അച്ഛന്റെയും അമ്മയുടെയും വിവാഹ വാര്‍ഷിക നാളിലാണ് അച്ഛനോട് ഫോണില്‍ ആദ്യമായി ഞാന്‍ സംസാരിക്കുന്നത്. ഏപ്രില്‍ 9നു. എന്റെ വിവാഹ നിശ്ചയം കഴിഞ്ഞശേഷമുള്ള ആദ്യത്തെ ആഴ്ച്ച. ഭാവി അമ്മായിയച്ഛനോട് സംസാരിക്കുന്നതിന്റെ പരിഭ്രമവും വേവലാതിയും! മോളൂ എന്ന വിളിയില്‍ എല്ലാം അലിയിച്ചു കളഞ്ഞു അച്ഛന്‍.
വളരെക്കാലം പരിചയമുള്ള ഒരാളോട് സംസാരിക്കുന്നതുപോലെ..! ഇടക്ക് തമാശകള്‍ പറഞ്ഞു… പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. നിഷ്‌കളങ്കമായ ചിരിയായിരുന്നു അച്ഛന്റെ മുഖമുദ്ര. മനസ്സില്‍ സ്‌നേഹവും നന്മയും കാത്തു സൂക്ഷിക്കുന്നവര്‍ക്കു മാത്രം സ്വായത്തമായ പ്രസന്നമായ ചിരി.
വലിപ്പച്ചെറുപ്പമോ പ്രായവ്യത്യാസമോ നോക്കാതെ എല്ലാവരോടും ഒരുപോലെ ഇടപെട്ടിരുന്ന ആളായിരുന്നു അച്ഛന്‍. അതുകൊണ്ടുതന്നെ ഞങ്ങളുടെ കൂട്ടുകാരെല്ലാം അച്ഛന്റെയും സൗഹൃദപ്പട്ടികയിലുണ്ടായിരുന്നു. കുടുംബ ബന്ധങ്ങളായാലും സൗഹൃദങ്ങളായാലും ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ അച്ഛന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എല്ലാവരെയും ഓര്‍ത്തുവച്ചു വിളിക്കുന്നതും മെസ്സേജ് അയക്കുന്നതും കാണുമ്പോള്‍ ആ കാര്യത്തില്‍ വളരെ പിറകിലായ എനിക്കു പലപ്പോഴും അദ്ഭുതമായിരുന്നു. ചുറ്റുമുള്ളവര്‍ തളര്‍ന്നുപോയ എത്രയോ അവസരങ്ങളില്‍ ഒന്നും പ്രതീക്ഷിക്കാതെ അവര്‍ക്കു കൈത്താങ്ങായിട്ടുണ്ട് അച്ഛന്‍. എന്തിനുമേതിനും ഒരു വിളിപ്പുറത്തുണ്ടായിരുന്നു. വീട്ടിലെ എല്ലാ ആവശ്യങ്ങള്‍ക്കും ഏതാഘോഷങ്ങള്‍ക്കും കൈസഹായമായി കൂടെയുണ്ടാവും. ഇന്നിപ്പോള്‍ സദ്യ ഒരുക്കുന്നതിനിടെ തിരിഞ്ഞു നോക്കുമ്പോള്‍ അളന്നുമുറിച്ചപോലെ പച്ചക്കറി നുറുക്കിത്തരുന്ന അച്ഛനവിടെയില്ല എന്നു ഉള്‍ക്കൊള്ളാനാകുന്നില്ല.
എനിക്കിഷ്ടപ്പെട്ട പൊട്ടറ്റോ ചിപ്‌സ് വാങ്ങിത്തരാന്‍, ട്രോള്‍സ് പറഞ്ഞു ചിരിക്കാന്‍, ഫുട്‌ബോളിനെ പറ്റി ചര്‍ച്ച ചെയ്യാന്‍ അച്ഛനില്ല. ആ ചിരിയും സ്‌നേഹവും ഓര്‍മകളിലേക്ക് മാത്രമാക്കി അച്ഛന്‍ മടങ്ങി, ഒരുവാക്കുപോലും പറയാതെ. അച്ഛനെപ്പോഴും ഇരിക്കാറുള്ള ഡൈനിങ്ങ് ടേബിളിന്റെ ആ കസേര ഒഴിഞ്ഞു കിടക്കുന്നു. ഞങ്ങളുടെ മനസുകളില്‍ അച്ഛന്‍ ബാക്കിവച്ച ശൂന്യതപോലെ. ചുവരിലെ ഫോട്ടോയില്‍ കാണുന്ന അച്ഛനെ ഉള്‍കൊള്ളാന്‍ എത്ര ശ്രമിച്ചിട്ടും സാധിക്കാതെ മനസ്സു കലഹിച്ചുകൊണ്ടേയിരിക്കുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.