
റിയാദ്: തലസ്ഥാന നഗരിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനും ജീവനക്കാരുടെ ജീവിതനിലവാരം ഉയര്‍ത്താനും വന്‍ പരിഷ്‌കാരം നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി ‘ഫ്‌ളെക്‌സിബിള്‍ വര്‍ക്കിങ് അവേഴ്‌സ്’ ഇന്നലെ മുതല്‍ നടപ്പിലാക്കി. റോയല്‍ കമ്മീഷന്‍ ഫോര്‍ റിയാദ് സിറ്റിയും മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയവും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. റിയാദിലെ ആറ് പ്രധാന തൊഴില്‍ മേഖലകളില്‍ നഗരത്തിലെ യാത്രാ സൗകര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കാനും പദ്ധതി സഹായിക്കും. പുതിയ പരിഷ്‌കാരം അനുസരിച്ച് ജീവനക്കാര്‍ക്ക് സൗകര്യത്തിനനുസരിച്ച് ഓഫീസിലെത്താനും തിരികെ പോകാനും നാല് മണിക്കൂര്‍ വരെയുള്ള സമയപരിധി അനുവദിക്കും.

തലസ്ഥാനത്തെ പ്രമുഖ ബിസിനസ്സ് കേന്ദ്രങ്ങളായ കിംഗ് അബ്ദുള്ള ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റ്, ഡിജിറ്റല്‍ സിറ്റി, ഡിപ്ലോമാറ്റിക് ക്വാര്‍ട്ടര്‍, ലെയ്‌സന്‍ വാലി, ഗ്രനാഡ ബിസിനസ്, റോഷന്‍ ഫ്രണ്ട് എന്നീ ആറ് മേഖലകളിലെ അമ്പതിലധികം സ്ഥാപനങ്ങളെയാണ് ആദ്യഘട്ടത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓഫീസുകളിലെത്തുന്ന സമയത്തിലും ഇറങ്ങുന്ന സമയത്തിലും വ്യത്യാസം വരുത്തുന്നതിലൂടെ തിരക്കേറിയ സമയങ്ങളിലെ കടുത്ത വാഹനത്തിരക്ക് ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും. നിശ്ചിത സമയക്രമമുള്ള അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകളിലെ ജീവനക്കാര്‍ക്കാണ് ഇളവ് ബാധകമാകുക. എന്നാല്‍ ആരോഗ്യരംഗം, പൊതുവിദ്യാഭ്യാസം, ഫീല്‍ഡ് ജോലികള്‍, ഓപ്പറേഷണല്‍ ജോലികള്‍ എന്നിവ പോലെ തടസ്സമില്ലാത്ത സേവനം ആവശ്യമുള്ള അടിയന്തിര മേഖലകളെ ഇതില്‍ നിന്ന് ഒഴിവാക്കി. ജീവനക്കാര്‍ക്ക് അവരുടെ യാത്രാസമയം സ്വയം തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്നതിലൂടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും കൂടുതല്‍ കാര്യക്ഷമവും സുസ്ഥിരവുമായ നഗര അന്തരീക്ഷം കെട്ടിപ്പടുക്കാനും പദ്ധതിക്ക് കഴിയുമെന്നാണ് വിലയിരുത്തുന്നത്.

പരമ്പരാഗതമായ കൃത്യസമയ വ്യവസ്ഥയേക്കാള്‍, ഈ നാല് മണിക്കൂര്‍ ഫ്‌ളെക്‌സിബിള്‍ ടൈം ജീവനക്കാരുടെ മാനസിക നിലവാരവും ഉയര്‍ത്തുകയും ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ജീവനക്കാര്‍ക്ക് അവരുടെ ശാരീരികവും കുടുംബപരവുമായ സാഹചര്യങ്ങള്‍ക്കനുസരിച്ച് സമയം ക്രമീകരിക്കാന്‍ സാധിക്കുന്നത് വഴി ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






