റിയാദ്: കുവൈത്ത് ദുരന്തത്തില്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ യാത്രാനുമതി നിഷേധിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് കേളി കലാ സാംസ്‌കാരിക വേദി. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്, സേഫ് മിഷന്‍ ഡയരക്ടര്‍ ജീവന്‍ ബാബു ഐഎഎസ് എന്നിവരെയാണ് കുവൈത്തിലേക്കു അയക്കാന്‍ മന്ത്രി സഭാ യോഗം തീരുമാനിച്ചത്. മംഗഫില്‍ ഉണ്ടായ അഗ്‌നിബാധയില്‍ മലയാളികള്‍ക്ക് സാന്ത്വനം പകരാനും സ്ഥിതിഗതികള്‍ വിലയിരുത്തി തുടര്‍ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനുമാണ് യാത്രാനുമതി തേടിയത്.
ഇറാഖിന്റെ കുവൈത്ത് അധിനിവേശ കാലത്ത് ഇ കെ നായനാര്‍ മന്ത്രിസഭ അന്നത്തെ മന്ത്രി ടി കെ ഹംസയെ പ്രശ്‌നബാധിത മേഖലയിലേക്ക് അയച്ചിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് പ്രവാസികളെ മടക്കികൊണ്ടുവരുന്നതിന് എയര്‍ ഇന്ത്യയുടെ 64 വിമാനങ്ങളും 2 നാവികസേന കപ്പലുകളും സര്‍വീസ് നടത്തി. ഒന്നര ലക്ഷം പ്രവാസികള്‍ക്ക് സുരക്ഷിതമായി മടങ്ങാന്‍ കഴിഞ്ഞു. അഞ്ച് കോടി പതിമ്മൂന്ന് ലക്ഷം രൂപയുടെ ഭക്ഷ്യ വസ്തുക്കള്‍ അവിടെ വിതരണം ചെയ്യാനും കേരള സര്‍ക്കാറിന് കേന്ദ്രാനുമതി ലഭിച്ചിരുന്നു. ഈ അനുഭവമാണ് ആരോഗ്യ മന്ത്രിയെ കുവൈത്തിലേക്ക് അയക്കാന്‍ മന്ത്രിസഭ തീരുമാനമെടുത്തത്.
കൊച്ചി വിമാനത്താവളത്തില്‍ എത്തിയ മന്ത്രി വീണയുടെ യാത്ര കേന്ദ്ര അനുമതി ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് റദ്ദാക്കി. അതേസമയം, ആവശ്യമായ മുഴുവന്‍ രേഖകളും നിയമപ്രകാരം പൂര്‍ത്തിയാക്കിയ ശേഷമാണ് മന്ത്രി യാത്രക്ക് കൊച്ചി എയര്‍പോര്‍ട്ടില്‍ എത്തിയത്. വിദേശ കാര്യ മന്ത്രാലയത്തില്‍ നിന്നു പൊളിറ്റിക്കല്‍ ക്ലിയറന്‍സ് ലഭിച്ചില്ല എന്നാണ് വിവരം. കേരളത്തിനുണ്ടായ വലിയ ദുരന്തത്തില്‍ പ്രവാസികളെ ചേര്‍ത്തുപിടിക്കാനും ആശുപത്രിയില്‍ കഴിയുന്നവരെ ആശ്വസിപ്പിക്കാനുമാണ് മന്ത്രിയെ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. മാനുഷിക പ്രവൃത്തികളെ പോലും തടയുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്നും റിയാദ് കേളി കലാ സാംസ്‌കാരിക വേദി സെക്രട്ടേറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.