
സന്‍അ: നിമിഷ പ്രിയ കേസില്‍ ക്രെഡിറ്റിനുവേണ്ടിയുളള ഓട്ടപ്പാച്ചിലുകള്‍ തുടരുന്നു. യമനിലെ പണ്ഡിതര്‍ നടത്തിയ ചര്‍ച്ചയില്‍ വധശിക്ഷ ഒഴിവാക്കാന്‍ ധാരണയായെന്ന വിവരം കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ ഓഫീസ് ഇന്നലെ പുറത്തുവിട്ടു. വാര്‍ത്ത പ്രചരിച്ചു മിനിറ്റുകള്‍ക്കകം നിഷേധക്കുറിപ്പുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി രംഗത്തെത്തി. ഫെയ്‌സ് ബുക്കില്‍ അറബിയിലും മലയാളത്തിലും എഴുതിയ കുറിപ്പില്‍ വധശിക്ഷ നടപ്പിലാക്കണമെന്ന് മഹ്ദി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ചു അറ്റോര്‍ണി ജനറലിന് സമര്‍പ്പിച്ച കത്തിന്റെ പകര്‍പ്പും ഫെയ്‌സ് ബുക്കില്‍ പങ്കുവെച്ചു.

കാന്തപുരത്തിന്റെ ഓഫീസ് യമനിലെ സൂഫി പണ്ഡിതര്‍ മുഖേന ചര്‍ച്ച നടത്തുന്നു എന്നാണ് വിവരം. എന്നാല്‍ തലാലിന്റെ സഹോദരനുമായി ചര്‍ച്ച നടത്തുന്നവര്‍ക്കു ബന്ധം ഉണ്ടാവില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. മാപ്പുനല്‍കുന്നതു സംബന്ധിച്ച് തലാലിന്റെ കുടുംബത്തില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്. മാപ്പുനല്‍കണം എന്നു വാദിക്കുന്നവരുമായാവാം ചര്‍ച്ച നടത്തിയതെന്നാണ് നിഗമനം. അതേസമയം, വധശിക്ഷ ഒഴിവാക്കാന്‍ ധാരണയായെന്ന വിവരം കേന്ദ്ര സര്‍ക്കാരിനില്ല. പുറത്തുവന്ന വിവരങ്ങളുടെ നിജസ്ഥിതി വിലയിരുത്തി വിദേശകാര്യ മന്ത്രാലയം ഉടന്‍ വിശദീകരണം പുറപ്പെടുവിക്കും എന്നാണ് കരുതുന്നത്.

അതിനിടെ, നിമിഷ പ്രിയയുടെ ഭര്‍ത്താവ് ടോമി തോമസ്, മകള്‍ മിഷേല്‍ എന്നിവര്‍ സുവിശേഷകനും ഗ്ലോബല്‍ പീസ് ഇനീഷ്യേറ്റീവ് സ്ഥാപകനുമായ ഡോ. കെഎ പോളിനൊപ്പം നിമിഷ പ്രിയ്ക്കു മാപ്പു നല്‍കണമെന്നു വീഡിയോയിലൂടെ അഭ്യര്‍ത്ഥിച്ചു. യമന്‍ തലസ്ഥാനമായ സന്‍അയില്‍ നിന്നുളള വീഡിയോ എന്നാണ് പ്രചാരണം.
ഇതു പിടിഎ എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഭര്‍ത്താവിനും മകള്‍ക്കും യമനിലേയ്ക്കു പുറപ്പെടാന്‍ ഇന്ത്യന്‍ എന്‍ഒസി നല്‍കിയിട്ടില്ലെന്നാണ് വിവരം. ഇവര്‍ യമനില്‍ എത്തിയിട്ടില്ലെന്നും ഒമാനില്‍ നിന്നാണ് വീഡിയോ ചിത്രീകരിച്ചതെന്നും പറയുന്നു. ഈ സാഹചര്യത്തില്‍ മോചനത്തിന്റെ ക്രെഡിറ്റ് മറ്റാരെങ്കിലും കൊണ്ടുപോകുമോ എന്ന ആശങ്കയാണ് വധശിക്ഷ ഒഴിവാക്കാന്‍ ധാരണയായെന്ന പ്രചാരണത്തിന് അടിസ്ഥാനം എന്ന് വിശ്വസിക്കുന്നവരുമുണ്ട്.

കാന്തപുരം മുസ്‌ലിയാര്‍ക്കു പുറമെ, കേന്ദ്ര സര്‍ക്കാര്‍, ഇന്ത്യന്‍ എംബസി, അനൗദ്യോഗിക നയതന്ത്ര ചാനല്‍, റിയാദിലെ വ്യവസായി സാജന്‍ ലത്തിഫ്, ചാണ്ടി ഉമ്മന്‍ എംഎല്‍എ, നിമിഷ പ്രിയയുടെ പവര്‍ ഓഫ് അറ്റോര്‍ണി സാമുവല്‍ ജറോം, നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ എന്നിവരെല്ലാം വിവിധ മാര്‍ഗങ്ങളില്‍ മാപ്പ് നേടി നിമിഷ പ്രിയയെ മോചിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. മാപ്പു നല്‍കുക, അല്ലെങ്കില്‍ ദിയാ ധനം സ്വീകരിച്ചെങ്കിലും മാപ്പു നല്‍കണമെന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്. ഇത്തരം സമ്മര്‍ദ്ധങ്ങള്‍ക്കിടെ, വധശിക്ഷ ഉടന്‍ നടപ്പിലാക്കണമെന്ന് തലാലിന്റെ സഹോദരന്‍ ആവശ്യപ്പെടുന്നതിനു പിന്നില്‍ ദിയാ ധനം സംബന്ധിച്ച് വിലപേശാനാണെന്നും വിലയിരുത്തപ്പെടുന്നു.
മാപ്പു നല്‍കാന്‍ അഞ്ചു കാര്യങ്ങളാണ് സഹോദരന്‍ ആവശ്യപ്പെട്ടത്. അതില്‍ ഒന്നാമത്തേത് ഒത്തുതീര്‍പ്പു കരാര്‍ വ്യവസ്ഥകള്‍ പുറത്തു വിടരുത് എന്നാണ്. മാധ്യമങ്ങളുമായി വിവരം പങ്കുവെക്കരുതെന്നും അബ്ദുല്‍ ഫത്താഹ് മഹ്ദി ആവശ്യപ്പെടുന്നു. അതിനിടെ കാന്തപുരം മുസ്‌ലിയാര്‍ പുറത്തുവിടുന്ന വിവരങ്ങളില്‍ പ്രകോപിതനായാണ് വാര്‍ത്ത നിഷേധിച്ച് ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇടാന്‍ നിര്‍ബന്ധിതനാകുന്നത് എന്നാണ് വിവരം. അതുകൊണ്ടുതന്നെ, ക്രെഡിറ്റിനുവേണ്ടിയുളള ഓട്ടപ്പാച്ചില്‍ നിമിഷ പ്രിയയുടെ മോചനം അസാധ്യമാക്കുമോ എന്ന ശങ്കയിലാണ് മധ്യസ്ഥ ശ്രമത്തിന് നേതൃത്വം നല്‍കുന്നവര്‍.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






