
ഷിബു ഉസ്മാന്‍
റിയാദ്: ‘ഇത് നമ്മുടെ ഭവനം’ എന്ന പ്രമേയത്തില്‍ 92-ാമത് ദേശീയദിനാഘോഷങ്ങള്‍ തുടങ്ങിയതായി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി. സെപ്തംബര്‍ 26 വരെ ഒന്‍പത് ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഘോഷ പരിപാടികള്‍ അരങ്ങേറും. വ്യോമ, നാവിക, സൈനിക പ്രദര്‍ശനങ്ങള്‍, കരിമരുന്നു പ്രയോഗങ്ങള്‍, പ്രദര്‍ശനങ്ങള്‍, സംഗീത പരിപാടികള്‍, ‘സര്‍ക്യു ഡു സോലെ’ പോല മികച്ച നിലവാരമുളള കലാ വിനോദ പ്രകടനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ആഘോഷ പരിപാടികള്‍.

14 നഗരങ്ങളില്‍ റോയല്‍ സൗദി എയര്‍ഫോഴ്‌സ് അതിശയിപ്പിക്കുന്ന എയര്‍ ഷോ നടത്തും. എഫ്15, ടൊര്‍ണാഡോ, ടൈഫൂണ്‍, എഫ്15സി വിമാനങ്ങള്‍ ഉപയോഗിച്ച് പത്ത് ദിവസങ്ങളിലാണ് എയര്‍ ഷോ ഒരുക്കുന്നത്. സൈനിക വാഹനങ്ങളും മോട്ടോര്‍ സൈക്കിളുകളും പരേഡില്‍ അണിനിരക്കും. കുതിരപ്പട, ഹെലികോപ്ടറുകള്‍ ഉപയോഗിച്ചുള്ള എയര്‍ ഷോകള്‍, റോയല്‍ സൗദി നേവി തുടങ്ങി സൈനിക വിഭാഗങ്ങളുടെ പ്രകടനങ്ങളും അരങ്ങേറും.

ആഭ്യന്തര മന്ത്രാലയത്തിന്റെ സൈനിക ബാന്‍ഡിന്റെ നേതൃത്വത്തില്‍ തത്സമയം സംഗീത വിരുന്ന് ഒരുക്കും. റിയാദിലും ജിദ്ദയിലും റോയല്‍ ഗാര്‍ഡിന്റെ ക്ലാസിക് കാറുകളും കുതിര പരേഡുകളും ആഘോഷങ്ങളുടെ ഭാഗമായി നടക്കും. സെപ്തംബര്‍ 21 മുതല്‍ 24 വരെ റിയാദ് പ്രിന്‍സസ് നൗറ ബിന്‍ത് അബ്ദുള്‍ റഹ്മാന്‍ സര്‍വകലാശാലയില്‍ ‘സര്‍ക്യു ഡു സോലെ’ ഷോകള്‍ അവതരിപ്പിക്കും.
രാജ്യത്തെ 13 പ്രദേശങ്ങള്‍ പൊതു പാര്‍ക്കുകളില്‍ രാജ്യത്തിന്റെ ചരിത്രവും ദേശീയ പൈതൃകവും അനാവരണം ചെയ്യുന്ന ആഘോഷങ്ങള്‍ നടക്കും. വിവിധ പ്രദേശങ്ങളിലെ 18 നഗരങ്ങളില്‍ കരിമരുന്ന് പ്രദര്‍ശനം ഉണ്ടാകും. ‘ഇത് നമ്മുടെ ഭവനം’ എന്ന പ്രമേയത്തിലാണ് ഈ വര്‍ഷം ദേശീയ ദിനം ആഘോഷിക്കുന്നത്.





