കേരളാ ബിസിനസ് ഫോറം മുഖാമുഖം
റിയാദ്: ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന റിയാദിലെ മലയാളി കൂട്ടായ്മ കേരളാ ബിസിനസ് ഫോറം (കെ ബി എഫ്) എംപിമാരുമായി മുഖാമുഖം സംഘടിപ്പിച്ചു. പരിപാടിയില്‍ മുസ്ലിം ലീഗ് നേതാക്കളും പങ്കെടുത്തു. റൊട്ടാണ സെന്‍ട്രല്‍ ഹോട്ടലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കെ.ബി.എഫ് ചെയര്‍മാന്‍ സഹീര്‍ തിരൂര്‍ അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എല്ലാ രാജ്യങ്ങളും സാമ്പത്തിക മാന്ദ്യം നേരിടുന്നുണ്ട്. ബിസിനസ് തകര്‍ച്ചക്ക് തീര്‍ച്ചയായും വളര്‍ച്ചയും ഉണ്ടാകും. സൗദി അറേബ്യയിലെ പ്രവാസി സമൂഹത്തിന് നല്ല ദിനങ്ങളാണ് വരാനിരിക്കുന്നതെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു.
ലോകത്തിന്റെ ചില ഭാഗങ്ങളില്‍ ബിസിനസ് അവസരങ്ങള്‍ ഇല്ലാതാവുമ്പോള്‍ മറ്റിട ങ്ങളില്‍ അവസരങ്ങള്‍ വര്‍ധിച്ചുവരും. അത് കണ്ടെത്തി ബുദ്ധിപൂര്‍വം പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്നു മുഖ്യ പ്രഭാഷണം നടത്തിയ പി.കെ കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു. ഐ ടി രംഗത്തും പ്രൊഫഷണല്‍ മേഖലയിലും പ്രവാസി ബിസിനസുകാര്‍ ഒത്തൊരുമിച്ചുള്ള മുന്നേറ്റമുണ്ടാക്കണം. ബിസിനസ് കൂട്ടായ്മയിലൂടെ വലിയ വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗള്‍ഫിലെ ബിസിനസ് അനുഭവങ്ങള്‍ പി.വി വഹാബ് എം.പി പങ്കുവെച്ചു. വിദേശ രാജ്യങ്ങളില്‍ നിക്ഷേപം നടത്തുന്നതിനേക്കാള്‍ ആത്മ സംതൃപ്തി നല്‍കുന്നത് സ്വന്തം നാട്ടില്‍ നിക്ഷേപം നടത്തുന്നതിലാണ്. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നതോടൊപ്പം സമൂഹത്തിലെ അശരണര്‍ക്കു പിന്തുണ നല്‍കുന്നതിനും ബിസിനസ് സമൂഹം മുന്നോട്ട് വരണമെന്ന് കെ.പി.എ മജീദ് അഭിപ്രായപ്പെട്ടു.
കെ.എം.സി.സി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി ആശംസകള്‍ നേര്‍ന്നു. ജനറല്‍ കണ്‍വീനര്‍ മിര്‍ഷാദ് ബക്കര്‍ സ്വാഗതവും ട്രഷറര്‍ അലവിക്കുട്ടി ഒളവട്ടൂര്‍ നന്ദിയും പറഞ്ഞു. ചീഫ് കോഓര്‍ഡിനേറ്റര്‍ ഫൈസല്‍ ബിന്‍ അഹമ്മദ്, മുനീബ് പാഴൂര്‍, ശറഫു പുളിക്കല്‍, വിഎം അശ്‌റഫ്, സലീം കടക്കല്‍, നാസര്‍ നെസ്‌റ്റോ, അറ്റ്‌ലസ് മൊയ്തു, ശഫീഖ് കിനാലൂര്‍, ഇബ്രാഹീം സുബ്ഹാന്‍, ശംനാദ് കരുനാഗപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.