Sauditimesonline

kmcc mlp
വഖഫ് ഭേദഗതി ഭരണഘടനാ വിരുദ്ധം; സംഘപരിവാറിന്റേത് വിഭജന ആശയം

പണിയറിയണം; പരീക്ഷ പാസാകണം

റിയാദ്: സൗദി അറേബ്യയില്‍ വിദേശ തൊഴിലാളികളുടെ തൊഴില്‍ ശേഷി വിലയിരുത്തുന്നതിന് യോഗ്യതാ പരീക്ഷ ആരംഭിച്ചു. പുതിയ നിയമം പ്രാബല്യത്തിലായതോടെ അടിസ്ഥാന യോഗ്യതയില്ലാത്ത മലയാളികള്‍പ്പെടെ നിരവധി വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും.

വിദേശികള്‍ക്ക് തിയറി, പ്രാക്ടിക്കല്‍ പരീക്ഷകളാണ് ഏര്‍പ്പെടുത്തിയിട്ടുളളത്. നിശ്ചിത പരീക്ഷ പാസാകാന്‍ മൂന്ന് അവസരങ്ങള്‍ അനുവദിക്കും. പരീക്ഷയില്‍ യോഗ്യത നേടാത്തവരുടെ ലേബര്‍ പെര്‍മിറ്റ് കാര്‍ഡ് പുതുക്കില്ല. താമസാനുമതി രേഖയായ ഇഖാമയില്‍ രേഖപ്പെടുത്തിയിട്ടുളള പ്രൈാഫഷനെ അടിസ്ഥാനമാക്കിയാണ് പരീക്ഷ. തൊഴില്‍ ചെയ്യാന്‍ യോഗ്യതയും അറിവും പരിചയവും വിദേശ തൊഴിലാളിക്ക് ഉണ്ടെന്ന് ഉറപ്പു വരുത്തുന്നതിനണ് തിയറി, പ്രാക്ടിക്കല്‍ പരീക്ഷകള്‍.

23 കാറ്റഗറിയിലായി ആയിരത്തിലധികം പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് പരീക്ഷ. സ്‌കില്‍ വെരിഫിക്കേഷന്‍ പ്രോഗ്രാം അഥവാ എസ്‌വിപി എന്ന പേരിലാണ് പരീക്ഷ. അറബി, ഇഗ്ലീഷ്, ഹിന്ദി, ഉറുദു, ഫിലിപ്പിനോ ഭാഷകളില്‍ പരീക്ഷ എഴുതാന്‍ അവസരം ഉണ്ട്. 30 മിനിറ്റ് ദൈര്‍ഘ്യമുളള കമ്പ്യൂട്ടറധിഷ്ഠിത തിയറി പരീക്ഷയും പ്രായോഗിക ടെസ്റ്റുമാണ് യോഗ്യതാ പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. 50 ശതമാനം മാര്‍ക്ക് നേടിയവരെ മാത്രമാണ് വിജയികളായി പരിഗണിക്കുകയുളളൂ. പരീക്ഷ പാസാകുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. ഇതിന് അഞ്ച് വര്‍ഷം കാലാവധി ഉണ്ടാകും. അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ വീണ്ടും പരീക്ഷ എഴുതണം. തൊഴില്‍ വിപണിയില്‍ അന്താരാഷ്ട്ര ഗുണ നിലവാരം ഉറപ്പുവരുത്തുകയാണ് എസ്‌വിപി ലക്ഷ്യം വെക്കുന്നത്.

ജീനവക്കാരുടെ എണ്ണത്തിനനുസരിച്ച് അഞ്ച് വിഭാഗങ്ങളിലായി പരീക്ഷ നടത്തും. ആദ്യഘട്ടത്തില്‍ മൂവായിരത്തില്‍ കൂടുതല്‍ ജീവനക്കാരുള്ള വന്‍കിട കമ്പനികളിലെ ജീവനക്കാര്‍ക്കാണ് പരീക്ഷ. രണ്ടാം ഘട്ടത്തില്‍ 500 മുതല്‍ 2999 വരെ ജീവനക്കാര്‍ക്കും അതിനു ശേഷം 50 മുതല്‍ 499 വരെ ജീവനക്കാരുള്ള ഇടത്തരം കമ്പനികളിലെ ജീവനക്കാര്‍ക്കുമാണ് പരീക്ഷ. ആറു മുതല്‍ 49 വരെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങള്‍, ഒന്നു മുതല്‍ അഞ്ച് വരെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്ക് അടുത്ത വര്‍ഷം ജനുവരിയില്‍ പരീക്ഷ നടത്തും.

പുതിയ വിസയില്‍ സൗദിയില്‍ തൊഴില്‍ കണ്ടെത്തുന്നവര്‍ക്ക് അവരവരുടെ രാജ്യത്ത് പരീക്ഷ നടത്തും. ഇതിനായി അന്താരാഷ്ട്ര പരീക്ഷാ സെന്ററുകളെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇവിടങ്ങളില്‍ നടത്തുന്ന പ്രൊഫഷണല്‍ എക്‌സാമിനേഷന്‍ പാസാകുന്നവര്‍ക്ക് മാത്രമാകും ഭാവിയില്‍ തൊഴി വിസ സ്റ്റാമ്പ് യ്യൊന്‍ അനുമതി ലഭിക്കുകയുളളൂ.

ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും മാത്രമാണ് സൗദിയില്‍ യോഗ്യതാ പരീക്ഷ നടത്തിയിരുന്നത്. ഇവരുടെ സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിച്ച് പ്രൊഫഷണല്‍ രജിസ്‌ട്രേഷനും നടത്തുന്നുണ്ട്. എന്നാല്‍ എഞ്ചിനീയറിംഗ് മേഖലയിലെ മുഴുവന്‍ തൊഴിലാളികളുടെയും തൊഴില്‍ നൈപുണ്യം പരിശോധിക്കാനുളള പരീക്ഷക്കാണ് രാജ്യത്ത് തുടക്കം കുറിച്ചത്.

സൗദിയില്‍ പത്തും പതിനഞ്ചും വര്‍ഷം വിവിധ തസ്തികകളില്‍ ജോലി ചെയ്ത് തൊഴില്‍ നൈപുണ്യം നേടിയ ധാരാളം വിദേശികളുണ്ട്. പലരും ലേബര്‍, ഹെല്‍പര്‍ കാറ്റഗറിയില്‍ ജോലിയില്‍ പ്രവേശിക്കുകയും തൊഴില്‍ വൈദഗ്ദ്യം നേടിയവരുമാണ്. ഇവര്‍ക്ക് സാങ്കേതികമായി അടിസ്ഥാന യോഗ്യതകള്‍ ഉണ്ടാവില്ല. എന്നാല്‍ വര്‍ഷങ്ങള്‍ നീണ്ട പ്രായോഗിക പരിചയമാണ് ഇവരെ മികച്ച തസ്തികകളില്‍ എത്തിച്ചത്. ഇത്തരത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധിയാളുകളാണ് വന്‍കിട കമ്പനികളില്‍ സാങ്കേതിക മേഖലയില്‍ ജോലി ചെയ്യുന്നത്. അതുകൊണ്ടുതന്നെ പുതിയ നിയമം പ്രാബല്യത്തിലായത് നിരവധി വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top