Sauditimesonline

THANAL
റിയാദില്‍ തണല്‍ ചേമഞ്ചേരി വിഭവ സമാഹരണം

ജിദ്ദ-കോഴിക്കോട് നേരിട്ടു ‘സൗദിയ’ സര്‍വീസ് പുനരാരംഭിക്കണം

മുഹമ്മദ് കല്ലിങ്ങല്‍

ജിദ്ദ: ദേശീയ വിമാനക്കമ്പനി സൗദി എയര്‍ലൈസന്‍സ് ജിദ്ദ-കോഴിക്കോട് സര്‍വീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജിദ്ദയില്‍ നിന്നുള്ള മലബാര്‍ പ്രവാസികള്‍ക്ക് റിയാദ് വഴി സൗദിയ കണക്ഷന്‍ ഫ്‌ളൈറ്റ് ലഭ്യമാണ്. എന്നാല്‍, റമദാന്‍, പെരുന്നാള്‍, ഹജ്ജ് സീസണ്‍ പ്രമാണിച്ച് തിരക്ക് കൂടുന്ന സാഹചര്യങ്ങളില്‍ ജിദ്ദ-കോഴിക്കോട് നേരിട്ടു സൗദി എയര്‍ലൈന്‍സ് സര്‍വീസ് ആരംഭിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം.

2020ല്‍ കരിപ്പൂര്‍ വിമാന ദുരന്തത്തെ തുടര്‍ന്നാണ് ജിദ്ദ-കോഴിക്കോട് സര്‍വീസ് നിര്‍ത്തിയത്. സൗദിയ സര്‍വീസ് നടത്താന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടും ഇന്ത്യന്‍ വ്യോമയാന വകുപ്പ് അനുമതി നല്‍കുന്നില്ലെന്നാണ് വിവരം. കരിപ്പൂരില്‍ ടേബിള്‍ ടോപ്പ് റണ്‍വേ ആയതിനാല്‍ വലിയ വിമാനങ്ങള്‍ക്ക് സുരക്ഷാ കാരണങ്ങളാല്‍ സര്‍വീസ് നടത്താന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിക്കുന്നത്. എന്നാല്‍ പകല്‍ സമയങ്ങളില്‍ വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

അതേസമയം, ഇപ്പോള്‍ നടന്നു വരുന്ന ‘റെസ’ (റണ്‍വേ എന്‍ഡ് സേഫ്ടി ഏരിയ) നിര്‍മ്മാണം പൂര്‍ത്തിയായാല്‍ വലിയ വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കുമെന്ന് കോഴിക്കോട് വിമാനത്താവള ഉപദേശക സമിതി ചെയര്‍മാന്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അറിയിച്ചു.

സൗദി അറേബ്യയുടെ പ്രധാന വാണിജ്യ വ്യാപാര കേന്ദ്രവും മക്ക, മദീന ഹറമുകളുടെ കവാട നഗരിയുമായ ജിദ്ദയിലും പരിസര പ്രദേശങ്ങളിലും ആയിരക്കണക്കിന് മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്. ഇവരില്‍ കൂടുതലും മലബാര്‍ മേഖലയില്‍ നിന്നുള്ളവരാണ്. അതിനു പുറമെ മലബാറിലെ നൂറുക്കണക്കിന് ഉംറ തീര്‍ത്ഥാടകരും ജിദ്ദ വഴിയാണ് യാത്ര ചെയ്യുന്നത്.

പുണ്യ മാസമായ റമദാന്‍ എത്തിയ സാഹചര്യത്തില്‍ പ്രവാസികളുടേയും ഉംറ തീര്‍ത്ഥാടകരുടെയും തിരക്ക് വര്‍ധിക്കും. കോഴിക്കോട് നിന്നു ജിദ്ദയിലേക്കും മദീനയിലേക്കും സൗദി എയര്‍ലൈന്‍സിന്റെ നേരിട്ടുള്ള സര്‍വീസ് ആരംഭിക്കണമെന്ന് സമസ്ത ഇസ്ലാമിക് സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍, ജിദ്ദ-മലപ്പുറം ജില്ല കെഎംസിസി ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റര്‍ എന്നിവരും ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് ഇ.ടി മുഹമ്മദ് ബഷീര്‍ എം. പി ക്ക് മലപ്പുറം ജില്ല കെഎംസിസി നിവേദനം സമര്‍പ്പിച്ചതായും അദ്ദേഹം പറഞ്ഞു. സൗദി എയര്‍ലൈന്‍സിന്റെ കോഴിക്കോട്-ജിദ്ദ സര്‍വീസ് ആരംഭിക്കുന്നതിന് ശ്രമം തുടരുകയാണെന്ന് ‘സേവ് കരിപ്പൂര്‍’ സമരം നടത്തി ശ്രദ്ധേയനായ മലബാര്‍ ഡെവലപ്‌മെന്റ് ഫോറം പ്രസിഡന്റ് കെ. എം ബഷീര്‍ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top