
റിയാദ്: ഖിദ്ദിയ സിറ്റിയില്‍ ഈദുല്‍ ഫിത്‌റിനോടനുബന്ധിച്ച് ലോകോത്തര വാട്ടര്‍ തീം പാര്‍ക്കായ ‘അക്വാറേബ്യ’ പ്രവര്‍ത്തനം ആരംഭിച്ചു. വിനോദ, കായിക, സാംസ്‌കാരിക അനുഭവങ്ങള്‍ ഒന്നിച്ചുചേരുന്ന ഖിദ്ദിയ സിറ്റിയുടെ പ്രധാന ആകര്‍ഷണമാണ് അക്വാറേബ്യ.

സോഫ്റ്റ് ഓപ്പണിംഗില്‍ തെരഞ്ഞെടുത്ത അതിഥികള്‍ക്കു മാത്രമായിരുന്നു പ്രവേശനം. പശ്ചിമേഷ്യിലെ ഏറ്റവും വലിയ വാട്ടര്‍ തീം പാര്‍ക്കാണിത്. മാര്‍ച്ച് 28 വരെ സിക്‌സ് ഫ്‌ലാഗ്‌സ് ഖിദ്ദിയ സിറ്റി സന്ദര്‍ശിക്കുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ കൂടാതെ അക്വാറേബ്യ പ്രിവ്യൂ ടിക്കറ്റുകള്‍ നേടാന്‍ അവസരം നല്‍കുന്ന നറുക്കെടുപ്പ് പദ്ധതിയും പ്രഖ്യാപിച്ചു. പൊതുജനങ്ങള്‍ക്കു തുറന്നുകൊടുക്കുന്നതിന് മുമ്പ് നറുക്കെടുപ്പ് വിജയികള്‍ക്ക് പാര്‍ക്കില്‍ പ്രവേശനം ലഭിക്കും.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സിക്‌സ് ഫ്‌ലാഗ്‌സ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അക്വാറേബ്യയും പ്രവര്‍ത്തനം ആരംഭിച്ചതോടെ ഖിദ്ദിയ വിനോദ നഗരത്തിലെ നിര്‍ണായക ഘട്ടമാണ് പൂര്‍ത്തിയായത്. ഗ്രാന്‍ഡ് ഓപ്പണിംഗ് തീയതിയും ടിക്കറ്റ് നിരക്കും ഉടന്‍ പ്രഖ്യാപിക്കും.

റെക്കോര്‍ഡ് സ്ലൈഡുകളും ഹൈസ്പീഡ് വാട്ടര്‍ കോസ്റ്ററുകളും സര്‍ഫ് പൂളുകളും ഉള്‍പ്പെടുന്നതാണ് അക്വാറേബ്യ. ഏറ്റവും മികച്ച ഭക്ഷ്യ വിഭവങ്ങള്‍ നുകരാന്‍ 24 റസ്‌റ്റോറന്റുകളും ഒരുക്കിയിട്ടുണ്ട്. 2034 ഏഷ്യന്‍ ഗെയിംസ് കായാക്കിംഗ് മത്സര വേദി ഇവിടെയാണ്. ജല വിനോദ രംഗത്ത് പുതിയ അധ്യായമാകും അക്വാറേബ്യ എന്നും അധികൃതര്‍ പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






