
ജിദ്ദ: കാട്ടാന കയറിയ കരിമ്പിന്‍ തോട്ടം പോലെ ഇന്ത്യന്‍ ജനാധിപത്യ, നിയമ സംവിധാനങ്ങളെ തന്നിഷ്ടം കാട്ടി തകിടം മറിക്കുന്ന ഭരണകൂട മദയാനകളെ തടയിടണമെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്. ആയിരം നാവുള്ള ചോദ്യങ്ങളും ആര്‍ജ്ജവമുള്ള സമരമുറകളുമായി രംഗത്തുവന്ന ‘ജെന്‍സി’ തലമുറ ജനാധിപത്യ വിശ്വാസികള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദ കെഎംസിസി സംഘടിപ്പിച്ച നവാഗത സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. പ്രവാസലോകത്തേക്ക് പുതുതായി എത്തിയ മലയാളി സമൂഹത്തെ കെഎംസിസിയുടെ സംഘടനാ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യാനും, പ്രവാസ ജീവിതത്തില്‍ പരസ്പര സഹകരണത്തിന്റെയും സൗഹൃദത്തിന്റെയും പ്രാധാന്യം പങ്കുവെക്കാനുമാണ് സംഗമം സംഘടിപ്പിച്ചത്.

സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബൂബക്കര്‍ അരിമ്പ്ര അധ്യക്ഷത വഹിച്ചു. താനൂര്‍ എംഎല്‍എ പി.കെ. നവാസ് മുഖ്യപ്രഭാഷണം നടത്തി. വിദ്യാസമ്പന്നരായ പുതിയ തലമുറ മുസ്ലിം ലീഗിനോടാണ് ആഭിമുഖ്യം പുലര്‍ത്തുന്നത് എന്നതിന്റെ തെളിവാണ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പുകളില്‍ എംഎസ്എഫ് നേടിയ തകര്‍പ്പന്‍ വിജയം. യുവതലമുറയുടെ സജീവ പങ്കാളിത്തമാണ് സംഘടനകളുടെ കരുത്തെന്നും അദ്ദേഹം പറഞ്ഞു.

പുതുതായി എത്തിയവരെ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി കൂടുതല്‍ അടുപ്പിക്കുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ക്കും യോഗം രൂപം നല്‍കി. ചടങ്ങില്‍ അരുവി മോങ്ങം ‘നവാഗത കവിത’ അവതരിപ്പിച്ചു. അബീര്‍ മെഡിക്കല്‍ സെന്ററിലെ ഡോ. അഹമ്മദ് കബീര്‍ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി. സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, ഡോ. അഹമ്മദ് ആലുങ്ങല്‍, ഇമ്രാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വി.പി. മുസ്തഫ സ്വാഗതവും നാസര്‍ മച്ചിങ്ങല്‍ നന്ദിയും പറഞ്ഞു. എ.കെ. ബാവ, ലത്തീഫ് മുസ്ലിയാരങ്ങാടി, ഹസ്സന്‍ ബത്തേരി, ലത്തീഫ് കളരാന്തിരി, ഇസഹാക്ക് പൂണ്ടോളി, ജലാല്‍ തേഞ്ഞിപ്പലം, ഷൗക്കത്ത് ഞാറക്കോടന്‍, സുബൈര്‍ വട്ടോളി, സിറാജ് കണ്ണവം, ലത്തീഫ് വെള്ളമുണ്ട തുടങ്ങിയ ഭാരവാഹികള്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






