
റിയാദ്: തൊഴില്‍ തേടി സൗദിയിലെത്തി 35 വര്‍ഷത്തിന് ശേഷം ഉത്തര്‍പ്രദേശ് ഗോണ്ട സ്വദേശി മുഹമ്മദ് ഷഫാത്തുള്ള (59) പ്രിയപ്പെട്ടവര്‍ക്ക് അരികിലേക്ക് മടങ്ങിയത് ചേതനയറ്റ ശരീരമായി. ജോലിക്കിടെ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. പതിറ്റാണ്ടുകളോളം പ്രവാസജീവിതം നയിച്ച ഷഫാത്തുള്ളയുടെ നാട്ടിലേക്കുള്ള മടക്കം 16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ്.


19 വര്‍ഷം ഒരേ സ്പോണ്‍സറുടെ കീഴില്‍ നിര്‍മാണ മേഖലയില്‍ ജോലി ചെയ്തിരുന്നു. 16 വര്‍ഷം മുമ്പ് അവധിക്ക് നാട്ടില്‍ പോയി തിരിച്ചെത്തിയ ശേഷം സ്പോണ്‍സറുമായുളള തര്‍ക്കത്തെ തുടര്‍ന്ന് ഹുറൂബിലായി. ഇതോടെ സ്പോണ്‍സറുമായുള്ള ബന്ധവും അവസാനിച്ചു. പിന്നീട് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് നിര്‍മാണ മേഖലയില്‍ തുടര്‍ന്നു. എന്നാല്‍ ഇഖാമ ഉള്‍പ്പെടെയുള്ള താമസരേഖകള്‍ കൈവശമില്ലാതായതോടെ നാട്ടിലേക്ക് മടങ്ങുക അസാധ്യമായി. വര്‍ഷങ്ങള്‍ കടന്നുപോയിട്ടും പ്രവാസത്തിന്റെ കുരുക്കഴിക്കാന്‍ കഴിയാതെ സൗദിയില്‍ തുടരുകയായിരുന്നു.

15 വര്‍ഷത്തിനുശേഷം നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഇന്ത്യന്‍ എംബസിയില്‍ ഔട്ട്പാസിന് അപേക്ഷ നല്കി. എന്നാല്‍ കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് കുറച്ചുമാസം കൂടി ജോലി ചെയ്തശേഷം നാട്ടിലേക്ക് പോകാമെന്ന തീരുമാനത്തില്‍ എംബസിയിലെ തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കാതെ കാത്തിരിക്കുകയായിരുന്നു.
അതിനിടെയാണ് ദുരന്തം. വീണ് ഗുരുതരമായി പരിക്കേറ്റ ഷഫാത്തുള്ളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇഖാമയും ഇന്‍ഷുറന്‍സും ഇല്ലാതിരുന്നതിനാല്‍ കൃത്യമായ ചികിത്സ ലഭിക്കാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഒപ്പം ജോലി ചെയ്തിരുന്ന സുഹൃത്തുക്കള്‍ക്കും ആവശ്യമായ രേഖകള്‍ ഇല്ലാതിരുന്നതിനാല്‍ ആശുപത്രിയില്‍ അന്വേഷിച്ചെത്താനും കഴിഞ്ഞില്ല. അല്‍ഖര്‍ജ് ജനറല്‍ ആശുപത്രിയില്‍ മൃതദേഹം 15 ദിവസത്തിലധികം തിരിച്ചറിയാതെ കിടന്നു. ഇന്ത്യക്കാരന്റെ അജ്ഞാത മൃതദേഹം ആശുപത്രിയിലുള്ളതായി പൊലീസ് കേളി ജീവകാരുണ്യ വിഭാഗം വൈസ് ചെയര്മാന് നാസര്‍ പൊന്നാനിയെ അറിയിച്ചതോടെയാണ് ഷഫാത്തുള്ളയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വഴിയൊരുങ്ങിയത്.
ഇന്ത്യന്‍ എംബസിയുടെ ഇടപെടലിലൂടെ മൃതദേഹം തിരിച്ചറിഞ്ഞു. കുടുംബത്തെ വിവരമറിയിച്ച് നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. കുടുംബത്തിന്റെ അഭ്യര്‍ത്ഥനപ്രകാരം മുഴുവന്‍ ചെലവും ഇന്ത്യന്‍ എംബസി വഹിച്ചു.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






