റിയാദ്: മലയാളി ചേക്കേറിയ പ്രവാസ മണ്ണുകളിലെല്ലാം അതിപുരാതന കാലം മുതല്‍ കാല്‍പ്പന്ത് കമ്പവും കപ്പല്‍ കയറിയിട്ടുണ്ട്. ലോകത്തിന്റെ ഏത് കോണിലായാലും എത്ര പ്രതികൂല സാഹചര്യത്തിലായാലും മലയാളിക്ക് കളി വിട്ടൊരു കളിയില്ല. അതിന് തെളിവാണ് സൗദിയില്‍ മലയാളികള്‍ കേന്ദ്രീകരിക്കുന്ന മുക്കിലും മുലകയിലും ലോകക്കപ്പ് മത്സരം വലിയ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. എല്ലാ ലോകകപ്പ് കാലത്തെ പോലെ ഇത്തവണയും സജീവമാണ് പ്രവാസത്തിലെ കളിയിടങ്ങള്‍.
മലയാളികള്‍ ധാരാളമുളള ബത്ഹ നഗരഹൃദയത്തിലെ സാംസ്‌കാരിക കേന്ദ്രമാണ് സഫ മക്ക. ഇവിടെയുളള ഓഡിറ്റോറിയത്തില്‍ ഒഐസിസി മലപ്പുറം ജില്ല കമ്മറ്റിയും സഫ മക്ക മെഡിക്കല്‍ സെന്ററും സംയുകതമായി ലൈവ് പ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്. ഇതു കാണാന്‍ നൂറുകണക്കിന് ഫുട്ബാള്‍ പ്രേമികളാണ് എത്തുന്നത്. കൂട്ടത്തോടെയിരുന്ന് കളി കാണുന്നതിന്റെ അനുഭവം കാളിയേക്കാള്‍ ലഹരി പകരുമെന്ന് കിലോമീറ്ററുകള്‍ താണ്ടി കളികാണാനെത്തിയവര്‍ പറഞ്ഞു. പ്രവര്‍ത്തി ദിവസമായിട്ടും അര്‍ജന്റീന-സൗദി മത്സരത്തിന്റെ പ്രദര്‍ശനത്തിന് ഹാള്‍ നിറഞ്ഞുകവിഞ്ഞു. സൗദിയുടെ കളിയുണ്ടായിരുന്ന ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെ അവധി നല്‍കാന്‍ രാജാവിന്റെ ഉത്തരവ് ഉണ്ടായിരുന്നെങ്കിലും അത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമായിരുന്നു. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളി ഫുട്ബാള്‍ ആരാധകര്‍ നേരത്തെ അവധിയെടുത്താണ് കളിക്ക് ഒത്തുകൂടിയത്.
സൗദിയില്‍ സൗദി ടീം കഴിഞ്ഞാല്‍ ബ്രസീലിനും ഫ്രാന്‍സിനും അര്‍ജന്റീനക്കുമാണ് കൂടുതല്‍ ഫാന്‍സുകളുള്ളത്. പ്രദര്‍ശന ഹാളുകളില്‍ ആരോഗ്യകരമായ വാഗ്വാദങ്ങളും കാഴ്ചക്കാര്‍ക്ക് ഹരം പകര്‍ന്നു.
എഴുതി പൊലിപ്പിച്ചും പറഞ്ഞു പുകഴ്ത്തിയും അര്‍ജന്റീന കളിക്കാരെ അമാനുഷികരാക്കി എന്നല്ലാതെ ഗ്രൗണ്ടിലെതൊന്നും കാണുന്നില്ല. ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിനെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ അജണ്ടയോടെ നടത്തുന്ന വിമര്‍ശനങ്ങളെ അവജ്ഞതയോടെ തള്ളി കളഞ്ഞു. ഖത്തറിനൊപ്പം അടിയുറച്ച് നിന്ന് രാഷ്ട്രീയ പക്വത കാണിക്കുകയും വീരവാദങ്ങളില്ലാതെ കളിക്കളത്തില്‍ കൂളായി കളിച്ച് കാണികളുടെ മനം കവരുകയും ചെയ്യുന്ന ഫ്രാന്‍സ് ഈ വര്‍ഷം കപ്പില്‍ മുത്തമിടും. ഫ്രാന്‍സ് ആരാധകനും റിയാദ് ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന്‍ മുഖ്യ രക്ഷാധികാരിയുമായ അബ്ദുള്ള വല്ലാഞ്ചിറ പറഞ്ഞു.
അതി മനോഹരമായ തിരിച്ചു വരവിന്റെ ചരിത്രമുള്ളവരാണ് അര്‍ജന്റീന. രാജ്യത്തെ നിയമം അനുവദിക്കാത്തത് കൊണ്ട് മാത്രമാണ് മെസ്സിയുടെ കട്ടൗട്ടുകള്‍ ബത്ഹ നഗരത്തില്‍ ഉയരാത്തത്. റിയാദിലെ അര്‍ജന്റീനയുടെ കടുത്ത ആരാധകനും ഒ.ഐ.സി.സി നേതാവുമായ സക്കീര്‍ ദാനത്ത് അഭിപ്രായപ്പെട്ടു.
ആവേശോജ്വലമായ പ്രദര്‍ശനം കളിയുടെ വിജ്ഞാനം പകരാന്‍ ഇടവേളകളില്‍ കണികള്‍ക്കായി പ്രതേക പ്രവചന മത്സരങ്ങളും ശരിയുത്തരം പ്രവചിക്കുന്നവര്‍ക്ക് സമ്മാനങ്ങളും സംഘാടകര്‍ നല്‍കുന്നുണ്ട്. ബത്ഹ പരിസരത്ത് തൊഴിലെടുക്കുകയും താമസിക്കുകയും ചെയ്യുന്ന അറബ് വംശജരും മലയാളികള്‍ക്കൊപ്പം കളി കാണാനും കളി പറയാനും ചേരുന്നുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.