ഹഫര്‍ അല്‍ ബാത്തിന്‍: ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് സൗദിയിലെ മുപ്പത്തി മൂന്നാമത് ശാഖ കിഴക്കന്‍ പ്രവിശ്യയിലെ ചരിത്രപ്രസിദ്ധമായ ഹഫര്‍ അല്‍ ബാത്തിനില്‍ ഉദ്ഘാടനം ചെയ്തു. വിഖ്യാതമായ അല്‍ ഒത്തൈം മാളില്‍ 1,20,000 ചതുരശ്ര അടി വിസ്തൃതിയിലാണ് ലുലു പ്രവര്‍ത്തിക്കുന്നത്. ഹഫര്‍ അല്‍ ബാത്തിന്‍ ഗവര്‍ണര്‍ മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ സൗദ് അല്‍ സൗദ് ഉദ്ഘാടനം നിര്‍വഹിച്ചു. ഹഫര്‍ അല്‍ ബാത്തിന്‍ മേയര്‍ എന്‍ജിനീയര്‍ ഖലാഫ് ഹംദാന്‍ ഒത്തൈബി, ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫലി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.
സൗദി ഭരണാധികാരി തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെയും കിഴക്കന്‍ പ്രവിശ്യ ഗവര്‍ണര്‍ പ്രിന്‍സ് സൗദ് ബിന്‍ നായിഫിന്റെയും സഹായത്തിനും ഉപദേശനിര്‍ദ്ദേശങ്ങള്‍ക്കും യൂസഫലി നന്ദി പറഞ്ഞു. മികച്ച സാമ്പത്തിക ശക്തിയായി കുതിച്ചുയര്‍ന്ന സൗദിയുടെ നേട്ടത്തിന് പിറകിലെ ഭരണാധികാരികളുടെ സമര്‍പ്പണത്തെ അദ്ദേഹം പ്രശംസിച്ചു.
പഴം, പച്ചക്കറി, ബേക്കറി, മത്സ്യ മാംസ ഉല്‍പ്പന്നങ്ങള്‍, ഗാര്‍ഹികോപകരണങ്ങള്‍, ഇലക്ട്രിക്, ഇലക്ട്രോണിക്‌സ് തുടങ്ങി വിപുലമായ ശ്രേണിയിലുളള ഉത്പ്പന്നങ്ങള്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. ജൈവ സംരക്ഷണത്തിനും ഭക്ഷ്യ സുരക്ഷക്കും പ്രാധാന്യം നല്‍കുന്ന ലുലു സൗദിയില്‍ പ്രാദേശിക ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വിപണനത്തിനും സൗകര്യമൊരുക്കി. സൗദി മാംസോല്‍പ്പന്നങ്ങള്‍, പ്രാദേശികമായ ജൈവ പച്ചക്കറികള്‍ എന്നിവയും ലുലു സ്‌റ്റോറില്‍ ലഭ്യമാണ്. ആദ്യം വാങ്ങുക, പിന്നീട് പണം നല്‍കുക (ടാബ്ബി) എന്ന തരത്തിലുള്ള ഇന്‍സ്റ്റാള്‍മെന്റ് സൗകര്യവും ലുലുവിന്റെ പ്രത്യേകതയാണ്. 2500 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും 26 ചെക് ഔട്ട് കൗണ്ടറുകളും ഹഫര്‍ അല്‍ ബാത്തിനിലിലെ പുതിയ ലുലുവില്‍ ഒരുക്കിയിട്ടുണ്ട്. സൗദിയുടെ പരമ്പരാഗത തയ്യല്‍ കരകൗശല വസ്തുക്കളുടെ മോട്ടീവുകള്‍ ഉദ്ഘാടനത്തിന് സജ്ജമാക്കിയിരുന്നു. ലുലു ഗ്രൂപ്പ് സൗദി ഡയറക്ടര്‍ ഷഹീം മുഹമ്മദ്, കിഴക്കന്‍ പ്രവിശ്യ റീജ്യണല്‍ ഡയറക്ടര്‍ മൊയീസ് നൂറുദ്ദീന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.