Sauditimesonline

2 VIPUL
ഖത്തറിലെയും ദുബായിലെയും നയതന്ത്ര മികവ് ഇനി റിയാദില്‍; വിപുല്‍ സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍

ഹോര്‍മുസ് കടലിടുക്ക് പ്രതിസന്ധിയില്‍; യുദ്ധഭീതിയില്‍ പ്രവാസലോകം

നസ്‌റുദ്ദീന്‍ വി ജെ
റിയാദ്: യുദ്ധഭീതിയുമായി അമേരിക്ക-ഇറാന്‍ സംഘര്‍ഷം തുടരുന്നതിന്റെ സൂചനകള്‍ പശ്ചിമേഷ്യയെ വീണ്ടും ആശങ്കയിലാഴ്ത്തുന്നു. ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ നടത്തുന്ന ആക്രമണങ്ങള്‍ മേഖലയിലെ സുരക്ഷാ സാഹചര്യം വീണ്ടും സങ്കീര്‍ണ്ണമാക്കുകയാണ്. ഈ ആഴ്ച മൂന്ന് കപ്പലുകള്‍ക്ക് നേരെയാണ് ഇറാന്‍ ആക്രമണം നടത്തിയത്. ഇതില്‍ ഒരു കപ്പലിനെ ഇറാന്‍ സേന പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുണ്ട്. ഹോര്‍മുസിലെ മാരിടൈം നിയമങ്ങള്‍ ലംഘിച്ചു എന്നാരോപിച്ചാണ് കപ്പലുകള്‍ക്കെതിരെ നടപടി. അതേസമയം, ഹോര്‍മുസ് ഇറാന്റെ നിയന്ത്രണത്തിലുളള സമുദ്രപാതയാണെന്നും കപ്പലുകള്‍ക്ക് പ്രവേശിക്കാന്‍ അനുമതി ആവശ്യമാണെന്നും ഇറാന്‍ അവകാശപ്പെടുന്നു.

അതേസമയം, ഇറാന്‍ നടപടികള്‍ യുദ്ധപ്രഖ്യാപനം ആണെന്ന് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന നേവല്‍ ബ്ലോക്കേഡ് പിന്‍വലിക്കണമെന്ന് ഇറാനും ആവശ്യപ്പെടുന്നു. എന്നാല്‍, ഭീഷണികള്‍ക്ക് വഴങ്ങില്ലെന്ന് അമേരിക്കയും നിലപാടെടുത്തു. ഇതിനിടെ, വെടിനിര്‍ത്തല്‍ അമേരിക്ക നീട്ടിയത് പ്രതീക്ഷ പകരുന്നുണ്ടെങ്കിലും ഹോര്‍മുസ് എരിയുകയാണ്.

പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ശ്രമം തുടരുന്നുണ്ട്. പാക് പ്രധാനമന്ത്രി ഇറാനിയന്‍ പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തിയെന്നാണ് വിവരം. എന്നാല്‍ ചര്‍ച്ചകളോട് ഇറാന്‍ അനുകൂല നിലപാടല്ല സ്വീകരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ പ്രസ്താവനകള്‍ സ്ഥിതി കൂടുതല്‍ വഷളാക്കിയിട്ടുമുണ്ട്. വെടിനിര്‍ത്തല്‍ നീട്ടുന്നതിനെ കുറിച്ചുള്ള ട്രംപിന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയായിട്ടുണ്ടെങ്കിലും, അതിന് കൃത്യമായ സമയപരിധി നിശ്ചയിച്ചിട്ടില്ല എന്നത് പ്രതിസന്ധിയാണ്.

ലോകത്തെ എണ്ണ വിപണിയെയും വാണിജ്യത്തെയും നിര്‍ണ്ണായകമായി സ്വാധീനിക്കുന്ന ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടുന്നത് വലിയ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. യൂറോപ്യന്‍ രാജ്യങ്ങളടക്കം വിഷയത്തില്‍ ആശങ്ക പ്രകടിപ്പിക്കുകയും, യുദ്ധസാഹചര്യം ഒഴിവാക്കാന്‍ നയതന്ത്ര ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കുകയും ചെയ്യുന്നുണ്ട്. ജെറ്റ് ഫ്യൂവലിന്റെ വില വര്‍ദ്ധനവടക്കം ലോകവിപണിയില്‍ പ്രതിഫലിച്ചു തുടങ്ങിയത് ലോക രാജ്യങ്ങള്‍ ഗൗരവമായി പരിഗണിക്കുന്നുണ്ട്. നിലവില്‍ ഹോര്‍മുസില്‍ നടക്കുന്ന സൈനിക നീക്കങ്ങള്‍ ഏത് നിമിഷവും വലിയൊരു സംഘര്‍ഷത്തിലേക്ക് വഴിതെളിക്കുമെന്ന ആശങ്കയിലാണ് പ്രവാസ ലോകം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top