഗണനയുടെ തീഷ്ണമായ വെയിലായിരുന്നു. മണലാരണ്യത്തില്‍ അധ്വാനിച്ച പണം മുഴുവന്‍ മക്കള്‍ക്കു സമ്മാനിച്ചു. അവര്‍ വീടുവാങ്ങി, ആഡംഭര വാഹനം വാങ്ങി. എന്നാല്‍ സ്വന്തം ഉമ്മ അറബി വീട്ടിലെ വേലക്കാരിയാണെന്ന പുച്ഛമായിരുന്നു മക്കള്‍ക്ക്! മക്കളുടെ ജീവിത നിലവാരത്തിനും അന്തസ്സിനും ഉമ്മയെ പറ്റാതായി. ഇതോടെ മാനസിക വൈകല്യം ആരോപിച്ച് ബീമാപള്ളിയിലെ ഏകാന്തതയിലേക്ക് തള്ളപ്പെട്ടു.

രക്തബന്ധത്തിന്റെ കയ്പുനീര്‍ കുടിക്കുമ്പോള്‍, അവള്‍ മറന്ന ഒന്നുണ്ടായിരുന്നു; താന്‍ പകര്‍ന്നു നല്‍കിയ സ്‌നേഹത്തിന്റെ വേരുകള്‍ ഗള്‍ഫിലെ മണലില്‍ എത്രത്തോളം ആഴത്തില്‍ പടര്‍ന്നിട്ടുണ്ടെന്ന്! അറബി വീട്ടില ഹൗസ് ഡ്രൈവറാണ് ഖദീജ ഉമ്മ ബീമാപളളിയില്‍ ഏകാന്തവാസം അനുഭവിക്കുന്നത് അിറഞ്ഞത്. ഇത് സൗദിയിലെ മക്കളെ അറിയിച്ചു. അവര്‍ ഉമ്മയെ തേടി തിരുവനന്തപുരത്തെത്തി. ഉമ്മയെ കണ്ട ആ അറബി മക്കള്‍ തേങ്ങലടിച്ചു കരഞ്ഞു. ഖദീജ ഉമ്മ വീണ്ടും റിയാദിലേക്ക് പറന്നു. ഒടുവില്‍, വര്‍ഷങ്ങള്‍ക്കിപ്പുറം സ്വന്തം മക്കളുടെ പശ്ചാത്താപം കേള്‍ക്കുമ്പോള്‍, ആ ഉമ്മയുടെ കണ്ണുകളില്‍ നിറഞ്ഞത് സങ്കടമല്ല, മറിച്ച് എല്ലാ മുറിവുകളും ഉണക്കിയ സ്‌നേഹത്തിന്റെ നിറവായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം മക്കളെ ഉംറ വിസയില്‍ സൗദിയില്‍ കൊണ്ടുവരുകയും മക്കയില്‍ രക്ത ബന്ധമുളള മക്കളെ കാണാനും അറബി മക്കള്‍ അവസരം ഒരുക്കി. ഉമ്മ മക്കള്‍ക്ക് എല്ലാം പൊറുത്തു കൊടുത്തു. അതാണ് ഉമ്മ മനസ്സ്.

രക്തബന്ധങ്ങള്‍ പലപ്പോഴും വറ്റിവരളാറുണ്ട്, എന്നാല്‍ ഹൃദയം കൊണ്ട് നെയ്ത ബന്ധങ്ങള്‍ മരണത്തിന് പോലും മായ്ക്കാനാവില്ല എന്ന് ഖദീജ ഉമ്മ ഓര്‍മ്മിപ്പിക്കുന്നു. അവര്‍ ഇന്ന് ഇല്ല.പക്ഷേ, ആ ജീവിതം ഒരു വലിയ പാഠമായി അവശേഷിക്കുന്നു. ഉമ്മയുടെ സ്‌നേഹത്തിന് അതിരുകളില്ല, മനുഷ്യത്വത്തിന് വംശമോ വര്‍ഗ്ഗമോ ഇല്ല. കഥകളുടെ മരുഭൂമിയില്‍ ഖദീജ ഉമ്മ ഒരു നക്ഷത്രമായി എക്കാലവും ജ്വലിച്ചുനില്‍ക്കും!

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top