
റിയാദ്: സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഷൈജു പച്ചക്ക് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്റെ ആദരം. പതിനാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ഹ്യുമാനിറ്റേറിയന്‍ എക്‌സലന്റ് അവാര്‍ഡ്-2025 ആണ് ഷൈജു പച്ചക്കു സമ്മാനിച്ചത്. പൊന്നാടയും പ്രശംാസാ ഫലകവും അടങ്ങിയ അവാര്‍ഡ് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സമ്മാനിച്ചു. പ്രസിഡന്റ് മുഹമ്മദാലി മരോട്ടിക്കല്‍ അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക സമ്മേളനം റിയാദ് ഇന്ത്യന്‍ എംബസ്സി വെല്‍ഫെയര്‍ ഉദ്യോഗസ്ഥന്‍ ഷറഫുദ്ധീന്‍ സഹ്‌റ ഉദ്ഘാടനം ചെയ്തു.

ജീവകരുണ്യ രംഗത്തെ എളിയ പ്രവര്‍ത്തനങ്ങള്‍ക്കു റിയാദ് പൊതു സമൂഹമാണ് പ്രോചോദനമെന്നു അവാര്‍ഡ് ഏറ്റുവാങ്ങിയ ഷൈജു പച്ച പറഞ്ഞു. ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ സഹായം ആവശ്യമുളളവരെ ചേര്‍ത്തുപിടിക്കുന്നവരാണ് പ്രവാസി സമൂഹം. ഇത്തരക്കാരുടെ സഹകരണം, നിസ്വാര്‍ഥ പിന്തുണ എന്നിവയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ സഹായിക്കുന്നത്. അതുകൊണ്ടുതന്നെ റിയാദ് പൊതുസമൂഹത്തിനുളള അവാര്‍ഡാണിതെന്നും ഷൈജു പച്ച നന്ദി പ്രകടിപ്പിച്ചു പറഞ്ഞു.

റിയാദില്‍ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ ഷൈജു പച്ച കണ്ണൂര്‍ സ്വദേശിയാണ്. റിയാദ് ടാക്കീസ്, കണ്ണൂര്‍ കൂട്ടായ്മ കിയോസ്, റിയാദ് ഹെല്‍പ് ഡെസ്‌ക് തുടങ്ങി പ്രവാസികള്‍ക്കിടയിലെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗത്ത് മറ്റുളളവരെ ചേര്‍ത്തുപിടിച്ചാണ് ഷൈജു പച്ചയുടെ പ്രവാസം.






