റിയാദ്: സൗദി പ്രഥമ ദേശീയ ഗെയിംസില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ ഖദീജ നിസയെ സഫ മക്ക സ്വര്‍ണ പതക്കം നല്‍കി ആദരിച്ചു. ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവുമുള്ളവര്‍ വിജയം സംഭവിക്കാനായി കാത്ത് നില്‍ക്കില്ല. പകരം അവര്‍ വിജയം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. അതിന് ഉദാഹരണമാണ് നിസയുടെ മിന്നും വിജയമെന്ന് ചടങ്ങ് ഉത്ഘാടനം ചെയ്ത് മെഡിക്കല്‍ ഡയറക്ടര്‍ ഡോ.ബാലകൃഷ്ണന്‍ പറഞ്ഞു.
സ്വതന്ത്രവും നിര്‍ഭയവുമായി അവള്‍ കണ്ടെത്തിയ മേഖലയില്‍ സഞ്ചരിക്കാന്‍ പ്രോത്സാഹനവും പ്രചോദനവും നല്‍കിയ മാതാപിതാക്കളുടേത് കൂടിയാണ് നിസ നേടിയ ഉജ്വല നേട്ടം. അതുകൊണ്ട് നേട്ടം അവരുടേത് കൂടിയാണെന്ന് ആശംസ പ്രസംഗത്തില്‍ ഡോ: തോമസ് പറഞ്ഞു.
സഫ മക്ക ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഡോ. ബാലകൃഷ്ണന്‍ ഖദീജ നിസയ്ക്ക് പ്രശംസാ ഫലകം സമ്മാനിച്ചു. ഡോ. തോമസ്, ഡോ. തമ്പാന്‍ എന്നിവര്‍ ചേര്‍ന്ന് സ്വര്‍ണ്ണ പതക്കം അണിയിച്ചു. പ്രോഗ്രാം കമ്മറ്റിക്ക് വേണ്ടി മനാല്‍ അല്‍ ഉനൈസി, ഫൈ അല്‍ ഷഹ്‌റാനി എന്നിവര്‍ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. കോഡിനേറ്റര്‍ യഹിയ ചെമ്മാണിയോട്, നിസയുടെ പിതാവ് ലത്തീഫ് കോട്ടൂര്‍ സാമൂഹിക പ്രവര്‍ത്തകരായ മുഹമ്മദ് അലി മണ്ണാര്‍ക്കാട്, കരീം മഞ്ചേരി എന്നിവര്‍ സംബന്ധിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.