കഴിഞ്ഞ ജനവരിയിലെ ഒരു സുദിനം. പണ്ടു പണ്ടൊരു കാലത്തു ഇതേ ദിവസമായിരുന്നു ഈ സുന്ദരമായഭൂമിയിലേക്കു ഞാന്‍ അവതരിച്ചത്. സോഷ്യല്‍ മീഡിയയുടെ കാലമായതുകൊണ്ടും സ്‌കൂള്‍ മുതല്‍ പിജി വരെയുള്ള എല്ലാ വാട്‌സ് ആപ്പ് കൂട്ടായ്മകളിലും അംഗമായതുകൊണ്ടും രാവിലെ മുതല്‍ പിറന്നാള്‍ ആശംസകള്‍ വരുന്നുണ്ടായിരുന്നു. ഓരോന്നിനും റിപ്ലൈ ചെയ്തു ചൂട് ചായയും കുടിച്ചങ്ങനെയിരിക്കുമ്പോള്‍ അതാവരുന്നു വേറിട്ടൊരാശംസ. ‘വെല്‍കം ടു ഫോര്‍ട്ടി ക്ലബ്’ കണ്ണില്‍ ഇരുട്ടു കേറുന്നതുപോലെ തോന്നി. മുപ്പതു മുതല്‍ വയസുകൂടിവരുന്നത് അറിയാമെങ്കിലും ആ നഗ്‌നസത്യം ഉറക്കെ വിളിച്ചു പറയുന്നത് കേട്ടപ്പോള്‍ സഹിച്ചില്ല. അതിനിനിയും ‘രണ്ടു കൊല്ലം കൂടിയുണ്ടെടാ യൂ സ്റ്റുപ്പിഡ് മങ്കി ഫേസ്’ എന്നു പറഞ്ഞു ഫോണ്‍ താഴെവച്ചു. കലി അടങ്ങുന്നില്ല. ഇറക്കിവെക്കാനാണേല്‍ കെട്ടിയോനും പിള്ളേരും വീട്ടില്‍ ഇല്ലതാനും. പിന്നെന്തുചെയ്യും. എന്തെങ്കിലും ഒന്നു ചെയ്‌തേ മതിയാവൂ. തലപുകഞ്ഞാലോചിച്ചു. കിട്ടിപ്പോയി. അതുതന്നെ. പായസം! ഓണം, വിഷു, ദീപാവലി, പിറന്നാള്‍ അങ്ങനെ കേരളീയമോ അല്ലാത്തതോ ആയ വിശേഷദിവസം ഏതുമായിക്കൊള്ളട്ടെ, ഞങ്ങളുടെ വീട്ടില്‍ പായസം സേമിയ ആയിരിക്കും. ഒളിഞ്ഞും തെളിഞ്ഞും പലരും പലപ്പോഴായി കളിയാക്കിയിട്ടുപോലും ആ പതിവിനു മാറ്റമുണ്ടായിട്ടില്ല. പക്ഷെ അന്നു ഞാന്‍ തീരുമാനിച്ചുകഴിഞ്ഞു. എനിക്കിഷ്ടമുള്ള പായസം ഉണ്ടാക്കും. വേണ്ടവര്‍ കഴിച്ചാല്‍ മതി. ഒരിക്കല്‍ കുക്കര്‍ പാലട റെസിപ്പി യൂട്യൂബില്‍ കണ്ടതോര്‍മയുണ്ട്. കുത്തിയിരുന്ന് അതുതപ്പിയെടുത്തു. ആദ്യപടി പാല്‍ കുക്കറില്‍ തിളപ്പിക്കണം. എന്നിട്ട് അടച്ചുവച്ചു വിസില്‍ ഇട്ടു ചെറുതീയില്‍ കുറേനേരം വേവിക്കണം. അതിനിടയില്‍ അട റെഡിയാക്കണം. ആഹാ, എന്തെളുപ്പം. വേഗം പണി തുടങ്ങി. കുക്കര്‍ ഒന്നുകൂടി കഴുകി പാല്‍ ഒഴിച്ചു തിളക്കാന്‍ വച്ചു. പാല്‍ പിരിഞ്ഞുപോകരുതല്ലോ. വിസില്‍ നന്നായൊന്നു കഴുകി. തൃപ്തി വന്നില്ല. ഇനി ഉള്ളിലെങ്ങാനും എന്തെങ്കിലും തടഞ്ഞിരുപ്പുണ്ടെങ്കിലോ. ഒരു കത്തിയെടുത്തു വിസിലിനു ഉള്‍വശം ചെറുതായൊന്നു ചുരണ്ടി. അപ്പോഴേക്കും പാല്‍ നന്നായി തിളച്ചു. ഇടുന്നതിനുമുന്‍പായി കഴുകിയ വിസില്‍ നന്നായൊന്നു കുടഞ്ഞു. എന്തോ ഒന്നു തെറിച്ചു പോകുന്നത്‌പോലെ തോന്നി. ദാ കിടക്കുന്നു വിസില്‍ 2 കഷ്ണമായി! ഒരു വിസില്‍ പോയാല്‍ വേറൊന്നു. വേഗം അടുത്തത് കഴുകിയെടുത്തു പ്രശ്‌നം പരിഹരിച്ചു .
പൊട്ടിയ വിസില്‍ കളയാന്‍ എടുത്തപ്പോഴാണ് ഉള്ളിലൊരു കൊള്ളിയാന്‍ മിന്നിയത്. ഈ പായസമല്ലാതെ മറ്റെന്തെങ്കിലുമാണ് കുക്കറില്‍ ഉണ്ടായിരുന്നതെങ്കില്‍… ഒന്ന് റിന്‍സ് ചെയ്തു അതേ വിസില്‍ ഇട്ടേനെ. അങ്ങനെ പിറന്നാള്‍ ദിനത്തില്‍ അറിയാതെ ഈശ്വരനെ വിളിച്ചുപോയി. ശരീരമാസകലം ഒരു വിറയല്‍ . പതിയെ ഫോണെടുത്തു. ഒരുപാട് മെസേജുകള്‍. ഗ്രൂപ്പില്‍ നിന്നു രാവിലത്തെ മെസ്സേജ് കണ്ടുപിടിച്ചു റിപ്ലൈ ചെയ്തു. താങ്ക്യൂ!
അപ്പോള്‍ ആ മെസ്സേജിന് ഒരുപാട് വിലയുണ്ടായിരുന്നു. ഒരുപക്ഷെ എന്റെ ജീവന്റെ വില!!
അങ്ങനെ അന്നത്തെ സംഭവ ബഹുലമായ എന്റെ പാലട എല്ലാവരെയും കുടിപ്പിച്ചു തൃപ്തിയടഞ്ഞു. പലപ്പോഴും നാം തിരിച്ചറിയാതെ പോകുന്ന നിമിത്തങ്ങള്‍ ഒരു വാക്കിന്റെ, വഴക്കിന്റെ, തമാശയുടെയൊക്കെ രൂപത്തിലാകാം അല്ലേ..!
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.