
സൗദി അറേബ്യ സ്ഥാപക ദിനം ആഘോഷിക്കുകയാണ്. ഫെബ്രുവരി 22 സ്ഥാപക ദിനമായി ആഘോഷിക്കാന്‍ ഭരണാധികാരി സല്മാന് രാജാവ് കഴിഞ്ഞ മാസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. രാജ്യത്തിന്റെ ചരിത്രവും പൈതൃകവും പുതു തലമുറക്ക് പരിചയപ്പെടുത്താനും ഓര്‍മ്മിക്കാനുമാണ് സ്ഥാപക ദിനം ആഘോഷിക്കുന്നത്.
പ്രഥമ സൗദി രാഷ്ട്രത്തിന്റെയും സൗദ് രാജവംശത്തിന്റെയും സ്ഥാപകന്‍ മുഹമ്മദ് ബിന്‍ സഊദ് ആണ്. 1727നും 1765നും ഇടയിലാണ് ഇമാം മുഹമ്മദ് ബിന്‍ സഊദ് റിയാദിനടുത്ത് ദിരിയ കേന്ദ്രമാക്കി ഭരണം നടത്തിയത്. പതിറ്റാണ്ടുകളായി അറേബ്യന്‍ ഉപദ്വീപ് ഭിന്നിച്ചു കിടന്നിരുന്ന കാലത്താണ് ഇമാം മുഹമ്മദ് ബിന്‍ സഊദിന്റെ നേതൃത്വത്തില്‍ ഭരണം ആരംഭിച്ചത്. ഗോത്രങ്ങളും വിവിധ സമുധായങ്ങളും പരസ്പരം മത്സരിക്കുകയും കലഹിക്കുകയും ചെയ്തിരുന്ന വേളയില്‍ മികച്ച നേതൃഗുണം പ്രകടമാക്കിയാണ് ഇമാം മുഹമ്മദ് ബിന്‍ സഊദ് അറേബ്യന്‍ ഉപ ദ്വീപിലെ ശ്രദ്ധേയമായ ഭരണ സാരഥ്യം ഏറ്റെടുത്തത്. അന്നത്തെ ഭരണ സാരഥിയുടെ പിന്‍തലമുറയാണ് ഇന്ന് സുശക്തമായ സൗദിയുടെ ഭരണ സാരഥ്യം വഹിക്കുന്നത്. അതുകൊണ്ടുതന്നെ സൗദി സ്ഥാപകനെ സ്മരിക്കുകയും സന്തോഷം പങ്കുവെക്കുകയും ചെയ്യുന്നതിനാണ് സ്ഥാപക ദിനം ആചരിക്കുന്നത്.

ചരിത്രപരമായും ഭൂമിശാസ്ത്ര പരമായും ഉറച്ച അടിത്തറയുളള പാരമ്പര്യമാണ് സൗദി അറേബ്യക്കുളളത്. 1727 അഥവാ ഹിജ്റ വര്‍ഷം 1139ല്‍ സൗദി സ്ഥാപിക്കപ്പെട്ടതിന് ശേഷം മൂന്ന് ഘട്ടങ്ങളായാണ് ആധുനിക സൗദി അറേബ്യ രൂപം കൊണ്ടത്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ രാഷ്ട്രമാണ് സൗദി അറേബ്യ. സമ്പത് ഘടനയിലും വികസനത്തിലും കൈവരിച്ച നേട്ടം സൗദി അറേബ്യയെ വികസിത രാജ്യങ്ങളില്‍ ശ്രദ്ധേയമായ സ്ഥാനം നേടിക്കൊടുത്തു. ജിസിസിയിലെ വിവിധ രാജ്യങ്ങള്‍ കെട്ടിപ്പടുക്കാന്‍ സഹായവും മാതൃകയുമായത് ഇമാം മുഹമ്മദ് ബിന്‍ സഊദ് സ്ഥാപിച്ച സൗദി അറേബ്യയുടെ വളര്‍ച്ചയും കെട്ടുറപ്പുമാണ്.

സൗഊദ് രാജ വംശത്തില്‍ രാജ്യത്തെ നയിച്ച നീതിമാന്മാരായ ഭരണാധികാരികളെ സ്മരിക്കുന്നതിന് കൂടിയാണ് സ്ഥാപക ദിനം ആഘോഷിക്കുന്നത്. ഭരണാധികാരി സല്മാന് രാജാവും കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനും സൗദി അറേബ്യയുടെ ചരിത്രത്തിനും പൈതൃകത്തിനും കല്‍പ്പിക്കുന്ന വിലയും ശ്രേഷ്ടതയും പ്രതിഫലിപ്പിക്കുന്ന ദിനം കൂടിയാണ് സ്ഥാപക ദിനം. രാജ്യത്തെ പൊതു-സ്വകാര്യ മേഖലയില്‍ പൊതു അവധിയാണ് സ്ഥാപക ദിനത്തിന് പ്രഖ്യാപിച്ചിട്ടുളളത്. വിവിധ പ്രവിശ്യകളില്‍ വര്‍ണാഭമായ ആഘോഷ പരിപാടികളാണ് സ്ഥാപക ദിനത്തിന്റെ ഭാഗമായി അരങ്ങേറുന്നത്.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






