Sauditimesonline

SUBASH
മരണ വാര്‍ത്തയുടെ നിഴല്‍ നീങ്ങി; പ്രതീക്ഷയുടെ ചിറകിലേറി സുഭാഷ് നാട്ടിലേക്ക് മടങ്ങി

മരണ വാര്‍ത്തയുടെ നിഴല്‍ നീങ്ങി; പ്രതീക്ഷയുടെ ചിറകിലേറി സുഭാഷ് നാട്ടിലേക്ക് മടങ്ങി

റിയാദ്: മരണാനന്തര കര്‍മ്മങ്ങള്‍ക്കായി കാത്തിരുന്ന കുടുംബാംഗങ്ങളെ വിസ്മയിപ്പിച്ച് ഗൃഹനാഥന്‍ വീട്ടിലേക്ക്. റിയാദില്‍ കെട്ടിട സമുച്ചയത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ കൊല്ലം ആദിനാട് വാഴപ്പളളി വടക്കേതില്‍ ഗോപാലന്‍ സുഭാഷ് (53) ആണ് കഴിഞ്ഞ ദിവസം വീട്ടിലേക്ക് മടങ്ങിയത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ സുഭാഷ് മരിച്ചെന്നാണ് വീട്ടുകാര്‍ക്ക് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് സിആര്‍ മഹേഷ് എംഎല്‍എ സാമൂഹിക പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാടിനോട് ആവശ്യപ്പെട്ടു.

മൃതദേഹം ഏറ്റുവാങ്ങി നാട്ടിലെത്തിക്കുന്നതിന് പവര്‍ ഓഫ് അറ്റോണിയും കൈമാറി. തുടര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങാന്‍ നടത്തിയ ശ്രമത്തിനിടെയാണ് മരിച്ചത് മറ്റൊരു സുഭാഷ് ആണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്നുളള അന്വേഷണത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ് രണ്ട് ശസ്ത്രകൃയകള്‍ക്ക് വിധേയനായി സുഭാഷ് കിംഗ് സഊദ് മെഡിക്കല്‍ സിറ്റിയിലുണ്ടെന്ന് കണ്ടെത്തി.

എട്ടു മാസം നീണ്ട വിദഗ്ദ ചികിത്സക്ക് നാലര ലക്ഷം റിയാല്‍ ചെലവായി. ഇതോടെ കരുനാഗപ്പളളി കൂട്ടായ്മ ‘മൈത്രി’യും ഇന്ത്യന്‍ എംബസിയും ഇടപെട്ടു ചികിത്സാ ചെലവുകള്‍ ഒഴിവാക്കിയാണ് നാട്ടിലേയ്ക്ക് മടങ്ങാന്‍ അവസരം ഒരുക്കിയത്.

ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ കൗണ്‍സിലര്‍ വൈ സാബിര്‍, ആശിക് എന്നിവരുടെ ഇടപെടല്‍ നടപടിക്രമങ്ങള്‍ എളുപ്പത്തിലാക്കി. യാത്രാ ചിലവുകളും മെഡിക്കല്‍ എസ്‌കോര്‍ട്ടിനുളള ചിലവുകളും എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നു അനുവദിച്ചു. മൈത്രി രക്ഷാധികാരി ശിഹാബ് കൊട്ടുകാടിന് പുറമെ പ്രസിഡന്റ് റഹ്മാന്‍ മുനമ്പത്ത്, ജീവകാരുണ്യ കണ്‍വീനര്‍ മജീദ് മൈത്രി, ഷംനാദ് കരുനാഗപ്പള്ളി, നിസര്‍ പള്ളിക്കശ്ശേരില്‍, സാദിഖ്, നസീര്‍ ഖാന്‍, അസിസ്റ്റന്റ് ഹെഡ് നഴ്‌സ് മ്യദുല വിനീഷ്, മാത്യു തോമസ് എന്നിവര്‍ സഹായവുമായി രംഗത്തുണ്ടായിരുന്നു. നാട്ടിലേക്ക് തിരിച്ച സുഭാഷിനോടോപ്പം സുഹ്യത്ത് രാജു അനുഗമിച്ചു. കൊല്ലത്തു വിദഗ്ദ ചികിത്സ തുടരുമെന്നു മൈത്രി കൂട്ടായ്മ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top