സൗദിയില്‍ റെയ്ഡ്: 16,000 നിയമ ലംഘകര്‍ പിടിയില്‍

റിയാദ്: സൗദി അറേബ്യയില്‍ റമദാനില്‍ നടന്ന റെയ്ഡുകളില്‍ 16,407 നിയമ ലംഘകരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന 10,809 വിദേശികളെ മാതൃരാജ്യങ്ങളിലേക്ക് മടക്കി അയച്ചതായും മന്ത്രാലയം വ്യക്തമാക്കി.

മാര്‍ച്ച് 23 മുതല്‍ 29 വരെ രാജ്യത്തെ വിവിധ പ്രവിശ്യകളിലാണ് റെയ്ഡ് നടന്നത്. അറസ്റ്റിലായ 16,407 പേരില്‍ 9,609 പേര്‍ താമസാനുമതി രേഖയായ ഇഖാമ നിയമ ലംഘകരാണ്. 2,237 പേര്‍ തൊഴില്‍ നിയമം ലംഘിച്ചവരും 4,561 പേര്‍ അയല്‍ രാജ്യങ്ങളില്‍ നിന്ന് നുഴഞ്ഞു കയറിയവരുമാണ്. അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 64 പേരെ അതിര്‍ത്തി സുരക്ഷാ സേനയും പിടികൂടി.

നിയമ ലംഘകര്‍ക്ക് താമസം, യാത്ര, ജോലി എന്നിവ നല്‍കിയ അഞ്ച് പേരും അറസ്റ്റിലായി. രാജ്യത്തെ 13 നാടുകടത്തല്‍ കേന്ദ്രങ്ങളിലായി 14,327 നിയമ ലംഘകരെ മാതൃരാജ്യങ്ങളിലേക്ക് മടക്കി അയക്കുന്നതിന് നിയമ നടപടി തുടരുകയാണ്. ഇതില്‍ 1773 പേര്‍ വനിതകളാണെന്നും മന്ത്രാലയം അറിയിച്ചു.

Leave a Reply