മുഹമ്മദ് കല്ലിങ്ങല്‍

റിയാദ്: ഓരോ യാത്രയും മടങ്ങിവരാനുള്ള പ്രതീക്ഷയാണ്. കുടുംബത്തോടൊപ്പം ചിരിച്ചും ഉല്ലസിച്ചും സഞ്ചരിച്ചവര്‍ ഒരു നിമിഷത്തില്‍ കണ്ണീരിന്റെ വഴിയായി മാറിയപ്പോള്‍ പ്രവാസ ലോകം മുഴുവന്‍ തേങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ സൗദിയിലും യുഎഇയിലും ഉണ്ടായ വാഹനാപകടങ്ങളില്‍ പത്ത് മലയാളികള്‍ മരിച്ച സംഭവം വേദനയോടെയാണ് പ്രവാസി സമൂഹം ഓര്‍ക്കുന്നത്.

മദീനയിലെയും അബുദാബിയിലെയും റോഡുകളില്‍ ഒരേ സമയം അണഞ്ഞത് പത്ത് ജീവിതങ്ങളാണ്. അതിലേറെ ഹൃദയഭേദകമായ കാഴ്ച, മരിച്ചവരില്‍ അഞ്ച് പേര്‍ ഒരേ കുടുംബത്തിലെ കുട്ടികളാണെന്ന യാഥാര്‍ഥ്യമാണ്. സുരക്ഷിതമായി ലക്ഷ്യത്തിലെത്തുമെന്ന വിശ്വാസത്തോടെ ഒരുമിച്ച് യാത്ര തുടങ്ങിയ കുടുംബങ്ങള്‍ വിധിയുടെ ക്രൂരതയില്‍ മടങ്ങിവരാത്ത വഴിയിലേക്ക് മറഞ്ഞു.

മദീന സന്ദര്‍ശനത്തിന് പുറപ്പെട്ട മലപ്പുറം തിരൂര്‍ക്കാട് സ്വദേശി അബ്ദുല്‍ ജലീലും കുടുംബവുമാണ് ആദ്യ ദുരന്തത്തിന്റെ ഇരകള്‍. അപകടസ്ഥലത്ത് തന്നെ നാല് ജീവന്‍ അണഞ്ഞു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒന്‍പത് വയസുകാരിയും വിടപറഞ്ഞു. പ്രവാചക പളളി സന്ദര്‍ശിക്കാന്‍ പുറപ്പെട്ട സംഘത്തിന്റെ യാത്രയാണ് കണ്ണീരായി മാറിയത്. മലപ്പുറം മഞ്ചേരി വെള്ളില നടുവത്ത് കളത്തില്‍ അബ്ദുല്‍ ജലില്‍ (52), ഭാര്യ തസ്‌ന തോടേങ്ങല്‍ (40), മകന്‍ ആദില്‍ ജലീല്‍ (14), മകള്‍ ഹാദിയ (9), ജലീലിന്റെ മാതാവ് മൈമുനത്ത് കാക്കേങ്ങല്‍ (73) എന്നിവരാണ് മരിച്ചത്. അബ്ദുല്‍ ജലീലിന്റെ മക്കളായ അയിഷ (15), നൂറ (7) എന്നിവര്‍ ചികിത്സയിലാണ്.

അബുദാബിയില്‍ മറ്റൊരു മലയാളി കുടുംബത്തിന് അപകടത്തില്‍ പൊലിഞ്ഞത് നാലു പൊന്നോമനകളെയാണ്. അവരുടെ ആയയും ദുരന്തത്തിന് കീഴടങ്ങി. മലപ്പുറം കിഴിശ്ശേരി സ്വദേശി അബ്ദുല്‍ ലത്തീഫും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. മൂന്ന് കുട്ടികളും വീട്ടു സഹായിയും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഒരു കുഞ്ഞ് ആശുപത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്.
അബ്ദുല്‍ ലത്തീഫിന്റെ മക്കളായ അഷസ് (14), അമ്മാര്‍ (12), അയാഷ് (5), അസ്സാം (7) എന്നിവരും വീട്ടുവേലക്കാരി ബുഷ്‌റയുമാണ് മരിച്ചത്. കോഴിക്കോട് സ്വദേശിയാണ് അബ്ദുല്‍ ലത്തീഫ്. ദുബൈയിലും റിയാദിലും ബിസനസ് ചെയ്യുന്ന അബ്ദുല്‍ ലത്തീഫിന്റെ കുടുംബം വര്‍ഷങ്ങളായി ദുബായിലാണ് താമസം. റിയാദിലായിരുന്ന ലത്തീഫ് കഴിഞ്ഞ ആഴ്ചയാണ് ദുബായിലെത്തിയത്. പരിക്കേറ്റ അബ്ദുല്‍ ലത്തീഫും ഭാര്യയും ചികിത്സയിലാണ്.

റോഡുകളില്‍ ഒരുപാട് ജീവന്‍ കാത്തിരിക്കുന്നുണ്ടെന്ന സത്യമാണ് ദുരന്തങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചും അമിതവേഗത്തില്‍ വാഹനമോടിച്ചും നടത്തുന്ന അശ്രദ്ധ നഷ്ടങ്ങളിലേക്കാണ് നയിക്കുന്നത്. അര്‍ദ്ധരാത്രിയിലും പുലര്‍ച്ചെയും അപകടസാധ്യത ഇരട്ടിയാക്കും.
പുലര്‍ച്ചെ രണ്ട് മുതല്‍ അഞ്ച് വരെ സമയം ഡ്രൈവിംഗ് ഏറ്റവും അപകടകരമാണ്. ഈ സമയങ്ങളില്‍ ഡ്രൈവര്‍മാര്‍ ഉറക്കത്തിലേക്ക് വഴുതിപ്പോകുന്നത് അപകടങ്ങള്‍ക്കു കാരണമാകും. കഴിയുന്നതും ഇത്തരം സമയങ്ങളിലെ യാത്ര ഒഴിവാക്കണമെന്നാണ് വിദഗ്ദരുടെ നിര്‍ദേശം. ഉറക്കം തോന്നിയാല്‍ വാഹനം നിര്‍ത്തി വിശ്രമിച്ച ശേഷം മാത്രം യാത്ര തുടരുക.
മദീനയിലെയും അബുദാബിയിലെയും റോഡുകള്‍ വെറും അപകടങ്ങള്‍ മാത്രമല്ല, അവിടെ അണഞ്ഞത് അനവധി സ്വപ്നങ്ങളാണ്, ഒരുപാട് ചിരികളാണ്, തിരിച്ചു വരവിനായി കാത്തിരുന്ന വീടുകളിലെ പ്രതീക്ഷകളാണ്. അതുകൊണ്ടുതന്നെ ഓരോ യാത്രയും ഉത്തരവാദിത്വമാണെന്നും ഓരോ ജീവനും അമൂല്യമാണെന്നും തിരിച്ചറിയണം. കണ്ണീരുണങ്ങാത്ത അപകടങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത് അതു മാത്രമാണ്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






