Sauditimesonline

singer
പാട്ടോര്‍മയായി നിസാര്‍ വയനാട്; റിയാദില്‍ അനുസ്മരണം

പാട്ടോര്‍മയായി നിസാര്‍ വയനാട്; റിയാദില്‍ അനുസ്മരണം

റിയാദ്: അകാലത്തില്‍ വേര്‍പിരിഞ്ഞ പ്രിയ ഗായകന്‍ നിസാര്‍ വയനാടിന് പ്രണാമമേകി റിയാദിലെ പ്രവാസി സമൂഹം. കലാ സാംസ്‌കാരിക കൂട്ടായ്മ ‘വൈബ്‌സ് ഓഫ് റിയാദ്’ അസീസിയ മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരടക്കം നിരവധിപേര്‍ പങ്കെടുത്തു.

കഴിഞ്ഞ വര്‍ഷം വൈബ്‌സ് ഓഫ് റിയാദ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു നിസാര്‍ അവസാനമായി സൗദിയില്‍ സ്‌റ്റേജ് ഷോയില്‍ പങ്കെടുത്തത്. സിറ്റിഫഌവര്‍ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ വിവിധ വേദിയിലടക്കം സംഗീത വിരുന്നുകളുമായി ചുരുങ്ങിയ കാലം കൊണ്ട് പ്രവാസികളുടെ മനസ്സില്‍ ഇടംപിടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. സൗഹൃദബന്ധങ്ങള്‍ക്ക് വലിയ വില കല്‍പ്പിച്ചിരുന്ന പ്രിയ കലാകാരന്റെ പെട്ടെന്നുള്ള വിയോഗം പ്രവാസലോകത്തിന് വലിയ ആഘാതമായി. വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഗായകന്റെ മരണവാര്‍ത്തയെത്തുന്നത്.

വൈബ്‌സ് ഓഫ് റിയാദ് സെക്രട്ടറി ഉണ്ണി, ട്രഷറര്‍ നൗഷാദ് സിറ്റിഫഌവര്‍, ഭാരവാഹികളായ അന്‍വര്‍ ഷാ, ജെയ്ന്‍ ജോണ്‍, നൗഷാദ് അബ്ദുള്ള, മുഹമ്മദ് സാലിം, സഞ്ജു, കെഎംസിസി പ്രതിനിധി റാഷിദ് ദയ, നിസാറിന്റെ പ്രിയസുഹൃത്തും ഗായകനുമായ കുഞ്ഞുമുഹമ്മദ് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. മയ്യിത്ത് നമസ്‌കാരത്തിനും പ്രാര്‍ഥനയ്ക്കും അബ്ദുറഹ്മാന്‍ സഖാഫി നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top