കഥ | അബ്ദുള്‍കലാം ആലങ്കോട്
പുഞ്ചിരിയില്ലാത്ത മുഖത്തോടെ ലക്ഷ്മി ടീച്ചറെ സങ്കല്‍പ്പിക്കുക അസാധ്യം. പേര് പോലെ തന്നെ ടീച്ചറിന്റെ പെരുമാറ്റവും പ്രസന്നതയും മര്യാദയും നിറഞ്ഞതായിരുന്നു. അമ്പലത്തില്‍ പോയി ചന്ദനവും തൊട്ട് വരുന്നത് കണ്ടാല്‍ സാക്ഷാല്‍ ലക്ഷ്മി ദേവിയാണ് ഇറങ്ങി വരുന്നത് എന്ന് തോന്നി പോകും.
അമ്പലത്തില്‍ നിന്നും വരുന്ന വഴി റഹീമിന്റെ വീടിന്റെ മുന്നില്‍ എത്തുമ്പോള്‍ ടീച്ചര്‍ നീട്ടി വിളിക്കും.
‘ഉമ്മാ, റഹീം ഏണീറ്റോ?’
റഹീമാണ് മറുപടി പറയുക ‘ദാ ലക്ഷ്മിയേച്ചി ഞാനെത്തി’ എന്നും പറഞ്ഞു പുസ്തകവുമായി റഹീം ടീച്ചര്‍ക്കൊപ്പം നടന്നു നീങ്ങും. ടീച്ചറിന്റെ സംസാരം കേള്‍ക്കാന്‍ റഹീമിന് എന്നും ആവേശമാണ്. ഭാവിയെ കുറിച്ചു നമുക്കൊരു ലക്ഷ്യം ഉണ്ടാവണമെന്നും അതിനായെന്തൊക്കെ ചെയ്യണമെന്നും വളരെ മനോഹരമായി പറഞ്ഞു തരും ടീച്ചര്‍. സിവില്‍ സര്‍വീസില്‍ ചേരണമെന്നാണ് ടീച്ചറിന്റെ ആഗ്രഹം. അതിനെ കുറിച്ച് പറയുമ്പോള്‍ ചേച്ചിയുടെ കണ്ണുകളിലെ നിശ്ചയദാര്‍ഢ്യം അവന്‍ ശ്രദ്ധിക്കുമായിരുന്നു.
ടീച്ചറിന്റെ വീട്ടില്‍ എത്തുമ്പോഴേക്കും അമ്മ നല്ല സ്വാദുള്ള പാല്‍ക്കാപ്പി ഉണ്ടാക്കിയിട്ടുണ്ടാകും. അത് കുടിച്ചു തീരുമ്പോഴേക്കും ടൂഷന്‍ പഠിക്കാനുള്ള കുട്ടികള്‍ ഓരോരുത്തരായി എത്തിച്ചേരും. പഠനത്തില്‍ അല്പം പിന്നോക്കമാണ് റഹിം. അങ്ങനെയുള്ള കുട്ടികള്‍ക്ക് വേണ്ടിയാണ് ലക്ഷ്മിയേച്ചി ട്യൂഷന്‍ എടുക്കുന്നത്. ചേച്ചിയുടെ ആത്മാര്‍ത്ഥമായ പരിശ്രമത്താല്‍ ഉയര്‍ന്ന മാര്‍ക്കില്‍ തന്നെ എല്ലാ കുട്ടികളും പത്താംതരം പാസ്സായി. ചേച്ചിക്കും അമ്മക്കുമായിരുന്നു ഏറെ സന്തോഷം; അവരാണ് പായസവും ലഡുവുമെല്ലാം വാങ്ങി എല്ലാവര്‍ക്കും കൊടുത്തത്.
പെണ്‍കുട്ടികള്‍ മാത്രമുള്ള ലക്ഷ്മിയേച്ചിയുടെ അച്ഛനും അമ്മക്കും റഹിം സ്വന്തം മകനെപ്പോലെ തന്നെയായിരുന്നു. ചെറിയ ശമ്പളക്കാരനായിരുന്ന അച്ഛന്റെ വരുമാനം കൊണ്ട് മാത്രം ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ അവര്‍ വളരെ പ്രയാസപ്പെട്ടിരുന്നു. രാവിലെകളിലും വൈകുന്നേരങ്ങളിലും ചേച്ചി എടുക്കുന്ന ട്യൂഷനില്‍ നിന്നും ലഭിക്കുന്ന വരുമാനം അവര്‍ക്ക് വലിയൊരു ആശ്വാസമായിരുന്നു.
കാലം മുന്നോട്ടു പോകേ, ഉപരിപഠനാര്‍ത്ഥം ഓരോരുത്തരും പലയിടങ്ങളിലേക്കു ചിതറി. ആദ്യമാദ്യം റഹീമും ലക്ഷ്മിടീച്ചറും തമ്മില്‍ കൈമാറിയിരുന്ന കത്തുകളുടെ ഇടവേളകളുടെ ദൈര്‍ഘ്യം കൂടിവന്നു. പതിയെ തിരക്കുകള്‍ക്കിടയില്‍ ആ കത്തുകള്‍ നിന്നുപോയതു പോലും അവരറിഞ്ഞിരുന്നില്ല. വര്‍ഷങ്ങള്‍ ഏറെ കടന്നു പോയി.
ഏറെ നാളുകള്‍ക്കു ശേഷം നാട്ടിലെത്തിയ റഹീം സിവില്‍ സര്‍വീസ് കാരിയായ ലക്ഷ്മിയേച്ചിയെ കാണാനുള്ള അതിയായ ആഗ്രഹത്തോടെ പുതിയ വീടന്വേഷിച്ച് കണ്ടത്തി ചേച്ചിയുടെ വീട്ടിലേക്കു പോയി.
ചെറുതെങ്കിലും മനോഹരമായിരുന്നു പഴയ വീട്. പുതിയ വീട് ഇത് തന്നെയോ? അഡ്രസ്സ് ശരിയാണ്, ചുറ്റുവട്ടത്തൊന്നും മറ്റു വീടുകളും ഇല്ല. പക്ഷേ ഒരു സിവില്‍ സര്‍വീസ്‌കാരിയുടെ വീടിന്റെ യാതൊരു പത്രാസും ഇല്ലാത്ത ഒരു ഓലപ്പുരയാണല്ലോ ഇത്. റഹീമിനെ കണ്ടിറങ്ങി വന്ന സ്ത്രീക്ക് പണ്ട് ഐശ്വര്യത്തിന്റെ പര്യായമായിരുന്ന ലക്ഷ്മിയേച്ചിയുടെ വിദൂരഛായ. റഹിമിനുണ്ടായ ഷോക്ക് ചെറുതായിരുന്നില്ല. പ്രസന്നതയും പുഞ്ചിരിയും നഷ്ടപ്പെട്ട് കണ്ണിനു ചുറ്റും കറുപ്പ് ബാധിച്ച പെണ്‍കോലത്തില്‍ ഒരു ദുഃഖപുത്രി. റഹീമിനെ കണ്ടതും ചേച്ചിയുടെ അമ്മ വന്നു മുറുകെ കെട്ടിപ്പിടിച്ചു. അമ്മയുടെ ചങ്കിലെ വിതുമ്പല്‍ അവന്റെ ഹൃദയം ഏറ്റുവാങ്ങി. വിതുമ്പല്‍ ഏങ്ങലായി, പിന്നെ ഏറെ നാളായി കാത്തിരുന്ന ആരോടോ പറയാന്‍ ബാക്കിവച്ചിരുന്ന സങ്കടങ്ങള്‍ ഒരു പൊട്ടിക്കരച്ചിലായി. അമ്മയുടെ കണ്ണുകളില്‍ നിന്നും പുറപ്പെട്ട ധാരയില്‍ റഹീം കുറ്റബോധത്താല്‍ നനഞ്ഞു. നിറഞ്ഞ കണ്ണുകള്‍ കണ്ട ചുവരിലെ ചിത്രത്തിന് വ്യക്തത ഉണ്ടായിരുന്നിട്ടില്ല. കണ്ണ് തുടച്ചു റഹീം വീണ്ടും ചുവരിലേക്കു നോക്കി, തിരി തെളിച്ചു മാലയിട്ടു തൂക്കിയിരിക്കുന്നതു അച്ഛന്റെ ഫോട്ടോയാണ്. എന്നെ ഇന്നത്തെ ഞാനാക്കിയ ലക്ഷ്മിയേച്ചിയെയും അമ്മയെയും ഞാന്‍ മുടങ്ങാതെ കോണ്‍ടാക്ട് ചെയ്യണമായിരുന്നു.
റഹിമില്‍ നിന്നും പയ്യെ അകന്നു മാറി ‘അമ്മ പറഞ്ഞു ‘മോനെ കാപ്പിക്ക് പാലില്ലല്ലോ’. എത്രയോ വട്ടം സ്വാദുള്ള പാല്‍ക്കാപ്പി തന്ന അമ്മയുടെ മുഖത്ത് വിഷാദം. എന്റെ നോട്ടം വീണ്ടും ഭിത്തിയിലെ അച്ഛന്റെ ചിത്രത്തിലേക്ക് പോയത് കണ്ടുകൊണ്ടാവണം ‘അമ്മ പറഞ്ഞു തുടങ്ങി.
ഉള്ളതുകൊണ്ട് സുഖവും സന്തോഷവുമായി കഴിഞ്ഞ അവരുടെ ജീവിതം അച്ഛന്റെ മരണത്തോടെയാണ് ഈ ദുരവസ്ഥയിലേക്കു കൂപ്പു കുത്തിയത്. വഴിമുട്ടിയ ജീവിതത്തിനു മുന്നില്‍ സിവില്‍ സര്‍വീസ് എന്ന മോഹം ഉപേക്ഷിച്ച ചേച്ചി ജീവിക്കാനായി കൂലിപ്പണിക്ക് പോകാന്‍ തുടങ്ങി. അച്ഛന്റെ മരണ ശേഷം ഞങ്ങള്‍ പെണ്ണുങ്ങള്‍ മാത്രമേ ഇവിടെയുള്ളു എന്നറിയാവുന്ന ചിലര്‍ പലരീതിയിലും ഞങ്ങളെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. അപ്പോഴാണ് അച്ഛന്റെ ഒരു ബന്ധു ലക്ഷ്മിമോളെ അദ്ദേഹത്തിന്റെ മകന് വേണ്ടി ആലോചിക്കുന്നത്. അല്‍പ്പം പ്രായക്കൂടുതല്‍ ഉണ്ടായിരുന്നുവെങ്കിലും ജാതകത്തിലെ നൂറില്‍ നൂറ് പൊരുത്തവും ഒരു പോലീസ് ഉദ്യോഗസ്ഥനും കൂടി ആണെന്നറിഞ്ഞതോടെ കൂടുതല്‍ ആലോചനകള്‍ക്കു പോകാതെ അവരുടെ കല്ല്യാണം നടത്തി. അയാള്‍ സ്ത്രീലമ്പടനും മുഴുക്കുടിയനുമാണെന്നു അറിയുമ്പോഴേക്കും ഏറെ വൈകിയിരുന്നു. പിന്നൊരു ദിവസം പോലും എന്റെ മോള്‍ സമാധാനത്തോടെ ഉറങ്ങിയിട്ടില്ല. തൊട്ടതിനും പിടിച്ചതിനും എല്ലാം കുറ്റം. അവള്‍ ചെറുപ്പമായതിനാല്‍ അവളെ സംശയമായിരുന്നു. ആരോടും മിണ്ടാനോ എവിടെയെങ്കിലും പോകാനോ അനുവാദമുണ്ടായിരുന്നില്ല. സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരിലുള്ള ഉപദ്രവം, അന്യ സ്ത്രീകളുമായി വീട്ടിലേക്കു വരുക, ഇങ്ങനെ നരകയാതനകളെല്ലാം ഞങ്ങളുടെ കഷ്ടപ്പാട് ഓര്‍ത്തു അവള്‍ സഹിച്ചു. ലക്ഷ്മിയുടെ അനുജത്തി രേഖയെ ഉപദ്രവിക്കാന്‍ തുടങ്ങിയപ്പോള്‍ അവളെ എന്റെ ചേച്ചിയുടെ അടുത്താക്കി, അല്ലായിരുന്നെങ്കില്‍, ‘അമ്മ മുഴുമിക്കാതെ പേടിയോടെ നിര്‍ത്തി.
അമ്മ വിതുമ്പലക്കടി വര്‍ത്തമാനം പറയുന്നതിനിടയില്‍ ബൈക്കില്‍ വന്ന ഒരാള്‍ ബൈക്ക് സ്റ്റാന്‍ഡില്‍ വച്ച് ആടിയാടി വീട്ടിലേക്കു വരുന്നത് കണ്ട് അവര്‍ എണീറ്റു. റഹീമിനെ കണ്ടതും വളരെ ദേഷ്യത്തോടെ കുഴഞ്ഞ നവോടെ അയാള്‍ ചോദിച്ചു ‘ആരെയാ ഞാനില്ലാത്ത നേരം നോക്കി അമ്മയും മോളും കൂടി വീട്ടീ കേറ്റിരിക്കുന്നത്, എന്തായാലും സ്ത്രീധനമായി നിങ്ങളൊന്നും തന്നിട്ടില്ല, ഇങ്ങനെയെങ്കിലും പത്തുപൈസയുണ്ടാക്കി തരാന്‍ നോക്ക് തള്ളേ….
‘ദൈവ ദോഷം പറയാതെ വേണൂ, അത് ലക്ഷ്മി പഠിപ്പിച്ച കുട്ടിയാണ്’ ‘ഓഹോ എന്നാല്‍ ആ കുട്ടിയെ എടുത്തങ്ങു തോളില്‍ ഇട്ടോ’ എന്നും പറഞ്ഞു അമ്മയെ ഒരു തള്ളും കൊടുത്ത് അയാള്‍ അകത്തേക്ക് കയറാന്‍ ഒരുങ്ങി. വീഴാന്‍ പോയ അയാളെ ലക്ഷ്മിയേച്ചി ഓടി വന്നു വട്ടം പിടിക്കാന്‍ നോക്കിയെങ്കിലും അയാള്‍ ചേച്ചിയെയും ‘കടന്നു പോടീ മൂധേവി’എന്നും പറഞ്ഞു ആയത്തിലൊരു അടി കരണത്ത് കൊടുത്തു. അത് കൊണ്ടപാടെ ചേച്ചി മറിഞ്ഞു വീണു. തടുക്കാന്‍ ചെന്ന റഹീമിനെയും അയാള്‍ ആഞ്ഞു തള്ളി, പിന്നെ ചേച്ചിക്കിട്ടു കാല് കൊണ്ട് ഒരു ചവിട്ടും കൊടുത്താണ് അയാള്‍ റൂമിലേക്ക് പോയത്. ‘മോന്‍ വേഗം പൊയ്‌ക്കോ സ്ത്രീധനം കൊടുത്തില്ല എന്നും പറഞ്ഞു അവളെയും എന്നെയും എന്നും ഉപദ്രവിക്കും. ‘ആ അമ്മ നിസ്സഹായതോടെ കൈ കൂപ്പി.വീണു കിടക്കുന്ന ലക്ഷ്മിയെ ഒന്ന് പാളി നോക്കാനേ റഹീമിന് കഴിഞ്ഞുള്ളു. റഹീമിന്റെ കണ്ണും നിറഞ്ഞു, പുതിയ വീടിന്റെ അഡ്രസ്സ് വാങ്ങി യാത്ര പറഞ്ഞു റഹീം അവിടെ നിന്നും ഇറങ്ങി.
അവിടെ നടന്ന സംഭവങ്ങള്‍ ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. ഒരു പൂമ്പാറ്റയെപ്പോലെ പാറിപ്പടര്‍ന്ന് നടന്നിരുന്ന വളരെ ഉന്മേഷവാദിയായി സദാ പുഞ്ചിരിച്ചു നടന്നിരുന്ന കുട്ടികള്‍ക്കൊക്കെ ജീവിതത്തെ പോസറ്റീവ് ആയി നേരിടാനുള്ള പ്രചോദനം കൊടുത്തിരുന്ന ആ ലക്ഷ്മി ചേച്ചി തന്നെയാണോ ഇത്. ചേച്ചിയുടെ മോട്ടിവേഷന്‍ കേട്ട ഞങ്ങളൊക്കെ നല്ല നിലയില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ക്ക് പ്രചോദനം ആയിരുന്ന ചേച്ചിക്ക് എന്താണു പറ്റിയത്. വിധി എന്നോ, സാഹചര്യമെന്നോ ,മുന്‍പിന്‍ ആലോചിക്കാതെ എടുത്ത തെറ്റായ തീരുമാനമെന്നോ… എന്താണ് ചേച്ചിയുടെ ജീവിതം ഇങ്ങനെയായത് എന്ന് വളരെ വേദനയോടെ റഹീം ഓര്‍ത്തു. കണ്ണ് നിറഞ്ഞു കണ്ഠം ഇടറി…
ഇനി കത്തുകള്‍ മുടങ്ങരുത്, കഴിയുന്ന സഹായങ്ങള്‍ ചെയ്യണം.
അങ്ങനെ വീണ്ടും അവര്‍ തമ്മില്‍ വിശേഷങ്ങള്‍ കൈമാറാന്‍ ആരംഭിച്ചു. അപ്പോഴേക്കും ഓരു മോട്ടിവേഷന്‍ ട്രെയ്‌നറും കൂടി ആയി തീര്‍ന്നിരുന്ന റഹീം ചേച്ചിക്ക് എഴുതുന്ന കത്തുകളില്‍ എല്ലാം ഭാവിയെ കുറിച്ച് പുതിയ സ്വപ്‌നങ്ങള്‍ നെയ്യാന്‍ ആവശ്യമാകുന്ന പ്രചോദനവും നല്‍കുമായിരുന്നു. ലക്ഷ്മിയേച്ചി ആദ്യമൊക്ക കുറഞ്ഞ വാക്കുകളില്‍ എഴുത്ത് അവസാനിപ്പിക്കുമെങ്കിലും ക്രമേണ എല്ലാം തുറന്നെഴുതാന്‍ തുടങ്ങി. പക്ഷേ കുറേ കാലമായി ചേച്ചിയുടെ ഒരു വിവരവും അറിയാന്‍ കഴിയുന്നില്ല, കത്തുകള്‍ക്ക് മറുപടികള്‍ ഇല്ല. ചേച്ചിക്കും അമ്മയ്ക്കും എന്ത് പറ്റി എന്നറിയാതെ റഹീം ഒരുപാട് വിഷമിച്ചു.
അങ്ങനെയിരിക്കെ ഒരു ദിവസം ചേച്ചിയുടെ എഴുത്തു വന്നു, മദ്യപിച്ചു ബൈക്കില്‍ പോകുമ്പോള്‍ ഒരു ആക്‌സിഡന്റില്‍ ചേച്ചിയുടെ ഭര്‍ത്താവ് മരണപ്പെട്ടു എന്നും ഭര്‍ത്താവിന്റെ മരണാന്തരം ആ ജോലി ചേച്ചിക്ക് കിട്ടിയെന്നും അറിയിച്ചുകൊണ്ടുള്ള കത്തായിരുന്നു അത്. ഇപ്പോള്‍ വിധവയായി എന്നുള്ള വിഷമം മാത്രമേ ഉള്ളുവെന്നും മറ്റു പ്രയാസങ്ങള്‍ ഒന്നുമില്ല എന്നും എഴുതിയാണ് ആ കത്ത് അവസാനിപ്പിച്ചത്. വീണ്ടും റഹീം അയച്ച കത്തുകള്‍ക്ക് മറുപടിയില്ലാതെ റഹീമും കത്തുകള്‍ അയക്കുന്നത് അവസാനിപ്പിച്ചു.
വര്‍ഷങ്ങള്‍ പിന്നെയും കാലചക്രത്തില്‍ പുറകിലേക്ക് ചലിച്ചു. റഹീം ഇന്ന് സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ക്ലാസ്സെടുക്കുന്ന പ്രശസ്തനായ മോട്ടിവേഷണല്‍ ട്രെയ്‌നറും എഴുത്തുകാരനുമാണ്. ട്രെയിനിങ് സംബന്ധമായ ചില ജോലികളുടെ തിരക്കില്‍ നിന്നും താല്‍ക്കാലിക വിശ്രമത്തിനായി ഇരിക്കുമ്പോഴാണ് തനിക്കു വരുന്ന കത്തുകളും ടെലെഗ്രാമുകളും നോക്കുക. പല കമ്പനികളിലെയും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ട്രെയിനിങ്ങുമായി ബന്ധപ്പെട്ടാവും ഭൂരിപക്ഷവും. അന്നത്തെ കത്തുകളിലെ വിവരങ്ങള്‍ ഡയറിയില്‍ രേഖപ്പെടുത്തി, ഓരോ ദിവസത്തെയും മീറ്റിംഗില്‍ സംസാരിക്കേണ്ട ബിസിനസ്സ് ഡീലുകള്‍ മനസ്സില്‍ ഉറപ്പിച്ചു, താല്‍ക്കാലിക വിശ്രമത്തിനായി ലഭിക്കുന്ന ആ ചെറിയ സമയം അദ്ദേഹം കണ്ണുകള്‍ അടച്ചു.
ഞായറാഴ്ച ദിവസങ്ങളില്‍, ഡയറി നോക്കി വരുന്ന ആഴ്ചത്തെ പ്രോഗ്രാമുകള്‍ ഒന്നുകൂടി ഉറപ്പുവരുത്താറുണ്ട്. തിങ്കളാഴ്ച കളക്ടറുമായാണ് മീറ്റിംഗ്, കലക്ട്രറേറ്റിലെ ജീവനക്കാര്‍ക്കുള്ള മോട്ടിവേഷന്‍ ക്‌ളാസുകള്‍ സംബന്ധിച്ച് സംസാരിക്കാനാവണം. ഈയിടെയായി കളക്ട്രേറ്റിലെ ജീവനക്കാരുടെ പെരുമാറ്റത്തെ കുറിച്ച് വളരെയധികം പരാതികള്‍ ഉണ്ടാവുന്നുണ്ട്.
പറഞ്ഞ ദിവസം തന്നെ റഹീം കലക്ടറേറ്റിന്റെ റിസപ്ഷന്‍ കൗണ്ടറില്‍ എത്തി തനിക്കു വന്ന ടെലിഗ്രാം കാണിച്ചു. തന്റെ കയ്യിലുള്ള ഒരു രജിസ്റ്ററുമായി ടെലഗ്രാമിലെ വിവരങ്ങള്‍ ഒത്തു നോക്കിയ റിസപ്ഷനിസ്റ്റ് കളക്ടറുടെ സെക്രട്ടറിക്കു അപ്പോള്‍ തന്നെ ഫോണ്‍ ചെയ്തിട്ട് അവിടെയുള്ള കസേരയില്‍ ഇരിക്കുവാന്‍ റഹിമിനോട് പറഞ്ഞു.
‘ഹായ് റഹീം’,
അന്നത്തെ മീറ്റിങ്ങില്‍ സംസാരിക്കേണ്ട ഡീലുകള്‍ ഒന്നുകൂടി മനസ്സില്‍ ഉറപ്പിക്കുകയായിരുന്നു റഹീം. ആ ചിന്തകളില്‍ നിന്നും അദ്ദേഹത്തെ ഉണര്‍ത്തിയത് ഒരു കാലത്ത് ദിവസവും രാവിലെകളില്‍ റഹീം ഏറ്റവും കാത്തിരിക്കുമായിരുന്ന, ഇഷ്ടപ്പെട്ടിരുന്ന, തന്നെ ഇന്നത്തെ റഹീം ആക്കുന്നതില്‍ ഏറ്റവും കൂടുതല്‍ പങ്കു വഹിച്ച ഒരു സ്വരമായിരുന്നു.
മുന്നില്‍ ലക്ഷ്മിയേച്ചി! സ്വപ്നമോ യാഥാര്‍ഥ്യമോ എന്നറിയാതെ റഹിം വാ പൊളിച്ചു നിന്നു. റഹീമിനെ വട്ടംപിടിച്ചു കൊണ്ട് ലക്ഷ്മി പറഞ്ഞു ‘വാ മാഷേ ഇത് നിന്റെ ലക്ഷ്മിയേച്ചി തന്നെയാണ്. വാ നമുക്കൊരു സ്ഥലം വരെ പോകാനുണ്ട്. എന്നും പറഞ്ഞു ചേച്ചിയുടെ കാറില്‍ ചേച്ചിയുടെ കൂടെ റഹീമിനെയും ഇരുത്തി യാത്രയായി. വഴിയില്‍ രണ്ടുപേരും അത്ഭുതത്തോടെ യും ഈറന്‍ മിഴികളിലൂടെയും പരസ്പരം നോക്കുകയായിരുന്നു.
വലിയൊരു ഓഡിറ്റോറിയത്തിന് മുന്നില്‍ വണ്ടി നിറുത്തി അവര്‍ റഹീമിനെയും കൂട്ടി അകത്തു കയറി. അകത്തു ഓഡിയന്‌സിന്റെ ഏറ്റവും മുന്‍നിരയില്‍ ഉള്ള ഒരു വി ഐ പി സീറ്റില്‍ ഇരിക്കാന്‍ പറഞ്ഞു കൊണ്ട് ചേച്ചി സ്‌റ്റേജിലേക്ക് കയറി. സ്‌റ്റേജില്‍ കയറിയ ചേച്ചിയെ വേദിയില്‍ തിങ്ങി നിറഞ്ഞ ജനങ്ങള്‍ ഹര്‍ഷാരവത്തോടെ എഴുന്നേറ്റ് നിന്ന് ആദരിച്ചു.
ഉല്‍ഘാടന പ്രസംഗത്തിന് എണീറ്റു നിന്ന ചേച്ചിയെ നിറഞ്ഞ കയ്യടിയോടെ ജനങ്ങള്‍ പ്രോത്സാഹിപ്പിച്ചു. അത് കണ്ട് റഹീമിന്റെ കണ്ണ് നിറഞ്ഞു. ചേച്ചി എന്താകാനാണോ താന്‍ ആഗ്രഹിച്ചത് അത് ചേച്ചി നേടിയിരിക്കുന്നു. പ്രതിസന്ധികളെയും, പ്രതിബന്ധങ്ങളെയും അതിജീവിച്ചു കൊണ്ട് ചേച്ചി ഇന്ന് ഉന്നത സ്ഥാനം അലങ്കരിക്കുന്നത് കണ്ടപ്പോള്‍ അറിയാതെ തന്നെ റഹീമിന്റെ കണ്ണ് നിറഞ്ഞു. കാണികളെ കയ്യിലെടുത്തു തന്റെ കൈപ്പേറിയ അനുഭവങ്ങള്‍ മേമ്പൊടിയാക്കി പ്രസംഗിക്കുന്ന ചേച്ചിയെ സദസ്സ് വളരെ താല്പര്യത്തോടെ കേട്ടിരുന്നു.
പെട്ടെന്ന് നാടകീയതയില്‍ ചേച്ചി പ്രസംഗം നിര്‍ത്തി…
രണ്ടു സെക്കന്റിനു ശേഷം സദസ്സിനോട് പറഞ്ഞു. നിങ്ങളുടെ സമ്മതത്തോടെ ഞാന്‍ ഒരാളെ സ്‌റ്റേജിലേക്ക് വിളിക്കുകയാണ്. ‘മിസ്റ്റര്‍ റഹിം കം ഓണ്‍ ദി സ്‌റ്റേജ് . . .’
തന്നെ തെന്നെയാണോ വിളിക്കുന്നത് എന്ന അത്ഭുതത്തില്‍ കളക്ടറെ നോക്കി നിന്ന റഹിമിനോട് കളക്ടര്‍ വീണ്ടും പറഞ്ഞു. ‘അതേ റഹീം താങ്കള്‍ തന്നെ പ്ലസ് കം’
റഹീം വേഗം തന്നെ എണീറ്റ് സ്‌റ്റേജ് ലക്ഷ്യമാക്കി നടന്നു. അദ്ദേഹത്തിന്റെ ഓരോ സ്‌റ്റെപ്പിനും കാണികള്‍ കയ്യടിച്ചു. ‘ഇത് റഹീം, എന്റെ അമ്മക്ക് പിറക്കാതെ പോയ, എന്റെ ഇളയ സഹോദരന്‍. ഞാന്‍ പഠിപ്പിച്ച റഹീം ഇന്ന് വലിയ മോട്ടിവേഷന്‍ സ്പീക്കറും അറിയപ്പെടുന്ന എഴുത്തുകാരനുമാണ്. ഇവന്‍ ഇല്ലായിരുന്നില്ലെങ്കില്‍, അല്ലെങ്കില്‍ ഇവന്റെ നിരന്തരമായ പ്രചോദനം എനിക്ക് കിട്ടിയില്ലായിരുന്നെങ്കില്‍ ഈ ലക്ഷ്മി ഇന്നും ഏതെങ്കിലും വീടുകളില്‍ വീട്ടുപണിയുമായി കഴിയുമായിരുന്നു, നിങ്ങളുടെ മുന്നില്‍ ഒരിക്കലും ഇങ്ങനെ നില്‍ക്കുവാന്‍ കഴിയില്ലായിരുന്നു. ഞാന്‍ അവന്റെ ടീച്ചറായിട്ടും പ്രതിസന്ധി ഘട്ടത്തില്‍ എനിക്ക് റഹീമിന്റെ വാക്കുകളാണ് ധൈര്യവും ആത്മവിശ്വാസവും നല്‍കിയത്. അതുകൊണ്ടു ആരുതന്നെ നമുക്ക് നല്ല കാര്യങ്ങള്‍ പറഞ്ഞു തന്നാലും വലിപ്പചെറുപ്പം കൂടാതെ നമ്മള്‍ അത് സ്വീകരിക്കണം’
ടീച്ചറുടെ വാക്കുകള്‍ ഹര്‍ഷാരവത്തോടെയാണ് കാണികള്‍ സ്വീകരിച്ചത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.