
റിയാദ്: റൊസാരിയോയിലെ തെരുവുകളില്‍ നിന്ന് പന്തുരുട്ടിത്തുടങ്ങി, ലോകകിരീടത്തില്‍ മുത്തമിട്ടിട്ടും കാല്‍ക്കരുത്തിന് പ്രായം ബാധിച്ചിട്ടില്ലെന്ന് വീണ്ടും തെളിയിക്കുകയാണ് ലയണല്‍ മെസ്സി. കാല്‍പ്പന്തിന്റെ മാന്ത്രികന് മുപ്പത്തൊമ്പതാം ജന്മദിനം ജന്മനാടായ അര്‍ജന്റീനയിലെയോ കളിമുറ്റമായ മയാമിയിലെയോ പോലെ തന്നെ ആവേശം റിയാദിലും വാനോളമുയര്‍ന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകര്‍ക്ക് ഇന്നും ഫുട്‌ബോള്‍ എന്നാല്‍ മെസ്സിയാണ്. അതേ ആവേശത്തില്‍ റിയാദിലെ അര്‍ജന്റീന ആരാധകര്‍ പ്രിയതാരത്തിന്റെ ജന്മദിനം വിപുലമായ പരിപാടികളോടെയാണ് കൊണ്ടാടിയത്.

പ്രായം കേവലം അക്കങ്ങള്‍ മാത്രമാണെന്ന് തെളിയിച്ച് മുപ്പത്തിയൊമ്പതിന്റെ നിറവിലും അര്‍ജന്റീനയുടെ ജഴ്‌സിയില്‍ മെസ്സി വിസ്മയം തീര്‍ക്കുമ്പോള്‍, ചരിത്രഗാഥ ഇനിയും നീളണമെന്നാണ് റിയാദിലെ ആരാധകക്കൂട്ടത്തിന്റെ പ്രാര്‍ത്ഥനയും ആശംസയും.
ഫിഫ ലോകകപ്പിന്റെ ആവേശപ്പൂരത്തിന് തുടക്കമായതു മുതല്‍ റിയാദിലെ അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റില്‍ ‘റിയാദ് ടാക്കീസ്’ ഒരുക്കിയ തത്സമയ ബിഗ് സ്‌ക്രീന്‍ പ്രദര്‍ശന വേദിയായിരുന്നു പിറന്നാള്‍ ആഘോഷത്തിന്റെ കേന്ദ്രം. മെസ്സിയുടെ ഫുട്‌ബോള്‍ കരിയറിലെ ഇതിഹാസ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ സ്‌പെഷ്യല്‍ വീഡിയോ പ്രദര്‍ശനം കാണികളുടെ കണ്ണും മനസും നിറച്ചു.
അല്‍ മദീന റീജിയണല്‍ ഡയറക്ടര്‍ സലിം വലിയപറമ്പത്ത് കേക്ക് മുറിച്ച് ആഘോഷങ്ങള്‍ ഉദ്ഘാടനം കുറിച്ചു. റിയാദിലെ മലയാളി പ്രവാസികള്‍ക്കൊപ്പം സ്വദേശികളടക്കം നൂറുകണക്കിന് ഫുട്‌ബോള്‍ പ്രേമികളാണ് മധുരം പങ്കുവെക്കാനും മെസ്സിക്ക് ജയ് വിളിക്കാനും ഒത്തുകൂടിയത്.

പ്രവാസലോകത്തെ ഫുട്‌ബോള്‍ കമ്പം വിളിച്ചോതിയ പരിപാടികള്‍ക്ക് ഷൈജു പച്ച, റാഷിദ് ഫോണ്‍ ഹൗസ്, റഷീദ് ഉമര്‍, ഷിജു ബഷീര്‍, നാദിര്‍ഷ, സജീര്‍ സമദ്, സഹീര്‍, മുത്തലിബ്, എടവണ്ണ സുനില്‍ ബാബു, ഷൈജു മദീന, നാസില്‍ റോസൈസ്, റൗഫ്, ഉസ്മാന്‍, ഇബ്രാഹിം, അനസ്, മുഹമ്മദ് ഷാനു, അജീബ് ബഷീര്‍, നൗഫല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വരും ദിവസങ്ങളിലെ ലോകകപ്പ് മത്സരങ്ങളിലും ഫാന്‍സ് കൂട്ടായ്മയുടെ ആവേശം റിയാദിലെ ബിഗ് സ്‌ക്രീന്‍ വേദികളില്‍ തുടരും
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





