Sauditimesonline

MEERA
ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീരാ റഹ്മാന് 'കേളി ജ്വാല' അവാര്‍ഡ്

ഡല്‍ഹി കലാപത്തില്‍ ഉല്‍ക്കണ്ഠയറിച്ച് ചില്ല

റിയാദ്: ഡല്‍ഹിയില്‍ അരങ്ങേറിയ വര്‍ഗീയ കലാപത്തില്‍ ഉല്‍ക്കണ്ഠ അറിയിച്ച് ചില്ലയുടെ പ്രതിമാസ വായന. തലസ്ഥാനത്ത് രാജ്യം കണ്ടത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. ഭരണസിരാ കേന്ദ്രത്തിലെ സംഭവങ്ങളില്‍ ചില്ല പ്രതിഷേധിക്കുകയും ചെയ്തു.

ആര്‍ രാജശ്രീയുടെ ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ
സ്ത്രീകളുടെ കത’ എന്ന നോവലിന്റെ വായനാനുഭവം ബീന അവതരിപ്പിച്ചു. വടക്കന്‍ മലബാറിന്റെ സവിശേഷ ഭാഷാ സമൃദ്ധി, സ്ത്രീപക്ഷ ബോധം ഇവയെല്ലാം പ്രസക്തമായ രചനയാണ് നോവലിനെ മികവുറ്റതാക്കുന്നതെന്ന് ബീന പറഞ്ഞു. നോവലിന്റെ ഉളളടക്കത്തിന്റെ കാതല്‍ വായനക്കാര്‍ ഏറ്റെടുത്തതുകൊണ്ടാണ് ചുരുങ്ങിയ കാലയളവില്‍ പത്തിലധികം പതിപ്പുകള്‍ പ്രസിദ്ധീകരിക്കാന്‍ ഇടയായതെന്നും ബീന പറഞ്ഞു.

വര്‍ത്തമാനകാല ഇന്ത്യയുടെ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ പ്രചോദനങ്ങളില്‍ ഒന്നായി കരുതപ്പെടുന്ന അഡോള്‍ഫ് ഹിറ്റ്‌ലറുടെ മെയ്ന്‍ കാംഫ് എന്ന ആത്മകഥയുടെ വായനാനുഭവംഇഖ്ബാല്‍ കൊടുങ്ങല്ലൂര്‍ വിശദീകരിച്ചു.ഇന്ത്യയില്‍ വൈവിധ്യങ്ങളെ തച്ചുടച്ച് ഏകശിലാ സംസ്‌കൃതി കൊണ്ടുവരാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. അതുപോലെ വംശശുദ്ധി മഹിമയുടെ പ്രമാണമാണ് മെയ്ന്‍ കാംഫ് എന്ന് ഇഖ്ബാല്‍ അഭിപ്രായപ്പെട്ടു. സബീന എം സാലിയുടെ ‘വെയില്‍ വഴിയിലെ ശലഭസഞ്ചാരങ്ങള്‍ ‘എന്ന ഓര്‍മ്മപുസ്തകം നിഖില സമീറും അനില്‍ ദേവസിയുടെ ‘യാ ഇലാഹി ടൈംസ്‌ ‘ എന്ന നോവല്‍ കൊമ്പന്‍ മൂസയും കെ ആര്‍ മീരയുടെ ‘സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ’ എന്ന നോവല്‍ വിപിനും പങ്കുവെച്ചു.

വംശഹത്യചെയ്യപ്പെടുന്ന ഇന്ത്യന്‍ മത നിരപേക്ഷ ജനാധിപത്യത്തെ കുറിച്ചുള്ള ആശങ്കകള്‍ സംവാദത്തില്‍ പങ്കെടുത്തവര്‍ പങ്കുവെച്ചു.വിദ്വേഷം പരത്തുന്നതിനു പകരം മാനവികതയിലേക്ക് ഓരോ സഹജീവിയേയും അടുപ്പിക്കാനുള്ള ഉദ്യമത്തില്‍ ഓരോരുത്തരും പങ്കാളികളാകണമെന്നും സംവാദം ഓര്‍മ്മിപ്പിച്ചു.സുബ്രഹ്മണ്യന്‍, സുലൈമാന്‍, ഹരികൃഷ്ണന്‍, നജീം കൊച്ചുകലുങ്ക്, ജോഷി പെരിഞ്ഞനം, അബ്ദുല്‍ റസാഖ്, മനോഹരന്‍, ഡോ. ഹസീന, ബീന, കൊമ്പന്‍ മൂസ, വിപിന്‍ എന്നിവര്‍ പങ്കെടുത്തു. സുരേഷ് ലാല്‍ സംവാദം ഉപസംഹരിച്ചു. എം ഫൈസല്‍ മോഡറേറ്ററായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top