
റിയാദ്: സൗദിയിലെ ഇന്ത്യന്‍ കുടിയേറ്റം വിഷയമാക്കി ഗവേഷണം നടത്തിയ മലപ്പുറം സ്വദേശി ഡോക്ടറേറ്റ് നേടി. കൊടിഞ്ഞി തട്ടരാട്ടില്‍ അബ്ദു റഹീം ആണ് ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ഡോക്ടറേറ്റ് നേടിയത്. പ്രവാസികളുടെ തൊഴില്‍ കുടിയേറ്റം, രാജ്യത്തെ വിദേശ നിയമങ്ങള്‍, പ്രവാസി ജീവിതം എന്നിവ സമഗ്രമായി പഠന വിധേയമാക്കിയാണ് ഗവേഷണ പ്രബന്ധം അവതരിപ്പിച്ചത്.

അഞ്ച് വര്‍ഷം കേന്ദ്ര സര്‍ക്കാരിന്റെ റിസേര്‍ച്ച് ഫെലോഷിപ്പ് നേടി. 2013 മുതല്‍ പത്ത് വര്‍ഷം പഠനം നടത്തിയാണ് ഗവേഷണ പ്രബന്ധം തയ്യാറാക്കിയത്. 1970 മുതലുള്ള സൗദിയിലേക്കുള്ള തൊഴില്‍ കുടിയേറ്റം മുതല്‍ പ്രവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രബന്ധം സെപ്റ്റംബര്‍ 9 ന് ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ഇക്കോണോമിക്‌സ് ആന്‍ഡ് റിസേര്‍ച് സെന്റര്‍ പാനലിലിന് മുമ്പാകെ അവതരിപ്പിച്ചു. പാനലിന്റെ ചോദ്യാത്തര സെഷനില്‍ മികച്ച പ്രകടനവും കാഴ്ചവെച്ചാണ് ഡോക്ടറേറ്റ് നേടിയത്.

സൗദി അറേബ്യയിലെത്തുന്ന ഇന്ത്യന്‍ പ്രവാസികളായ തൊഴിലാളികള്‍, സംരംഭകര്‍, ഗദ്ദാമ (ആയ), ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങി വിവിധ മേഖലകളിലെ പ്രൊഫഷണലുകള്‍, അവരുടെ സൗദയിലെ ജീവിതം, തൊഴില്‍ സാധ്യത, ആനുകൂല്യങ്ങള്‍, പ്രതിസന്ധികള്‍ തുടങ്ങി സര്‍വ്വ മേഖലയും അടിത്തട്ടില്‍ നിന്ന് പഠിച്ചാണ് പ്രബന്ധം അവതരിപ്പിച്ചത്. ഇതിനായി കേരളത്തിലെ നൂറിലധികം ഗ്രാമങ്ങളില്‍ സഞ്ചരിച്ച് ആയിരത്തിലധികം പ്രവാസികളുമായി സംവദിച്ചതായി റഹിം പറഞ്ഞു.

സൗദി അറേബ്യയിലെ നിതാഖാത് നിയമങ്ങള്‍, പ്രവാസി സമൂഹത്തിന് മുന്നില്‍ സൗദി അറേബ്യ തുറന്ന നിക്ഷേപ സാധ്യതകള്‍, രാജ്യത്തെ സാംസ്‌കാരിക മാറ്റം, വിദ്യാഭ്യാസ രംഗത്ത് പ്രവാസി വിദ്യാര്‍ത്ഥികളുടെ സൗദിയിലെ സാധ്യത, ഗുണനിലവാരവും, പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന പ്രവാസികളുടെ ജീവിതം, പുനരധിവാസവം എന്നിവയാണ് റഹീമിന്റെ പ്രബന്ധത്തില്‍ വിഷയമായത്.

മാലിദ്വീപില്‍ കോളെജ് അധ്യാപകനായിരുന്നു റഹീം. നിലവില്‍ വിവിധ മേഖലയില്‍ സംരംഭകനും സാമൂഹ്യ പ്രവര്‍ത്തകനുമാണ്. കൊവിഡ് കാലത്ത് സൗദിയിലേക്ക് വരുന്നതിന് സൗദി ആരോഗ്യമന്ത്രാലയം നിഷ്‌കര്‍ഷിച്ച കൊറന്റൈന്‍ സംവിധാനത്തിനായി തിരഞ്ഞെടുത്തിരുന്നത് മാലി ദ്വീപ് ആയിരുന്നു. ആ സമയത്ത് സുപരിചതമല്ലാത്ത രാജ്യത്ത് സാധ്യമായ സഹായം സൗദി പ്രവാസികള്‍ക്ക് റഹീം ചെയ്തിരുന്നു. അക്കാലത്തെ അനുഭവങ്ങള്‍ പഠനം പൂര്‍ത്തിയാക്കാന്‍ വലിയ രീതിയില്‍ സഹായിച്ചിട്ടുണ്ടെന്ന് റഹീം പറഞ്ഞു. കൊടിഞ്ഞി സ്വദേശി തട്ടരാട്ടില്‍ കുഞ്ഞാലി കുട്ടി ഹാജിയുടെയും, സൈനബയുടെയും മകനാണ്. ഷാഹിദയാണ് ഭാര്യ. പിതാവ് കുഞ്ഞാലി കുട്ടി ഹാജിയും, സഹോദരങ്ങളും അയല്‍വാസികളും പ്രവാസികളായിരുന്നു. അവരുടെ ജീവിതമാണ് വിഷയം തിരഞ്ഞെടുക്കാന്‍ പ്രേരണയായത്. ഇതേ വിഷയത്തില്‍ ഉപരിപഠനത്തിന് (പോസ്റ്റ് ഡോക്ടറല്‍ റിസേര്‍ച്ച്) തയ്യാറെടുക്കുകയാണ് അബ്ദു റഹീം.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






