Sauditimesonline

MEERA
ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീരാ റഹ്മാന് 'കേളി ജ്വാല' അവാര്‍ഡ്

സത്യപ്രതിജ്ഞ ആഘോഷിച്ച് നവോദയ റിയാദ്; ഇ കെ നായനാര്‍ അനുസ്മരണവും നടന്നു.

റിയാ്വ്: കേരളത്തിന്റെ പുതുചരിത്ര പിറവിക്ക് നാന്ദി കുറിക്കുന്ന ഇടതുപക്ഷ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ റിയാദ് നവോദയ പ്രവര്‍ത്തകര്‍ കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും ആഘോഷിച്ചു. മന്ത്രിമാരായി ജനകീയരായ പുതുമുഖങ്ങളെ നിയമിച്ച് അസാധാരണ മാതൃകയും ധീരതയുമാണ് സി പി ഐഎം കാണിച്ചതെന്ന് നവോദയ സംഘടിപ്പിച്ച യോഗത്തില്‍ ആമുഖപ്രഭാഷണം നടത്തിയ സെക്രട്ടറി രവീന്ദ്രന്‍ പറഞ്ഞു. പ്രവാസികള്‍ക്കുവേണ്ടി ഈ സര്‍ക്കാര്‍ നടപ്പിലാക്കിയ നിരവധി പദ്ധതികള്‍ക്ക് തുടര്‍ച്ചയും ഒപ്പം പുതിയ പദ്ധതികളും പ്രതീക്ഷിക്കുന്നതായി യോഗം ഉദ്ഘാടനം ചെയ്ത കുമ്മിള്‍ സുധീര്‍ അഭിപ്രായപ്പെട്ടു. പ്രസിഡന്റ് ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

ഇ എം എസ് മുതല്‍ വി എസ് വരെയുള്ള ഇടതു മന്ത്രിസഭകള്‍ നടപ്പിലാക്കിയ ജനക്ഷേമ വികസനപ്രവര്‍ത്തങ്ങള്‍ പിന്നീട് വരുന്ന യു ഡി എഫ് മന്ത്രിസഭകള്‍ അട്ടിമറിക്കുകയും സാമൂഹ്യപുരോഗതിയെ പിന്നോട്ടടിപ്പിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷത്തിനാണ് ഭരണത്തുടര്‍ച്ചയോടെ മാറ്റമുണ്ടായിരിക്കുന്നത്. കേരളത്തിന്റെ സമഗ്രവികസനത്തിനും പ്രവാസികളുടെ ക്ഷേമത്തിനും സുരക്ഷക്കും ഈ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന പ്രതീക്ഷ പ്രാസംഗികര്‍ പങ്കുവെച്ചു. പുതിയ സര്‍ക്കാരിന് യോഗം ആശംസകളും അഭിവാദ്യവും അര്‍പ്പിച്ചു.

കേരളത്തിന്റെ ജനപ്രിയ മുഖ്യമന്ത്രി ഇ കെ നായനാരുടെ സമര ജീവിതവും മുഖ്യമന്ത്രി എന്ന നിലയിലുള്ള സംഭാവനകളും നവോദയ അനുസ്മരിച്ചു. ഇന്നും കേരള രാഷ്ട്രീയത്തില്‍ നികത്താനാവാത്ത നഷ്ടമായി നായനാരുടെ വിയോഗം നിലനില്‍ക്കുന്നുവെന്ന് ബാബുജി അനുസ്മരിച്ചു. ആദ്യമായി പ്രവാസി വകുപ്പിന് രൂപം നല്‍കിയ അദ്ദേഹത്തെ പ്രവാസി സമൂഹം എന്നും നന്ദിയോട് സ്മരിക്കുമെന്നും പ്രാസംഗികര്‍ കൂട്ടിച്ചേര്‍ത്തു. നായനാരുടെ ജീവചരിത്രം സംഘടനയുടെ കേന്ദ്രകമ്മിറ്റി അംഗം അരുണ്‍ വിവരിച്ചു. ബാബുജി, ഗ്ലാഡ്‌സന്‍, കലാം, ഷാജു പത്തനാപുരം, മനോഹരന്‍, അമര്‍ എന്നിവര്‍ സംസാരിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top