Sauditimesonline

kunjakko fans
കടല്‍ കടന്ന 'അനിയത്തിപ്രാവ്'; ചാക്കോച്ചന്റെ 29 വര്‍ഷങ്ങള്‍ ആഘോഷമാക്കി റിയാദ്

നിതാഖാത്തിന് കരുത്തായി പുതിയ പദ്ധതി; രണ്ടാം ഘട്ടത്തിന് തുടക്കം

റിയാദ്: സ്വകാര്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിന് സൗദി അറേബ്യ നടപ്പിലാക്കിയ ‘നിതാഖാത്ത് അല്‍മുതവ്വര്‍’ പദ്ധതിക്ക് വന്‍ വിജയം. പദ്ധതി ആരംഭിച്ച് മൂന്ന് വര്‍ഷത്തിനിടെ 5.5 ലക്ഷത്തിലധികം സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ നേടാന്‍ കഴിഞ്ഞതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. 2022ല്‍ ആരംഭിച്ച ഒന്നാം ഘട്ടത്തില്‍ 3.4 ലക്ഷം തൊഴിലവസരങ്ങളാണ് ലക്ഷ്യമിട്ടത്. എന്നാല്‍ ഇതിനെ മറികടക്കാന്‍ പദ്ധതിയ്ക്കു കഴിഞ്ഞു. പദ്ധതിയുടെ ഒന്നാം ഘട്ടം വിജയിച്ചതോടെ രണ്ടാം ഘട്ടം ഇന്നലെ ആരംഭിച്ചു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 3.4 ലക്ഷം സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ ജോലി ഉറപ്പാക്കുകയാണ് ലക്ഷ്യം.

പുതിയ തൊഴിലവസരങ്ങള്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കും. സ്വദേശി തൊഴിലാളികളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. മന്ത്രാലയം പുറത്തുവിട്ട വിവരങ്ങള്‍ ഇതാണ് വ്യക്തമാക്കുന്നത്. വിഷന്‍ 2030ന്റെ ഭാഗമായി തൊഴിലില്ലായ്മ കുറയ്ക്കാനുള്ള സര്‍ക്കാരിന്റെ ദൃഢനിശ്ചയമാണ് വിജയത്തിന് പിന്നിലെന്ന് റിയാദിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷനിലെ പ്രൊഫസര്‍ ഡോ. ഒസാമ ഗാനിം അല്‍ ഒബൈദി അഭിപ്രായപ്പെട്ടു. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 25 ലക്ഷത്തില്‍ എത്തിയതായി മാനവ വിഭവശേഷി മന്ത്രി അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍ രാജ്ഹി കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.

സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഭാവി തൊഴില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ സഹായിക്കുന്ന രീതിയിലാണ് ‘നിതാഖാത്ത് അല്‍മുതവ്വര്‍’ രൂപകല്‍പ്പന ചെയ്തിട്ടുളളത്. സ്വദേശിവല്‍ക്കരണത്തിന്റെ തോത് കൃത്യമായി നിശ്ചയിക്കുന്നതിലൂടെ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ സമയം ലഭിക്കും. ഇത് സ്വകാര്യ മേഖലയില്‍ സ്ഥിരത ഉറപ്പാക്കാനും ദേശീയ തൊഴില്‍ ശക്തിയെ പിന്തുണയ്ക്കാനും സഹായിക്കുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top